
നാശം വിതച്ച് മഴ: കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. പാലസ് റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ശക്തമായ കാറ്റിൽ റോഡിലേക്കു മറിഞ്ഞുവീണു. ഇവിടെ മരം വൈദ്യുതക്കമ്പിക്കു മീതെ പൊട്ടിവീണ് വൈദ്യുതി തടസ്സവും ഉണ്ടായി. ഗതാഗതവും തടസ്സപ്പെട്ടു. 5 മരങ്ങൾ റോഡിലേക്ക് വീണു. 10 ഇരുചക്ര വാഹനങ്ങൾ തകർന്നു. സാഹിത്യ അക്കാദമിക്ക് സമീപം മരം വീണ് ഏതാനും ഇരുചക്രവാഹനങ്ങൾ അടിയിൽപെട്ടു.
മിഷൻ ക്വാർട്ടേഴ്സ് പൗരസമിതി ജംക്ഷനിൽ കൂറ്റൻ മരം വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. ബിനി ടൂറിസ്റ്റ് ഹോമിനു സമീപം കൂറ്റൻ മരക്കൊമ്പ് വീണത് സ്വരാജ് റൗണ്ടിൽ ഗതാഗതം മുടക്കി. കിഴക്കുംപാട്ടുകരയിലും കാറ്റിൽ മരം വീണു. പോസ്റ്റ് ഓഫിസ് റോഡിൽ കോർപറേഷൻ കെട്ടിടത്തിനു മുകളിലെ ഷീറ്റിന്റെ ഭാഗങ്ങൾ കാറ്റിൽ അടർന്നുവീണു.
നഗരത്തിൽ പലയിടത്തും കടകളിലേക്കു വെള്ളം കയറി. മാരാർ റോഡിൽ അഗ്നിരക്ഷാ സേന എത്തിയാണ് കടകളിൽ നിന്ന് വെള്ളം ഒഴിവാക്കിയത്. ഇവിടെ വൈദ്യുതിമുടക്കം രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഇരുട്ടിലായി. നായ്ക്കനാലിൽ ട്രാൻസ്ഫോമറിൽ നിന്ന് പൊട്ടലും ചീറ്റലും ഉണ്ടായത് പരിഭ്രാന്തി ഉണ്ടാക്കി. റോഡ് പൊളിച്ചിട്ടയിടങ്ങളിൽ വഴിവിളക്കുകൾ കൂടി കത്താതായത് അപകടഭീതി ഉയർത്തി. അയ്യന്തോൾ നിർമലമാതാ കോൺവന്റിന് പിറകിലും പോസ്റ്റ് ഓഫിസിന് സമീപത്തും മരംവീണു.
ഇക്കണ്ടവാരിയർ റോഡിലും പതിവുപോലെ വെള്ളം കയറി. ഇവിടെ റോഡിന്റെ ഒരു വശത്തു കൂടി വാഹനങ്ങൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി. കാനകൾ മഴയിൽ നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് വെള്ളമെത്തിയിട്ടുണ്ട്. മാലിന്യമുക്ത കോർപറേഷൻ പ്രഖ്യാപനം കഴിഞ്ഞെങ്കിലും ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കിയിട്ടില്ല എന്നതിന്റെ തെളിവായി മഴയിലെ വെള്ളക്കെട്ട്.
അടുത്തിടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയ കുറുപ്പം റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിൽ കടകളിൽ വെള്ളം കയറിയിരുന്നു. ഇത് റോഡ് നിർമാണത്തിലെ അശാസ്ത്രീയത കൊണ്ടാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇതിനിടെ, കനത്ത മഴയ്ക്കിടെ റോഡ് ടാർ ചെയ്യാനുള്ള ശ്രമം വെളിയന്നൂരിൽ നാട്ടുകാർ തടഞ്ഞു.
