
യുഎസ്–ക്യൂബ മഞ്ഞുരുക്കത്തിന്റെ മധ്യസ്ഥൻ, ഇറാഖിൽ ചരിത്ര സന്ദർശനം; സ്നേഹ നയതന്ത്രത്തിന്റെ ഫ്രാൻസിസ് പാപ്പ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെന്ന ആത്മീയ പദവി മാത്രമല്ല, വത്തിക്കാന്‍ രാജ്യത്തിന്റെ ഭരണത്തലവനെന്ന അധികാരകേന്ദ്രം കൂടിയാണ് . പ്രധാനമന്ത്രിയെന്നോ പ്രസിഡന്റെന്നോ ഉള്ള പദവിനാമങ്ങള്‍ ഇല്ലെങ്കിലും വത്തിക്കാന്റെ നയതന്ത്രവും വിദേശനയങ്ങളും തീരുമാനിക്കാന്‍ അധികാരപ്പെട്ടയാള്‍. നോ ബ്രിട്ടനോ റഷ്യയ്ക്കോ ഇന്ത്യയ്ക്കോ ഒപ്പമെന്നു പറയാനാവില്ലെങ്കിലും ആഗോളനയങ്ങളില് വത്തിക്കാനും കാര്യമായി ഇടപെട്ടിട്ടുണ്ട്.
യാഥാര്‍ഥ്യത്തിലൂന്നിയ വിദേശനയങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ വത്തിക്കാന്‍ പുലര്‍ത്തിയത്. കമ്യൂണിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടും പാശ്ചാത്യ അനുകൂല സമീപനവും പുലര്‍ത്തിയിരുന്ന ജോണ്‍ പോള്‍ രണ്ടാമനില്നിന്നു വ്യത്യസ്തമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയങ്ങള്‍. വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം അതീതനായിരുന്നില്ല. എങ്ങനെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന നയതന്ത്രജ്ഞന്? ലോകരാഷ്ട്രീയത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനമെന്തായിരുന്നു ?
യുഎസിനെയും ക്യൂബയെയും ഒന്നിപ്പിച്ച അപൂര്‍വ മധ്യസ്ഥന്‍
അഞ്ചു പതിറ്റാണ്ടോളം നീണ്ട ശത്രുതയും ഉപരോധവും മറന്ന് യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു പിന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരങ്ങളുമുണ്ടായിരുന്നു. 1959ല്‍ ഏകാധിപതി ബാറ്റിസ്റ്റയെ പുറത്താക്കിയ വിപ്ലവത്തിനു ശേഷം ക്യൂബയില്‍ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആ രാജ്യവുമായുള്ള നയതന്ത്രം ബന്ധം അവസാനിപ്പിച്ച യുഎസ് അവര്‍ക്കുമേല്‍ കടുത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് ക്യൂബയെ കടുത്ത സാമ്പത്തിക, മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും പലകുറി ക്യൂബ സന്ദര്‍ശിച്ചിരുന്നെങ്കിലും യുഎസുമായുള്ള പ്രശ്നം പരിഹരിക്കാനായിരുന്നില്ല. അതിന് യുഎസ് ഭരണകൂടം തയാറായതുമില്ല. 2009ല്‍ ബറാക് ഒബാമ പ്രസിഡന്റായ ശേഷമാണ് ക്യൂബയോടുള്ള സമീപനത്തില്‍ അയവു വരുത്താന്‍ യുഎസ് തീരുമാനിക്കുന്നത്. 2013ല്‍ നെല്‍സണ്‍ മണ്ടേലയുടെ അനുസ്മരണച്ചടങ്ങിനിടെ ഒബാമ റൗള്‍ കാസ്ട്രോയ്ക്ക് കൈകൊടുത്തതോടെ മഞ്ഞുരുക്കം തുടങ്ങി.
