
എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും വിപണി പ്രതീക്ഷ കാത്ത റിസൾട്ടുകളും, ഇൻഫോസിസിന്റെ മികച്ച ഗൈഡൻസിന്റെ പിൻബലത്തിൽ മുന്നേറിയ ഐടി സെക്ടറും ചേർന്ന് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിത്തറയിട്ടു. ബാങ്ക് നിഫ്റ്റിക്കൊപ്പം ഐടി, മെറ്റൽ, ഓട്ടോ, എനർജി സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറിയതും കുതിപ്പിന് സഹായകമായി.
നിഫ്റ്റി 24189 പോയിന്റ് വരെ മുന്നേറിയ ശേഷം 1.1% നേട്ടത്തിൽ 24,125 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 855 പോയിന്റ് മുന്നേറി 79408 പോയിന്റിലും ക്ളോസ് ചെയ്തു.
എഫ്എംസിജി സെക്ടർ മാത്രം നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി മിഡ്, സ്മോൾ ക്യാപ് സൂചികകളും ഇന്ന് 2%ൽ കൂടുതൽ നേട്ടം കുറിച്ചത് നിക്ഷേപക നേട്ടം വർദ്ധിപ്പിച്ചു. കഴിഞ്ഞ ആഴ്ചയിൽ 14000 കോടിയിൽ കൂടുതൽ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ട് വന്ന വിദേശഫണ്ടുകൾ തിരിച്ചു വരവ് തുടരുമെന്ന പ്രതീക്ഷ റീറ്റെയ്ൽ നിക്ഷേപകരുടെയും തിരിച്ചു വരവിന് വഴിവയ്ക്കും.
പുതിയ റെക്കോർഡ് ഉയരം കുറിച്ച് ബാങ്ക് നിഫ്റ്റി
എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും പുതിയ ഉയരങ്ങൾ കുറിച്ചതിന്റെ പിൻബലത്തിൽ ബാങ്ക് നിഫ്റ്റിയും ഇന്ന് റെക്കോർഡ് ഉയരം സ്വന്തമാക്കി. ആഭ്യന്തര ഘടകങ്ങളെല്ലാം അനുകൂലമായതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളുടെ മികച്ച റിസൾട്ടുകളും പുതിയ ഉയരപ്രാപ്തിക്ക് സഹായകമായി. പണപ്പെരുപ്പം ക്രമമാണെന്നതും, ആർബിഐ കൂടുതൽ ലിക്വിഡിറ്റി നടപടികളുമായി മുന്നോട്ട് പോകുന്നതും ബാങ്കിങ് ഫിനാൻഷ്യൽ മേഖലകൾക്ക് തുടർന്നും പിന്തുണ നൽകും. 55,461 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ബാങ്ക് നിഫ്റ്റി 1014 പോയിന്റുകൾ മുന്നേറി 55304 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
കുതിച്ചു കയറി ഐടി
അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഐടി ഓഹരികളാണ് വിപണിക്ക് പുതിയ ഊർജ്ജം നൽകിയത്. നാളെ റിസൾട്ട് പ്രഖ്യാപിക്കാനിരുന്ന എച്ച്സിഎൽ ടെക്ക് 3% മുന്നേറിയപ്പോൾ ഈയാഴ്ച തന്നെ റിസൾട്ട് പ്രഖ്യാപിക്കാനിരുന്ന ടെക്ക് മഹിന്ദ്ര 5%വും, സയിന്റും, എംഫസിസും 4%ൽ കൂടുതലും ഇന്ന് മുന്നേറി. അമേരിക്കൻ ടെക്ക് ഭീമന്മാരുടെ റിസൾട്ടുകൾ ഈയാഴ്ച വരാനിരിക്കുന്നതും ഐടി ഓഹരികളെ സ്വാധീനിക്കും.
ചൈനീസ് റെസിപ്രോക്കൽ
ചൈനയുടെ ചെലവിൽ അമേരിക്കൻ താരിഫ് ഇളവുകൾ നേടാൻ തുനിയുന്ന രാജ്യങ്ങൾക്ക് നേരെ ചൈനയും ഭീഷണി ഉയർത്തുന്നത് വ്യാപാര യുദ്ധത്തെ വീണ്ടും കടുപ്പിക്കും. ചൈനയുമായുള്ള വ്യാപാരം കുറയ്ക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക താരിഫ് ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. അമേരിക്കയുമായി വ്യാപാരചർച്ചയിലിരിക്കുന്ന രാജ്യങ്ങൾ ഇനി ചൈനീസ് താല്പര്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരുമെന്ന അവസ്ഥ കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കും.
വ്യാപാര യുദ്ധ സാഹചര്യത്തിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രൈം ലെൻഡിങ് നിരക്കുകളിൽ മാറ്റം വരുത്താതെ നിർത്തിയെങ്കിലും ചൈനീസ് വിപണി ഇന്ന് നേട്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഐഎംഎഫ് യോഗം ഇന്ന് മുതൽ
ഇന്ന് ആരംഭിക്കുന്ന രാജ്യാന്തര നാണ്യനിധിയുടെ യോഗവും പ്രഖ്യാപനങ്ങളും ലോക വിപണിയുടെ ഗതിയെ സ്വാധീനിക്കും. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകള് താരിഫ് യുദ്ധ വാർത്തകൾക്കും, അമേരിക്കൻ ബിഗ് ടെക്ക് റിസൾട്ടുകൾക്കുമൊപ്പം ലോക വിപണിയെ ഈയാഴ്ച മുൾമുനയിൽ നിർത്തിയേക്കും.
നാളത്തെ റിസൾട്ടുകൾ
എച്ച്സിഎൽ ടെക്ക്, ടാറ്റ കമ്മ്യൂണിക്കേഷൻ, വാരീ എനർജി, ഹാവെൽസ്, സയിന്റ് ഡിഎൽഎം, മഹിന്ദ്ര ഫിനാൻസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഹാഥ്വേ കേബിൾ, ഡെൽറ്റാ കോർപ്, വർദ്ധമാൻ സ്പെഷ്യൽ സ്റ്റീൽസ്, സമ്പന്ന ഉത്പാദൻ ഇന്ത്യ, ജെഎംജെ ഫിൻടെക്ക് മുതലായ കാമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
സുസ്ലോൺ 10% മുന്നേറി
സൺഷുവർ എനർജിയിൽ നിന്നും 100.8 മെഗാവാട്ടിന്റെ ഓർഡർ ലഭ്യമായതാണ് ഇന്ന് ഓഹരിക്ക് കുതിപ്പ് നൽകിയത്. സുസ്ലോൺ ഓഹരി 61 രൂപ വരെ മുന്നേറി.
ടാറ്റ എൽഎക്സി 9%
യൂറോപ്പിൽ നിന്നുള്ള ഓട്ടോമോട്ടീവ് കമ്പനിയുമായി 50 മില്യൺ യൂറോയുടെ കരാറൊപ്പിട്ടതിന്റെയും 75 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതിന്റെയും പിൻബലത്തിൽ ടാറ്റ എൽഎക്സി 9% നേട്ടം കുറിച്ചു.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക