
ദേശീയപാത –66 ; പള്ളിപ്പുറത്ത് വഴിയടച്ച് നിർമാണനീക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോത്തൻകോട് ∙ അണ്ടുർക്കോണം –പോത്തൻകോട് പ്രധാന റോഡിന്റെ തുടക്കമായ പള്ളിപ്പുറം ഭാഗം ദേശീയപാത –66 വികസനത്തിന്റെ ഭാഗമായി അടയ്ക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ പാച്ചിറയിൽ ജനകീയ കൂട്ടായ്മ ചേർന്നിരുന്നു.
അലൈൻമെന്റിൽ ഭേദഗതി വരുത്തി നേരിട്ട് റോഡിൽ പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വരുന്ന 29ന് പള്ളിപ്പുറം ജംക്ഷനിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നിലവിൽ തിരുവനന്തപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പള്ളിപ്പുറം ജംക്ഷനിൽ നിന്നും തിരിഞ്ഞ് കീഴാവൂർ വഴിയും അണ്ടൂർക്കോണം വഴിയുമാണ് പോത്തൻകോട്ടേക്ക് പോകുന്നത്.
ഇവിടം അടച്ചുകെട്ടുന്നതോടെ വാഹനങ്ങൾ വീണ്ടും മുന്നോട്ടുപോയി സിആർപിഎഫ് ജംക്ഷനിൽ എത്തി കറങ്ങി സർവീസ് റോഡിലിറങ്ങി ആറു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരും. കൂടാതെ പള്ളിപ്പുറം, പാച്ചിറ, കീഴാവൂർ, വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഒറ്റപ്പെട്ട നിലയിലാകും. പള്ളിപ്പുറം പവർഗ്രിഡ് 400 കെവി സബ്സ്റ്റേഷൻ, അണ്ടൂർക്കോണം 210 കെവി സബ് സ്റ്റേഷൻ, അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രം,ഒട്ടേറെആരാധനാലയങ്ങൾ, സ്കൂളുകൾ ഉൾപ്പെടെ അണ്ടൂർക്കോണം – പോത്തൻകോട് റോഡിനോട് ചേർന്നുണ്ട്.
നാടിന്റെ പ്രശ്നം ദേശീയപാത അതോറിറ്റിയെ അറിയിച്ചെങ്കിലും ഇതുവരെ ഭേദഗതികളുണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. സമിതി ചെയർമാനായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാറിനെയും വൈസ് ചെയർമാൻമാരായി ജി.സുരേഷ്കുമാർ, പാച്ചിറ സലാഹുദ്ദീൻ, എസ്.എ വാഹിദ്, എം. മുനീർ, എം. ജലീൽ, അഭിലാക്ഷ്, ഹസീന, റഫീക്ക്, ഷാനവാസ് എന്നിവരെയും ജനറൽ കൺവീനറായി ബി.വിജയനായരെയും കൺവീനർമാരായി വി. വിജയകുമാർ, മുബാറക്ക്, പി.എം.ഷാജി, സാബു, അണ്ടൂർക്കോണം സുൽഫി, വൈഷ്ണവ, മാഹീൻ, ഷാനിഫ, ജാബിർ എന്നിവരെയും തിരഞ്ഞെടുത്തു .