
വാഹനങ്ങൾ തമ്മിൽ തട്ടി; വിദ്യാർഥിക്കു ക്രൂരമർദനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരഞ്ഞിക്കൽ ∙ദേശീയപാതയിൽ വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ ചൊല്ലി വിദ്യാർഥിക്കു ക്രൂരമർദനം. എരഞ്ഞിക്കൽ കോയക്കനാരി ക്ഷേത്രത്തിനു സമീപമാണു കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നു വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.വിദ്യാർഥിയെ മർദിച്ച ചെറുവണ്ണൂർ വൈശ്യവത്തിൽ അരുൺ കൃഷ്ണകുമാറി (39)നെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിനും മുഖത്തും ഗുരുതരമായി പരുക്കേറ്റ നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയും എരഞ്ഞിക്കൽ കൃഷ്ണങ്കണ്ടി സുനിലിന്റെ മകനുമായ നിതിനെ (21) കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നിതിൻ അച്ഛനും സഹോദരനും ഒപ്പം കാറിൽ ദേശീയപാതയിൽ അമ്പലപ്പടിയിൽ നിന്നു മാങ്കാവിലേക്കു സഞ്ചരിക്കുമ്പോൾ സർവീസ് റോഡിൽ വച്ച് എതിർ ദിശയിൽ വന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് പ്രതി നിതിനെ ക്രൂരമായി മർദിച്ചത്.നിലത്തുവീണ വിദ്യാർഥിയുടെ മുഖം റോഡിൽ ഉരയ്ക്കുകയും കല്ലുകൊണ്ടു കുത്തുകയും ചെയ്തു. മർദനം തടയാൻ ശ്രമിച്ച അച്ഛനെയും സഹോദരനെയും മർദിച്ചു. സഹോദരന് ശരീരത്തിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ വീണു കാലിനു പരുക്കേറ്റിട്ടുമുണ്ട്. നിതിൻ നൽകിയ പരാതിയെ തുടർന്ന് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ എലത്തൂർ എസ്ഐ ടി.വി.ഹരീഷ്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നല്ലളം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയാണ് അരുൺ.