
ചുങ്കത്തെ പൊലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റാൻ നടപടിയില്ല; ആൾത്താമസമില്ലാതായിട്ട് കാൽനൂറ്റാണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫറോക്ക് ∙ ആൾ താമസം ഇല്ലാതായിട്ട് കാൽനൂറ്റാണ്ടു പിന്നിട്ടെങ്കിലും ചുങ്കത്തെ പഴയ പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഇതുവരെ നടപടിയില്ല. ഉപയോഗരഹിതമായി കിടക്കുന്ന കെട്ടിടങ്ങൾ തെരുവുനായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയതോടെ ആശങ്കയോടെയാണ് പൊലീസ് കുടുംബങ്ങൾ കഴിയുന്നത്. 1.45 ഏക്കർ ഭൂമിയുള്ള ക്വാർട്ടേഴ്സ് വളപ്പിൽ 16 ഓടിട്ട കെട്ടിടങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ഒരെണ്ണത്തിൽ പോലും ആൾപാർപ്പില്ല. കാലപ്പഴക്കത്താൽ മിക്ക ക്വാർട്ടേഴ്സുകളുടെയും മേൽക്കൂര തകർന്നു. ഓടുകൾ പൊട്ടി വീണ ചില കെട്ടിടങ്ങൾ തകർച്ചയുടെ വക്കിലാണ്. പരിസരത്ത് പാഴ്മരങ്ങൾ വളർന്നു പന്തലിച്ച് മറ്റു കെട്ടിടങ്ങൾക്കു മേൽ പതിക്കുമെന്ന സ്ഥിതിയാണ്.
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകളുടെ ചുറ്റുപാടും കാടുകയറി. ആളനക്കം ഇല്ലാത്തതിനാൽ തെരുവുനായ്ക്കൾക്ക് സുഖവാസമാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ആർക്കും എപ്പോഴും ഇവിടെ കയറാം.സ്വന്തം കുടുംബങ്ങൾക്ക് സുരക്ഷിതത്വം ഇല്ലാത്തതിന്റെ ഗതികേടിലാണ് ഇവിടത്തെ പൊലീസുകാർ. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെങ്കിൽ മരാമത്ത് കെട്ടിട വിഭാഗത്തിൽ നിന്നുള്ള അനുമതി കിട്ടണം. വർഷങ്ങളായി ഇതിനു കത്തിടപാടുകൾ നടത്തി കാത്തിരിക്കുകയാണ് പൊലീസ്.
നഗര പരിധിയിലെ പൊലീസുകാർക്ക് താമസിക്കാൻ 41 വർഷം മുൻപാണ് ചുങ്കത്ത് ക്വാർട്ടേഴ്സുകൾ പണിതത്. കാലപ്പഴക്കത്താൽ ഇവ താമസ യോഗ്യമല്ലാതായതോടെ 2010ൽ തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെയാണു ഫ്ലാറ്റ് പണിതത്. ഇതിനാൽ തീരെ സ്ഥലസൗകര്യം ഇല്ല.ഫ്ലാറ്റിൽ പൊലീസുകാരുടെ വാഹനങ്ങൾ നിർത്താനും കുട്ടികൾക്കു കളിക്കാനും ഇടമില്ല. ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നു. ആകെ 32 ക്വാർട്ടേഴ്സുകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ 5 എസ്ഐമാരുടെ ഉൾപ്പെടെ 20 കുടുംബങ്ങളാണ് നിലവിലുള്ളത്. ബാക്കി ഒഴിഞ്ഞു കിടക്കുകയാണ്.
15 വർഷം മുൻപ് ഒരു കോടിയിലേറെ രൂപ മുടക്കി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥിതിയും ശോചനീയമാണ്. ചില ക്വാർട്ടേഴ്സിന്റെ വാതിൽ കട്ടിളകൾ ഇളകി നശിച്ചു. നിർമാണത്തിലെ അശാസ്ത്രീയത കാരണം മേൽക്കൂരയിലെ സിമന്റ് തേപ്പ് അടർന്നു വീഴുന്ന സ്ഥിതിയുണ്ട്. തിരിഞ്ഞു നോക്കാൻ ആളില്ലാത്ത ഫ്ലാറ്റിന്റെ ചുമരിലും ജനലഴികളിലും കാടു പടർന്നു.കുറ്റിച്ചെടികൾ വളർന്നു പന്തലിച്ച പരിസരം വൃത്തിഹീനമാണ്. ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാൽ ഫ്ലാറ്റിലെ താമസക്കാരുടെ ഭീതി അകറ്റാനാകുമെന്ന് മാത്രമല്ല വിശാലമായ മുറ്റവും കളിസ്ഥലവും ഒരുക്കാനാകുമെങ്കിലും ഇതിനുള്ള നടപടികൾ മാത്രമുണ്ടാകുന്നില്ല.