പഹൽഗാം ഭീകരാക്രമണം: മലയാളി യാത്രാസംഘം വഴിക്കുവച്ചു മടങ്ങി; രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടെന്ന് ഹരിദാസ്
പാലക്കാട് ∙ കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ തീവ്രതയും ഭീകരതയും നിറഞ്ഞ കാഴ്ചകളുടെ ഞെട്ടലിലാണ് പാലക്കാട് സീനിയർ അഭിഭാഷകനും മുൻ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന സി.ജി.ഹരിദാസ് ഇപ്പോഴുമുള്ളത്. ഭാഗ്യം കൊണ്ടു മാത്രമാണ് താനും കുടുംബവും അടങ്ങുന്ന 29 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം രക്ഷപ്പെട്ടതെന്നു ഹരിദാസ് പറയുന്നു.
ആക്രമണം നടന്ന പഹൽഗാമിലേക്കുള്ള യാത്രാമധ്യേ 10 കിലോമീറ്റർ അകലെ ചന്ദൻവാലിയിൽ വച്ചാണ് സംഘം ഭീകരാക്രമണ നടന്ന വിവരം അറിഞ്ഞത്. അവിടെ വെടിവയ്പു നടക്കുകയാണെന്നും ഉടൻ വാഹനം തിരിച്ചു പോകണമെന്നും ഹരിദാസിനോടും സംഘത്തോടും സൈനികർ ആവശ്യപ്പെട്ടു.
READ ALSO
മൂന്ന് ദിവസം മുൻപ് പോയ സ്ഥലത്ത് 26 പേർ മരിച്ചെന്ന് വാർത്ത: നടുക്കം വിട്ടുമാറാതെ തിരിച്ചെത്തിയവർ
Kozhikode News
മടങ്ങുന്ന വഴിക്കെല്ലാം രക്തത്തിൽ കുളിച്ച് ആളുകളുമായി ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായിരുന്നു.
ട്രാവലറിൽ മിന്നൽ വേഗത്തിൽ ഇവർ തിരിച്ച് ബേസ് ക്യാംപിലെത്തി. ശ്രീനഗർ വസീർബാഗിലെ എൻകോ റിസോർട്ടിലാണ് ഇവർ ഇപ്പോഴുള്ളത്.
കൊച്ചിയിലെ ട്രാവൽ ഏജൻസി മുഖേന 19നു വൈകിട്ടോടെയാണ് കശ്മീരിലെത്തിയത്. 21നു രാവിലെയാണ് പഹൽഗാമിലേക്കു പോകേണ്ടിയിരുന്നത്.
അവിടെ മണ്ണിടിച്ചിലായതിനാലാണ് യാത്ര ഇന്നലത്തേക്കു മാറ്റിയത്. പാലക്കാട് ജില്ലാ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയാണ് സി.ജെ.ഹരിദാസ്. 19നു നെടുമ്പാശ്ശേരിയിൽ നിന്നു ഡൽഹിയിലേക്കും അവിടെ നിന്നു ശ്രീനഗറിലേക്കുമായിരുന്നു യാത്ര.
ഹരിദാസിനൊപ്പം കഞ്ചിക്കോട് ഗവ.വിഎച്ച്എസ്എസിലെ അധ്യാപിക കൂടിയായ ഭാര്യ അനിത പി.ബോസും മകൾ കൃഷ്ണയുമുണ്ട്. ഇന്നു രാവിലെ പത്തരയോടെ തിരിച്ചു മടങ്ങാനാകുമെന്നാണ് ടൂർ ഏജൻസി നൽകിയ വിവരമെന്നും ഹരിദാസ് പറഞ്ഞു.
ജിഞ്ചു ജോസിന്റെ വാക്കുകളിൽ നടുക്കം
കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ബേസ് ക്യാംപിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നെങ്കിലും അപകടത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളുടെ നടുക്കം സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗമായ ജിഞ്ചു ജോസിന്റെ വാക്കുകളിൽ നിറഞ്ഞു. പാലക്കാട്ടുനിന്ന് കശ്മീരിലേക്ക് വിനോദയാത്ര പോയ 27 അംഗ അഭിഭാഷകരുടെ സംഘത്തിൽ ജിഞ്ചുവുമുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് സംഘം ശ്രീനഗറിൽ എത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു 12നു പഹൽഗാമിലെ ബേസ് ക്യാംപിൽ എത്തിയ സംഘം ആക്രമണം നടന്ന കശ്മീർ വാലിയിലേക്ക് പോകുന്നതിനു മുൻപായി 8 കിലോമീറ്റർ അകലെ ഭക്ഷണം കഴിക്കാൻ നിർത്തി.
ഭക്ഷണ ശേഷം ഉച്ചയ്ക്കു 2നു കശ്മീർ വാലിയിലേക്ക് പോകാൻ കുതിരപ്പുറത്ത് കയറുമ്പോഴാണ് ഭീകരാക്രമണം നടന്ന വിവരം അറിഞ്ഞത്. ഭക്ഷണം കഴിക്കാൻ പോയതുകൊണ്ട് മാത്രമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതെന്ന് ജിഞ്ചു ജോസ് പറഞ്ഞു. ചെറിയ ഒരു വെടിവയ്പുണ്ടായി എന്നാണ് കുതിര സവാരി നടത്തുന്നവർ ആദ്യം പറഞ്ഞത്.
ധാരാളം ആളുകൾ ബേസ് ക്യാംപിൽ ഉണ്ടായിരുന്നു.
ആക്രമണമുണ്ടായ ഉടൻ പഹൽഗാമിൽ നിന്ന് സൈന്യം സഞ്ചാരികളെയെല്ലാം ഒഴിപ്പിച്ചു. നിമിഷനേരം കൊണ്ട് കടകളെല്ലാം അടപ്പിച്ച് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
പിന്നീട് വിനോദ യാത്രാ സംഘത്തെ ശ്രീനഗറിലെ ഹോട്ടലിലേക്കു മാറ്റി. അടുത്ത ദിവസം തന്നെ മടക്കയാത്ര നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ജിഞ്ചു ജോസ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]