2013 ജൂണില്‍ കാനഡയുടെ മധ്യസ്ഥതയില്‍ യുഎസും ക്യൂബയും ചര്‍ച്ച തുടങ്ങിയിരുന്നെങ്കിലും മാര്‍പാപ്പയുടെ നിര്‍ണായകവും അപൂര്‍വവുമായ ഇടപെടലാണ് അതു വേഗത്തിലാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ ക്യൂബയും യുഎസും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടണമെന്ന് പലതവണ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനമേറ്റതിനു പിന്നാലെ, വിഷയത്തില്‍ പരിഹാരമാവശ്യപ്പെട്ട് അദ്ദേഹം ഒബാമയ്ക്കും റൗള്‍ കാസ്ട്രോയ്ക്കും കത്തയയച്ചു. ഒരു മാര്‍പാപ്പയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അത്യപൂര്‍വ നടപടി. ഇതിനു പിന്നാലെ 2014 മാര്‍ച്ചില്‍ വത്തിക്കാന്‍ സന്ദര്‍ശിച്ച ഒബാമയോട് ക്യൂബയോടുള്ള സമീപനത്തില്‍ മാറ്റം വേണമെന്ന ആവശ്യം നേരിട്ട് ഉന്നയിക്കുക കൂടി ചെയ്തു മാര്‍പാപ്പ. ഒബാമ-മാര്‍പാപ്പ കൂടിക്കാഴ്ചയ്ക്കുശേഷം, വത്തിക്കാന്റെ നയതന്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമായ ഹോളി സീയുമായി ക്യൂബ വിഷയത്തില്‍ യുഎസ് നിരന്തരം ബന്ധം പുലര്‍ത്തി. മധ്യസ്ഥതയ്ക്കായി വത്തിക്കാന്റെ ഭാഗത്തുനിന്ന് അന്നത്തെ ഹവാന ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജൈം ഒര്ട്ടെഗയെയാണ് നിയോഗിച്ചിരുന്നത്.
2014 ഒക്ടോബറില്‍ യുഎസിന്റെയും പ്രതിനിധികള്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയുടെ സാന്നിധ്യത്തിലും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 2014 ഡിസംബര്‍ 17ന് യുഎസും ക്യൂബയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവച്ചു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി 2009ല്‍ ക്യൂബ അറസ്റ്റ് ചെയ്യുകയും 15 വര്‍ഷത്തെ തടവു വിധിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്ത അലന് ഗ്രോസ് എന്ന യുഎസ് കോണ്‍ട്രാക്ടറെ മോചിപ്പിക്കാനും പകരം യുഎസിന്റെ തടവിലുള്ള മൂന്ന് ക്യൂബ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 78ാം പിറന്നാള്‍ ദിനം കൂടിയായിരുന്നു ആ ഡിസംബര്‍ 17. ‘യുദ്ധം’ അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുത്ത മാര്‍പാപ്പയോട് നന്ദി പറയാന്‍ തൊട്ടടുത്ത വര്‍ഷം റൗള്‍ കാസ്ട്രോ നേരിട്ട് വത്തിക്കാനിലെത്തിയിരുന്നു. 30 വര്‍ഷത്തിനിടെയുള്ള വത്തിക്കാന്റെ സുപ്രധാന നയതന്ത്ര വിജയമായാണ് യുഎസ്-ക്യൂബ കരാറിലെ ഇടപെടലിനെ വിലയിരുത്തുന്നത്.
ചൈനീസ് വന്‍മതിലിലും ‘നിര്‍ണായക ചലനം’
2014 ഓഗസ്റ്റില്‍ ദക്ഷിണ കൊറിയയിലേക്കു പോകുകയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പേപ്പല്‍ വിമാനത്തില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനും ചൈനീസ് ജനതയ്ക്കുമായി ഒരു ആശംസാ ടെലഗ്രാം സന്ദേശമയച്ചു. ഏതെങ്കിലും രാജ്യത്തിന്റെ ആകാശത്തിലൂടെ കടന്നുപോകുമ്പോള്‍ മാര്‍പാപ്പ ആ രാജ്യത്തെ തലവന്‍ ആശംസാസന്ദേശം അയയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ ചൈനയ്ക്ക് അയച്ച സന്ദേശം രണ്ടു കാരണങ്ങളാല്‍ വിശേഷപ്പെട്ടതായിരുന്നു. ഒന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയ്ക്ക് അയച്ച ആദ്യ സന്ദേശം. രണ്ട്, ആദ്യമായാണ് ഒരു മാര്‍പാപ്പയ്ക്കു സഞ്ചരിക്കാൻ ചൈന തങ്ങളുടെ ആകാശപ്പാത തുറന്നുകൊടുത്തത്. ക്യൂബയ്ക്കു പുറമെ, കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുമായുള്ള ബന്ധത്തിൽ നിര്‍ണായക ചലനമുണ്ടായതും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്താണ്.
ചൈനയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ ബിഷപ്പ് നിയമനമടക്കമുള്ള വിഷയങ്ങളില്‍ വത്തിക്കാനുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മതപ്രവര്‍ത്തനത്തെ എതിര്‍ക്കുന്ന ചൈന കത്തോലിക്കാ സഭയുടെ കാര്യത്തില്‍ മാര്‍പാപ്പയ്ക്കുള്ള സാര്‍വത്രിക പരമാധികാരം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ, ബിഷപ്പുമാരെ വത്തിക്കാന്‍ നിയമിക്കുക എന്ന സഭയുടെ പതിവ് ചൈന അനുവദിച്ചതുമില്ല. ബിഷപ്പുമാരെ വത്തിക്കാന്‍ നിയമിക്കുന്നത് തങ്ങളുടെ പരമാധികാരത്തിലേക്കും ആഭ്യന്തരകാര്യങ്ങളിലേക്കുമുള്ള കടന്നുകയറ്റമാകുമെന്നായിരുന്നു ചൈനീസ് വാദം. തര്‍ക്കം മൂത്തതോടെ ചൈനീസ് സര്‍ക്കാര്‍ മിഷനറിമാരെ മുഴുവന്‍ പുറത്താക്കി കത്തോലിക്കാ സഭയ്ക്ക് നിരോധനമേര്‍പ്പെടുത്തുക വരെ ചെയ്തു. കൂടാതെ ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷന് എന്ന പേരില്‍, വത്തിക്കാന്റെയും മാര്‍പാപ്പയുടെയും പരമാധികാരത്തെ അംഗീകരിക്കാത്ത ബദല്‍ സഭയ്ക്കു രൂപം നൽകുകയും ചെയ്തു. അന്നുമുതല്‍ ചൈനയില്‍ സഭ രണ്ടു വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പേട്രിയോട്ടിക് കാത്തലിക് സഭ പരസ്യമായും വത്തിക്കാനോടു കൂറു പുലര്‍ത്തുന്ന ഭൂഗര്‍ഭ സഭ (അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച്) എന്ന വിഭാഗം സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം, ചൈന തങ്ങളുടെ ഭാഗമെന്ന് അവകാശപ്പെടുന്ന തയ്വാനെ വത്തിക്കാന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അവരുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നതും ചൈനയെ ചൊടിപ്പിച്ചിരുന്നു.
ഈ വിധം കലുഷമായി മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന ചൈന-വത്തിക്കാന്‍ ബന്ധത്തില്‍ താല്‍ക്കാലികമായെങ്കിലും തെളിച്ചമുണ്ടായത് ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും 2018ല്‍ ഒപ്പുവച്ച കരാറിലൂടെയായിരുന്നു. ചൈനയില്‍ റോമന്‍ കത്തോലിക്കാ ബിഷപ്പുമാരെ നിയമിക്കുന്നതില്‍ മാര്‍പാപ്പയ്ക്കു കൂടി അവകാശം നല്‍കുന്നതായിരുന്നു കരാര്‍. ബിഷപ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരെ നിരസിക്കാന്‍ മാര്‍പാപ്പയ്ക്ക് അന്തിമാധികാരവും കരാറിലൂടെ ലഭിച്ചു. വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ചരിത്രപരമായ നടപടിയായി കരാര്‍ വിലയിരുത്തപ്പെട്ടെങ്കിലും വത്തിക്കാന്‍ കരാര്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കരാര്‍ സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോഴും ഇരു വിഭാഗങ്ങളും കരാറുമായി മുന്നോട്ടുപോകുന്നുണ്ട്.
ഇറാഖിന്റെ മുറിവുണക്കാന്‍
2021 മാര്‍ച്ചില്‍ ഇറാഖ് ചരിത്രപരമായ ഒരു സന്ദര്‍ശനത്തിനു സാക്ഷിയായി. ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ആ നാട്ടിലെത്തി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകൾക്ക് വര്‍ഷങ്ങളോളം ഇരയായ ഇറാഖില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം നൂറ്റാണ്ടിന്റെ യാത്രയെന്നു വിശേഷിപ്പിക്കപ്പെട്ടു. മാര്‍ച്ച് 5 മുതല്‍ 8 വരെ നീണ്ട യാത്രയ്ക്കിടെ ഇറാഖിലെ ഷിയാ പണ്ഡിതന് അയത്തുല്ല അലി അല്‍ സിസ്താനി, അന്നത്തെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി തുടങ്ങിയവരുമായി മാര്‍പാപ്പ ചര്‍ച്ച നടത്തി. മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും കഴിയാതെ പോയ യാത്രയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സാധ്യമാക്കിയത്. മാസങ്ങളോളം ഇറാഖുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിരുന്നു അത്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി മാര്‍ച്ച് 6 സഹനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദേശീയദിനമായി ഇറാഖ് പ്രഖ്യാപിക്കുകയും ചെയ്തു.
