
ശ്രദ്ധേയമായി സിബിസിയുടെ ‘പോഷണ്‍ കലോത്സവ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തല്‍മണ്ണ ∙ ശ്രദ്ധേയമായി, പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ (സിബിസി) പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ‘പോഷണ്‍ കലോത്സവ്’. കുറഞ്ഞ ചെലവില്‍ എങ്ങനെ പോഷക ഗുണമുള്ള ആഹാരങ്ങള്‍ പ്രയോജനപ്പെടുത്താം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നുമെല്ലാം അനൗപചാരികമായ രീതിയില്‍ കലാപരിപാടികളിലൂടെ അവതരിപ്പിക്കുന്നതായിരുന്നു പരിപാടി. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുളള അടിസ്ഥാനപരമായ അറിവുകളും നൽകി.
പോഷകാഹാര പക്ഷാചരണത്തോട് അനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ (സിബിസി) പാലക്കാട് ഫീല്‍ഡ് ഓഫിസും ഐസിഡിഎസ് പെരിന്തല്‍മണ്ണ അഡിഷനല്‍ പ്രോജക്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സിബിസിയുടെ കലാസംഘമായ ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്സ് സ്കിറ്റുകളും പാട്ടുകളും തെരുവു നാടക ശൈലിയിലുള്ള അവതരണങ്ങളുമായി പരിപാടി നയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്കുന്ന സുപോഷിത് ഗ്രാമ പഞ്ചായത്ത് അഭിയാനെ കുറിച്ചുള്ള സന്ദേശങ്ങളാണ് പരിപാടിയില്‍ മുഖ്യമായി അവതരിപ്പിച്ചത്.
മറ്റു സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സന്ദേശങ്ങള്‍ നല്കി. സിബിസി അസിസ്റ്റന്റ് ഡയറക്ടര്‍ എം.സ്മിതി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് പെരിന്തല്‍മണ്ണ അഡിഷനല്‍ സിഡിപിഒ വി.വിനോദിനി അധ്യക്ഷത വഹിച്ചു. കീഴാറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഷമീല്‍ ബാബു, സിബിസി ഉദ്യോഗസ്ഥന് എം.സുരേഷ് കുമാര്‍, പി.കെ.ലഫ്സിത്ത, എം.എല്‍.ഷഫ്ന എന്നിവർ സംസാരിച്ചു.