
അനിരുദ്ധ് കുതിക്കുന്നു, ഏഷ്യൻ ചാംപ്യൻഷിപ്പിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തിന്റെ കരുത്തിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ കുതിക്കാനൊരുങ്ങുകയാണു കുഴൽമന്ദം കുട്ടൻകണ്ടത്ത് കളം വീട്ടിൽ വി.അനിരുദ്ധൻ. ഡിസംബറിൽ മൈസൂരുവിൽ നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഇൻ ലൈൻ സ്പീഡ് വിഭാഗത്തിൽ കേരളത്തിലെ ആദ്യ സ്വർണ നേട്ടമാണ് അനിരുദ്ധൻ കൈവരിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് 9 ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. പങ്കെടുത്ത മത്സരങ്ങളിലെല്ലാം സ്വർണവും നേടിയിരുന്നു. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ്. അഞ്ചു വയസ്സ് മുതൽ പരിശീലനം ആരംഭിച്ച അനിരുദ്ധൻ 11 വർഷമായി അതു മുടങ്ങാതെ തുടരുന്നുണ്ട്.
കേരളത്തിൽ പരിശീലനത്തിനായി ട്രാക്ക് ഇല്ലാത്തതിനാൽ എട്ടു വർഷത്തോളം ദിവസവും കോയമ്പത്തൂരിൽ പോയി അവിടെയുള്ള സിന്തറ്റിക് ട്രാക്കിലാണു പരിശീലനം നടത്തിയിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഒരു കൂട്ടം രക്ഷിതാക്കൾ ചേർന്നു കണ്ണാടി തരുവക്കുറുശിയിൽ ഒരു ഏക്കർ സ്ഥലത്തു ലക്ഷങ്ങൾ ചെലവിട്ട് യശ്വന്ത്സ് അക്കാദമി ഓഫ് റോളർ സ്കേറ്റിങ് (വൈഎആർഎസ്) എന്ന പേരിൽ ട്രാക്ക് നിർമിച്ചു. നിലവിൽ ഇവിടെയാണു പരിശീലനം നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെ കുട്ടികൾ ഇവിടെ പരിശീലിക്കുന്നുണ്ട്.
സൗത്ത് കൊറിയയിൽ ജൂലൈയിൽ നടക്കുന്ന ഏഷ്യൻ ചാംപ്യൻഷിപ്പിനായുള്ള കഠിന പരിശീലനത്തിലാണു നിലവിൽ അനിരുദ്ധൻ. ഇതിനു മുന്നോടിയായി മൊഹാലിയിൽ മേയ് 5 മുതൽ 15 വരെയും ജൂൺ 1 മുതൽ 11 വരെയും ജൂലൈ 5 മുതൽ 15 വരെയുമായി നടക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാംപിലും പങ്കെടുക്കും. കൂടാതെ സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിലും അനിരുദ്ധൻ മാറ്റുരയ്ക്കും. റോളർ സ്കേറ്റിങ് ഷൂ സെറ്റിന് രണ്ടു ലക്ഷം രൂപയാണു ചെലവ്.
ഇന്ത്യൻ ടീമിലേക്കു നടക്കുന്ന ട്രയൽസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും ഉൾപ്പെടെ പങ്കെടുക്കാൻ 20 ലക്ഷത്തോളം രൂപ ആകെ ചെലവു വരും. സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു പിന്തുണയും ഈ കായിക ഇനത്തിനു ലഭിക്കുന്നില്ല. സ്പോൺസർമാർ ഇല്ലാത്തതു കാരണം വൻ തുക ചെലവഴിച്ചു ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ സാധാരണക്കാരായ താരങ്ങൾ ബുദ്ധിമുട്ടുകയാണ്.ജില്ലാ കോടതിയിലെ അഭിഭാഷകരായ അച്ഛൻ എസ്.വിനോദും അമ്മ എം.ദീപയും നൽകുന്ന പൂർണ പിന്തുണയാണ് അനിരുദ്ധിന്റെ കരുത്ത്.