
ഹിന്ദി വേണ്ടെങ്കിൽ വേണ്ട; മലയാളവും പഠിക്കാൻ അവസരം, മലക്കം മറിഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ മറാഠി–ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ മൂന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇതിൽനിന്ന് സർക്കാർ പിൻവാങ്ങാൻ ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാദം തെറ്റാണെന്നും സംസ്ഥാനത്ത് മറാഠി മാത്രമാണ് നിർബന്ധിത ഭാഷയെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
വിദ്യാർഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷയാകണമെന്ന നിർബന്ധം പുതിയ വിദ്യാഭ്യാസ നയം (എൻഇപി) മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും മറാഠിക്ക് പുറമെ ഹിന്ദി, തമിഴ്, മലയാളം, ഗുജറാത്തി ഭാഷകളിൽ ഏതും തിരഞ്ഞെടുക്കാനുള്ള അവസരം എൻഇപി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളുകളിൽ ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് സംസ്ഥാന മറാഠി ഭാഷാ വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ മലക്കംമറിച്ചിൽ. ‘‘സംസ്ഥാനത്ത് മറാഠി പഠനം നിർബന്ധമാണ്. രണ്ടാമത് ഹിന്ദി തന്നെ പഠിക്കണം എന്നില്ല. ഹിന്ദി, തമിഴ്, മലയാളം, ഗുജറാത്തി ഭാഷകളിൽ ഏതും തീരുമാനിക്കാം. അതേസമയം, അങ്ങനെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ചുരുങ്ങിയത് 20 എങ്കിലും വേണം. എന്നാലേ പ്രത്യേകം അധ്യാപകരെ നിയമിക്കാനാകൂ. എണ്ണം തികയാതെ വന്നാൽ ഓൺലൈൻ പഠനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരും. അതുപോലെ ഹിന്ദി അധ്യാപകർ ഇവിടെ ആവശ്യത്തിന് ഉണ്ട്. മറ്റു പ്രാദേശിക ഭാഷകൾക്ക് ആവശ്യത്തിന് അധ്യാപകരെ ലഭ്യമല്ലാത്തതും പ്രശ്നമാണ്– ഫഡ്നാവിസ് പറഞ്ഞു.
സ്കൂളുകളിൽ ഹിന്ദി ഭാഷ നിർബന്ധമാക്കിയുള്ള ഉത്തരവ് ഈ മാസം 17നാണ് സർക്കാർ പുറത്തിറിക്കിയത്. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേന (ഉദ്ധവ്) തുടങ്ങി പ്രതിപക്ഷ പാർട്ടികളും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസും ഒട്ടേറെ രക്ഷിതാക്കളും ഈ നീക്കത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.