
തൊടുപുഴ നഗരത്തിൽ ബസുകൾ വട്ടം കറങ്ങുന്നു; ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ നഗരത്തെ മുഴുവൻ വലയം വയ്ക്കുന്ന രീതിയിൽ ബസുകളുടെ സഞ്ചാരം നിശ്ചയിച്ചത് ഗതാഗത കുരുക്ക് രൂക്ഷമാകാൻ ഇടയാക്കുന്നതായി പരാതി. ഒരു പതിറ്റാണ്ട് മുൻപ് തീരുമാനിച്ച റൂട്ടുകൾ നഗരത്തിൽ തിരക്ക് ഇരട്ടിയായിട്ടും പുനഃക്രമീകരിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.കെഎസ്ആർടിസി ഡിപ്പോ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയതോടെ ഈ ജംക്ഷനിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. പുറമെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു വാഹനങ്ങൾ വരുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഇലക്ട്രോണിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും അത് കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പറഞ്ഞ് സിഗ്നൽ ഒഴിവാക്കുകയായിരുന്നു.
എന്നാൽ ഇതിനു ബദൽ സംവിധാനം ഒന്നും ഒരുക്കാൻ അധികൃതർക്കായിട്ടില്ല. ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിക്കാറുണ്ടെങ്കിലും പലപ്പോഴും ഇവരുടെ കൺട്രോളിൽ പെടാതെയാണ് കാര്യങ്ങൾ. ഇത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു സമയാ സമയങ്ങളിൽ യോഗം ചേർന്ന് ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ട ഗതാഗത ഉപദേശക സമിതി ചേർന്നിട്ട് വർഷങ്ങളായി. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നുള്ള സമിതി പ്രവർത്തനരഹിതമാണ്.
ജനകീയ പൊതു നിർദേശങ്ങൾ
∙എറണാകുളം, തൃശൂർ തുടങ്ങിയ റൂട്ടുകളിലെ ദീര്ഘദൂര കെഎസ്ആർടിസി ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മണക്കാട് ബൈപാസ് വഴി കോലാനി ബൈപാസിൽ പ്രവേശിച്ച് യാത്ര തുടർന്നാൽ യാത്രക്കാർക്ക് സമയ ലാഭവും നഗരത്തിലെ ഗതാഗതക്കുരുക്കിനും ചെറിയ ആശ്വാസമാകും.
∙വിവിധ സ്ഥലങ്ങളിൽ നിന്നും ഗാന്ധി സ്ക്വയറിൽ വരുന്ന വാഹനങ്ങൾ പഴയ മത്സ്യ മാർക്കറ്റ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു വിട്ടാൽ പാലാ റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു.
∙കിഴക്കൻ മേഖലയിലേക്കുള്ള ബസുകൾ സ്റ്റാൻഡിൽ നിന്നു ഗാന്ധി സ്ക്വയറിൽ എത്തിയശേഷം ഇടുക്കി റോഡിലൂടെ പോകുന്നതിനു പകരം അമ്പലം ബൈപാസ് വഴി പഴയ വൺവേ ആയ മൗണ്ട് സീനായ് റോഡ് വഴി മങ്ങാട്ടുകവല വഴി പോകുന്നതും നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ഉപകരിക്കും.
∙കെഎസ്ആർടിസി ബസുകൾ ഡിപ്പോയുടെ മുൻ വശത്ത് ഇടുക്കി റോഡിനു പകരം പിന്നിലെ മൂപ്പിൽക്കടവ് ബൈപാസ് വഴി പുറപ്പെട്ടാൽ കവാടത്തിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാനാകും.
കിഴക്കൻ മേഖലകളിൽ നിന്നുള്ള ബസുകൾ കാഞ്ഞിരമറ്റം കവലയിൽ നിന്ന് ഡയറ്റ് വഴി മൂപ്പിൽക്കടവ് റോഡ് വഴി തിരിച്ച് വിട്ടാലും മാർക്കറ്റ് റോഡിലെ തിരക്ക് കുറയ്ക്കാനാകും.