
ഓം പ്രകാശിന്റെ കൊലപാതകം: നിർണായകമായി ഭാര്യയുടെ അസ്വസ്ഥമായ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ കർണാടക മുൻ ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, മുൻ ദിവസങ്ങളിൽ ഭാര്യ പല്ലവി പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളുടെ വിവരങ്ങൾ പുറത്ത്. ഭർത്താവ് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഏതാനും മാസങ്ങളായി ഇവർ ആരോപിക്കുന്നുണ്ട്. തനിക്കും മകൾക്കും വിഷം നൽകി ശ്രമിക്കുന്നതായി പല്ലവി സന്ദേശങ്ങൾ അയച്ചിരുന്നു. വീട്ടുജോലിക്കാരും ഇത് ചെയ്യുന്നതായി അവര് ആരോപിച്ചു. തന്റെയും മകളുടെയും ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്, ഓരോ തവണ വിഷം നൽകിയപ്പോഴും നെയ്യും നാരങ്ങയുമൊക്കെ കഴിച്ചാണ് രക്ഷപ്പെടുന്നതെന്നാണ് അവർ പറഞ്ഞത്.
ഭർത്താവിന്റെ ഏജന്റുമാരുടെ നിരന്തരമായ നിരീക്ഷണത്തിൽ അവർ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണെന്നും വാട്സാപ്പ് സന്ദേശങ്ങളിലൂടെ പല്ലവി ആരോപിച്ചിരുന്നു. ഭർത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാൻ നടക്കുകയാണെന്ന് കുടുംബക്കാരോട് ഇവർ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ശാരീരിക ആക്രമണങ്ങളെ കുറിച്ചും അവർ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. തന്റെ ഭർത്താവ് ഒരു വലിയ അഴിമതി ശൃംഖലയുടെ ഭാഗമാണെന്നും അദ്ദേഹത്തെ പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) അംഗമാണെന്നാണ് പല്ലവിയുടെ മറ്റൊരു ആരോപണം. ഭർത്താവ് ഡിജിപി ആയിരുന്ന കാലത്ത് ഉദ്യോഗസ്ഥർക്കിടയിലുണ്ടായ ആത്മഹത്യകളുടെ കാര്യവും അവർ ചൂണ്ടിക്കാണിച്ചു. ഓം പ്രകാശിന്റെ പ്രവർത്തനങ്ങളെ മകൾ എതിർത്തു തുടങ്ങിയപ്പോഴാണ് മകളെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് ഇവർ പറയുന്നു. തനിക്കോ മകൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഓം പ്രകാശിനായിരിക്കുമെന്നും പല്ലവി പറഞ്ഞിരുന്നു.
ഓം പ്രകാശിനോട് മാറി താമസിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. പിന്നീട് പല്ലവി നിലവിലെ ഡിജിപിയിൽ നിന്നും താൽക്കാലിക സുരക്ഷിത താമസസ്ഥലവും തേടിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. എന്നാൽ, 12 വർഷമായി പല്ലവി സ്ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. അതിനാൽ ഇക്കാര്യങ്ങൾ പൂർണമായും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഓം പ്രകാശിന്റെ മുഖത്തു ആദ്യം മുളകുപൊടിയെറിഞ്ഞതിനു ശേഷം കത്തി ഉപയോഗിച്ചു കുത്തിയും ചില്ലു കുപ്പി ഉപയോഗിച്ചു ആക്രമിച്ചും കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പോസ്റ്റുമോർട്ടത്തിനു ശേഷം, ഇന്നു വൈകുന്നേരം തന്നെ ഔദ്യോഗിക ബഹുമതികളോടു കൂടി ബെംഗളൂരുവിലെ വിൽസണ് ഗാര്ഡൻ ഗ്രൗണ്ടിൽ ഓം പ്രകാശിന്റെ മൃതദേഹം സംസ്കരിച്ചു. മകൻ കാര്ത്തികേഷാണ് അന്ത്യകർമങ്ങൾ ചെയ്തത്.
അച്ഛൻ കൊല്ലപ്പെട്ട സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ എല്ലാം പുറത്തുവരുമെന്നതിനാൽ കൂടുതൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് സംസ്കാരത്തിന് ശേഷം കാർത്തികേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കാർത്തികേഷ് പറഞ്ഞു. ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റര് ചെയ്യുമെന്ന് കർണാടക പൊലീസും അറിയിച്ചിട്ടുണ്ട്. നിലവിൽ, ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.