ഗാസയില്‍ സമാധാനത്തിനായി
2014 മേയില്‍ ബെത്ലഹേമില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അന്നത്തെ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസ്, പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവരെ മാര്‍പാപ്പ വത്തിക്കാനിലേക്കു ക്ഷണിച്ചു. ‘സമാധാനത്തിനായി എന്നോടൊപ്പം ദൈവത്തോട് പ്രാര്‍ഥിക്കാന്‍, സമാധാനത്തിന്റെ രാജകുമാരന് ജനിച്ച ഈ നാട്ടില്‍വച്ച് ഞാന്‍ നിങ്ങളെ ഇരുവരെയും വത്തിക്കാനിലേക്കു ക്ഷണിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതുപ്രകാരം പെരെസും മഹമൂദ് അബ്ബാസും ജൂണില്‍ വത്തിക്കാനിലെത്തി. മൂന്നു നേതാക്കളും അവരവരുടെ ഭാഷയില്‍, അവരവരുടെ മതാചാരപ്രകാരം സമാധാനത്തിനായി പ്രാര്‍ഥിച്ചു. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകളോ മധ്യസ്ഥങ്ങളോ ഇല്ലാതിരുന്നിട്ടും ഇസ്രയേല്‍- പലസ്തീന് വിഷയത്തില്‍ മാര്‍പാപ്പയുടെ ഈ പ്രവൃത്തി ചരിത്രത്തില്‍ ഇടം നേടി. എന്നാല്‍ പിന്നീട് ഇസ്രയേല്‍- ഗാസ വിഷയത്തിലെ മാര്‍പാപ്പയുടെ ഇടപെടല്‍ ഇസ്രയേലിന്റെ വിമര്ശനത്തിനിരയാകുന്നതാണു കണ്ടത്. പ്രത്യേകിച്ച്, 2015ല്‍ വത്തിക്കാന്‍ പലസ്തീനെ അംഗീകരിച്ചതിനുശേഷം ഇസ്രയേലും വത്തിക്കാനും തമ്മിലുള്ള വിടവ് വര്‍ധിച്ചു.
2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തെ ക്രൂരതയെന്നു മാര്‍പാപ്പ അപലപിച്ചെങ്കിലും അതിന് ഇസ്രയേല്‍ നല്കുന്ന തിരിച്ചടി ആനുപാതികമല്ലെന്ന വിമര്‍ശനം ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. 2023ല്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി മാര്‍പാപ്പ ടെലിഫോണില്‍ ഇസ്രയേല്‍-ഗാസ യുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഭീകരവാദത്തെ ഭീകരവാദം കൊണ്ടു നേരിടുന്നത് വിലക്കപ്പെട്ട പ്രവൃത്തിയാണെന്ന മാര്‍പാപ്പയുടെ വാദത്തിൽ പ്രതിഷേധമറിയിച്ച ഹെര്‍സോഗ്, തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രതിരോധം മാത്രമാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നാണു മറുപടി നല്‍കിയത്. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയിരുന്നോയെന്ന് രാജ്യാന്തര സമൂഹം പഠിക്കണമെന്ന മാര്‍പാപ്പയുടെ ആഹ്വാനവും ഇസ്രയേലിന്റെ പരാതിക്കു കാരണമായി.
യുക്രെയ്നിലെ പരാജയപ്പെട്ട മധ്യസ്ഥ ശ്രമം
റഷ്യ-യുക്രെയ്ന് യുദ്ധത്തിലും അതിവേഗം വെടിനിര്‍ത്തലുണ്ടാകണമെന്ന് മാര്‍പാപ്പ നിരന്തരം ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെയും യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെയും നേരിട്ടു കണ്ട് യുദ്ധവിരാമത്തിനു മധ്യസ്ഥനാകാനും മാര്‍പാപ്പ ആഗ്രഹിച്ചു. 2022ല്‍ റോമിലെ റഷ്യന്‍ എംബസിയില്‍ മാര്‍പാപ്പ നേരിട്ടെത്തി. വത്തിക്കാന്റെ അപൂര്‍വ നടപടിയായിരുന്നു ഇത്. തുടര്‍ന്ന് വത്തിക്കാന്റെ പ്രതിനിധികളായി കര്‍ദിനാള്‍മാരായ ക്രജേവസ്കിയെയും മൈക്കിള്‍ സെര്ണിയെയും യുക്രെയ്നിലേക്ക് അയച്ചു. 2023 മേയില്‍ കര്‍ദിനാള്‍ മാറ്റിയോ സോപ്പിയെ യുക്രെയ്ന് വിഷയത്തില്‍ പ്രത്യേക പ്രതിനിധിയായി നിയമിക്കുകയും ചെയ്തു.