∙ കോൺവന്റ് റോഡിൽ സ്ഥിതി ചെയ്യുന്ന പരേതനായ കരേരക്കാട്ടിൽ വിൻസന്റിന്റെ വീടിനു മുകളിലേക്ക് വൻമരം കടപുഴകി വീണു. ഒപ്പം സൂര്യകാന്തി ഫ്ലാറ്റിലേക്കുള്ള വൈദ്യുതക്കമ്പികൾ അടക്കം വീഴുകയും വീടിന് സാരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
∙ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻ നാശനഷ്ടവും വൈദ്യുതി തടസ്സവും. രാത്രി 7നാണു ശക്തമായ കാറ്റുവീശിയത്. നൂറോളം വൈദ്യുതി പോസ്റ്റുകൾക്കു തകരാർ സംഭവിച്ചു. ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്ര വളപ്പിലും പുറത്തുമായി നിന്നിരുന്ന ആൽമരങ്ങൾ കടപുഴകി വീണു. നെല്ലങ്കര–മുക്കാട്ടുകര റോഡിൽ പലയിടങ്ങളിലായി മരങ്ങൾ വീണു. കാളത്തോട് സെന്ററിൽ കനത്ത കാറ്റിൽ വ്യാപാരസ്ഥാപനത്തിന്റെ ബോർഡ് ഇളകി ട്രാൻസ്ഫോമറിനു മുകളിൽ വീണതിനെത്തുടർന്നു ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. കൃഷ്ണാപുരത്തു കനത്ത കാറ്റിൽ ഉങ്ങ് മരം കടപുഴകി വീടിനു മുകളിൽ വീണു. ചാണാശേരി സുദേഷിന്റെ വീടിനു മുകളിലേക്കാണു മരം വീണത്.
അപകട സമയത്ത് സുദേഷിന്റെ 90 വയസ്സുകാരിയായ അമ്മ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റില്ല. കറുപ്പം വീട്ടിൽ സുലൈമാന്റെ വീടിന്റെ മുകളിൽ മേഞ്ഞ ഷീറ്റുകൾ മൊത്തമായി പറന്നുപോയി. നെല്ലങ്കരയിൽ സ്വകാര്യ പറമ്പിൽ നിന്നിരുന്ന മാവ് കടപുഴകി റോഡിന് കുറുകെ വീണതിനെത്തുടർന്നു ഗതാഗതം മുടങ്ങി. പീച്ചി കെഎഫ്ആർഐ വളപ്പിലെ മരം റോഡിലേക്കു കടപുഴകി വീണു ഗതാഗതം ഭാഗികമായി മുടങ്ങി.
പൂച്ചട്ടിയിൽ ചുഴലിക്കാറ്റ്
പൂച്ചട്ടിയിൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. പോലൂക്കരയിൽ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ മരം വീണു. വൈദ്യുതി തൂണുകളും മറിഞ്ഞ നിലയിലാണ്. ആർക്കും പരുക്കില്ല. ഇന്നലെ രാത്രി 7നാണു സംഭവം. പൂച്ചട്ടി, മൈനാർ റോഡ്, പോലൂക്കര, മൂർക്കനിക്കര, കാച്ചേരി മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. പൂച്ചട്ടി, മൂർക്കനിക്കര റോഡിൽ മരങ്ങൾ കടപുഴകി വീണതിനാൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. പോലൂക്കരയിൽ ഓടി കൊണ്ടിരുന്ന ബസിനു മുകളിലാണ് മരം കടപുഴകി വീണത്. സമീപത്തു തന്നെ വൈദ്യുതി തൂണും മറിഞ്ഞിരുന്നു.
വൈദ്യുതി ബന്ധം പെട്ടെന്ന് നിലച്ചതിനാൽ ആളപായം ഉണ്ടായില്ല. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്ന് 2 മണിക്കൂർ പ്രയത്നിച്ചാണ് റോഡുകളിലെ മരം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനായത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് നേതൃത്വം നൽകി.