
ദില്ലി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ (എൽഇടി) യുടെ നിഴൽ ഗ്രൂപ്പെന്നാണ് റിപ്പോർട്ട്. ടിആർഎഫ് അംഗങ്ങൾ ജമ്മുവിലെ കിഷ്ത്വാറിൽ നിന്ന് കടന്ന് ദക്ഷിണ കശ്മീരിലെ കൊക്കർനാഗ് വഴി ബൈസരനിൽ എത്തിയിരിക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) 2023 ലെ വിജ്ഞാപനം അനുസരിച്ച്, ആർട്ടിക്കിൾ 370 റദ്ദാക്കൽ, 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ എന്നീ നടപടികൾക്ക് ശേഷമാണ് ഈ സംഘടന രൂപം കൊണ്ടത്. എൽഇടി, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്നവി ഹിന്ദ് എന്നിവയുൾപ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഇതിന്റെ നേതൃത്വത്തിൽ സാജിദ് ജാട്ട്, സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്നിവരാണ് പ്രധാനികൾ. ഇവരെല്ലാം ലഷ്കറുമായി ബന്ധമുള്ളവരാണ്.
ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കൽ, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. ടെലിഗ്രാം, വാട്ട്സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക്, ടാംടാം, ചിർപ്വയർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മേഖലയില് റാഡിക്കലൈസേഷനും റിക്രൂട്ട്മെന്റും നടത്തുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (എഫ്എടിഎഫ്) കീഴിലുള്ള പരിശോധന ഒഴിവാക്കാൻ പാകിസ്ഥാൻ ശ്രമിച്ച സമയത്താണ് ടിആർഎഫിനെ രൂപീകരിച്ചതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ പറഞ്ഞു. അതുകൊണ്ടാണ് പൊതുവെ പാക് ഭീകരസംഘടനകൾ സ്വീകരിക്കുന്ന പേരിൽ നിന്ന് വേറിട്ട പേര് തെരഞ്ഞെടുത്തത്. ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും മതപരമായ അർത്ഥങ്ങളുണ്ടായിരുന്നു. കശ്മീർ തീവ്രവാദത്തെ തദ്ദേശീയമായി കാണാനാണ് പാകിസ്ഥാൻ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ആഗോള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്ന ‘പ്രതിരോധം’ എന്ന പേര് അവർ തിരഞ്ഞെടുത്തുവെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2020-ൽ ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങി. ഇത് 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം 2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ടിആർഎഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]