
കെഎസ്ആർടിസി ബസിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: സ്ത്രീയെ കുടുക്കി കണ്ടക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ കെഎസ്ആർടിസി ബസിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള തമിഴ്നാട് സ്വദേശിനിയുടെ ശ്രമം കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞു. ജീവനക്കാർ സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശിനി ദേവിയാണ് (35) അറസ്റ്റിലായതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.കൊല്ലം കുന്നിക്കോട് സ്വദേശിനിയുടെ മകളെയാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ, തിരുവനന്തപുരത്ത് നിന്നു തൃശൂരിലേക്ക് വന്ന ചെങ്ങന്നൂർ ഡിപ്പോയിലെ സ്വിഫ്റ്റ് ബസിലാണ് കുട്ടിക്കൊപ്പം ഇവർ അടൂരിൽനിന്നു കയറിയത്. കണ്ടക്ടർ ആറന്മുള എഴിക്കാട് സ്വദേശി ബി.അനീഷിന്റെ അടുത്തുവന്ന് കുട്ടി സംസാരിച്ചിരുന്നു. വീട് കുന്നിക്കോടാണെന്നും പറഞ്ഞു.
അതേസമയം, ടിക്കറ്റ് എടുക്കുന്നത് സംബന്ധിച്ചു ഒപ്പമുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചപ്പോൾ തമിഴിലായിരുന്നു പ്രതികരണം. 50 രൂപ നോട്ട് നൽകിയ ഇവർ തൃശൂർ ടിക്കറ്റ് ആവശ്യപ്പെട്ടു. വേറെ പണമില്ലെന്നും പറഞ്ഞു. ഇരുവരുടെയും ഭാഷയിലെ വ്യത്യാസം തിരിച്ചറിഞ്ഞ അനീഷ് സ്ത്രീയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചു. ജോലി സ്കൂളിലാണെന്ന് പറഞ്ഞെങ്കിലും ഏതു സ്കൂളാണെന്ന് പറഞ്ഞില്ല. സംശയം തോന്നിയ അനീഷ് ഡ്രൈവർ കെ.വി.സാഗറിനോട് ബസ് സ്റ്റേഷനിലെത്തിക്കാനാവശ്യപ്പെട്ടു.
എംസി റോഡിൽ പന്തളം പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ ബസെത്തിയപ്പോൾ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊല്ലം ബീച്ചിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് അവർ വെളിപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയും അമ്മയും ബീച്ചിലെത്തിയത്. അവിടെ നിന്നു തന്ത്രപൂർവം കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി തന്നെ സ്റ്റേഷനിലെത്തിയ ബന്ധുക്കൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
കാര്യമൊന്നുമറിയില്ല;സ്റ്റേഷനിൽ ഹാപ്പി
പന്തളം ∙ തട്ടിക്കൊണ്ടുപോകലിൽനിന്നു രക്ഷപ്പെട്ട് സ്റ്റേഷനിലെത്തിയ പെൺകുട്ടിക്ക് ഇന്നലെ ഉത്സവമായിരുന്നു. ഇഷ്ടഭക്ഷണം, കളിപ്പാട്ടം, പുത്തനുടുപ്പ് ഒക്കെ പൊലീസുകാരെത്തിച്ചപ്പോൾ കളിച്ചും ചിരിച്ചും അവൾ അവർക്കൊപ്പം കൂടിയത് മണിക്കൂറുകൾ. വീട് വിട്ടതിന്റെ ആശങ്കയറിയിക്കാതെ ഉദ്യോഗസ്ഥർ അവളെ ലാളിച്ചു. ചോദ്യങ്ങൾക്കെല്ലാം, അൽപം അവ്യക്തമാണെങ്കിലും തുടർച്ചയായി മറുപടി. ഉദ്യോഗസ്ഥരുടെ തോളിൽ മാറിമാറിയിരുന്നു. എസ്ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ബി.ഷൈൻ, എസ്സിപിഒ കെ.ജലജ അടക്കമുള്ളവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.