എന്നാല്‍ മധ്യസ്ഥതയിലൂടെ റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുളള മാര്‍പാപ്പയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. റഷ്യ-യുക്രെയ്ന് വിഷയത്തിലെ മാര്‍പാപ്പയുടെ ചില നിലപാടുകള്‍ യുക്രെയ്ന് അനഭിമതമായിരുന്നതാണ് കാരണം. യുക്രെയ്ന് ജനതയുടെ യാതനകളെക്കുറിച്ചു സംസാരിക്കുമ്പോഴും മാര്‍പാപ്പ റഷ്യയുടെ അധിനിവേശത്തെ നേരിട്ട് വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ലെന്ന് അവര്‍ ആരോപിച്ചു. യുക്രെയ്ന്റെ നാറ്റോ സ്വപ്നമാണ് യുദ്ധത്തിനു കാരണമെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ യുക്രെയ്നൊപ്പം പാശ്ചാത്യരാജ്യങ്ങളെയും ഇക്കാര്യത്തില്‍ വത്തിക്കാന്‍ എതിരാക്കി. ഏറ്റവും ഒടുവിലായി, തോല്‍വിയുടെ വക്കില്‍ നില്ക്കുമ്പോള് റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് വെള്ളക്കൊടി കാണിക്കാനുള്ള ധൈര്യം യുക്രെയ്നുണ്ടാകണം എന്ന് ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ മാര്‍പാപ്പ നടത്തിയ പരാമര്‍ശവും യുക്രെയ്ന്റെ കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. എന്തു വന്നാലും തങ്ങള്‍ റഷ്യയ്ക്കു കീഴടങ്ങില്ലെന്നായിരുന്നു യുക്രെയ്ന്റെ മറുപടി.
മുസ്ലിം രാജ്യങ്ങളുമായി കൈകോര്‍ത്ത്
2006 മുതല്‍ സുന്നി അറബ് രാജ്യങ്ങളും വത്തിക്കാനും തമ്മില്‍ അടുപ്പം കൂട്ടാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലുണ്ടായി. ഈജിപ്തിലെ ഭീകരവാദവുമായി ബന്ധപ്പെട്ട് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വത്തിക്കാനുമായി ബന്ധം വിച്ഛേദിച്ച അല്‍ അസര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യിബുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു കഴിഞ്ഞു. 2019ല്‍ അബുദാബിയില്‍ മാര്‍പാപ്പ നടത്തിയ സന്ദര്‍ശനത്തില്‍ ഇരുവരും ഒന്നിച്ചു വേദി പങ്കിട്ടു. സമാധാനവും മതസൗഹാര്‍ദവും ഉറപ്പാക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയാനുമുള്ള കരാറില്‍ ഇരുവരും ഒപ്പുവച്ചു. ആ സൗഹൃദം കോട്ടം തട്ടാതെ മുന്നോട്ടുകൊണ്ടുപോകാനും മാര്‍പാപ്പയ്ക്കു കഴിഞ്ഞു.
2024ല്‍ ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, തിമോര്‍-ലെസ്തെ, സിംഗപ്പൂര്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മാര്‍പാപ്പ നടത്തിയ 12 ദിവസത്തെ സന്ദര്‍ശനമാണ് മറ്റൊന്ന്. ആത്മീയവും നയതന്ത്രപരവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു ഈ യാത്രയ്ക്ക്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മുസ്ലിം രാഷ്ട്രമായ ഇന്തൊനീഷ്യയില്‍ പാപ്പ നടത്തിയ സന്ദര്‍ശനമാണ് ഇതില്‍ പ്രധാനം. ഇന്തൊനീഷ്യയിലെത്തിയ മാര്‍പാപ്പ അവിടുത്തെ ഇസ്തിഖ്ലാല് മോസ്ക്കിനെയും പരിശുദ്ധ സ്വര്ഗാരോപിത മാതാവിന്റെ കത്തീഡ്രലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മതസൗഹാര്‍ദത്തിന്റെ പ്രതീകമായ സൗഹൃദ ടണലും (ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്) സന്ദര്‍ശിച്ചു. അതും ഇമാം നസറുദ്ദീന്‍ ഉമറിനൊപ്പം. തുടര്‍ന്ന് മോസ്ക്കില്‍ നടന്ന സര്‍വമത സംഗമത്തില്‍ മാര്‍പാപ്പ അധ്യക്ഷത വഹിക്കുകയുമുണ്ടായി.