
ഇതൊരു ‘വൂക്കാ’ ലോകം എന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പോലും ഈ കാലഘട്ടത്തിനെ അടുത്തിടെ വിശേഷിപ്പിച്ചത്. കലങ്ങിമറിഞ്ഞു വരുന്ന ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ചു വിവരിക്കാൻ ഉതകുന്ന 4 ഇംഗ്ലിഷ് പദങ്ങളുടെ ചുരുക്കെഴുത്ത്– വൊളറ്റാലിറ്റി, അൺസേർട്ടനിറ്റി, കോംപ്ലക്സിറ്റി, ആംബിഗ്വിറ്റി എന്നിവയുടെ കോംബോ– അസ്ഥിരത, അനിശ്ചിതത്വം, അവ്യക്തത, സങ്കീർണത എന്നിവ ചേർന്ന പ്രതിസന്ധി.
ആഗോള സാമ്പത്തിക ഉൽപാദനത്തിന്റെ 25% കൈയാളുന്ന അമേരിക്കൻ ഐക്യനാടുകളിൽ സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും ഒരുമിച്ചുണ്ടാവുന്ന സാഹചര്യത്തെക്കുറിച്ചു വിദഗ്ധർ ഇതിനകം പ്രവചിച്ചു കഴിഞ്ഞു.
ആശങ്കകൾ നിറയെ
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരം തീരുവ സമീപനം അമേരിക്കക്കാർക്ക് പോലും തിരിച്ചടിയാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. അമേരിക്ക ഇറക്കുമതി ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ള ഒട്ടുമിക്ക ചരക്കുകൾക്കും വില കൂടിത്തുടങ്ങി. ഒരു ഡസൻ മുട്ടയ്ക്ക് ഇപ്പോൾ വില 6.5 ഡോളർ ആണെങ്കിൽ കഴിഞ്ഞ നവംബറിൽ ഇത് 4 ഡോളർ മാത്രമായിരുന്നു– 4 മാസം കൊണ്ട് 50 ശതമാനത്തിലധികം വിലക്കയറ്റം.
ട്രംപിന്റെ തീരുവയുദ്ധം ഇന്ത്യൻ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ, പണപ്പെരുപ്പം, വളർച്ച നിരക്ക്, തൊഴിൽ എന്നിവ ഇനി എങ്ങോട്ട് മുതലായ ചോദ്യങ്ങൾ പ്രാധാന്യമർഹിക്കുന്നു.
നടപ്പു സാമ്പത്തിക വർഷം പലിശ നിരക്കുകൾ താരതമ്യേന കുറഞ്ഞ തോതിൽ തുടരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചിട്ടുള്ളത്. റിപ്പോ നിരക്ക് അര ശതമാനം കുറച്ചു കഴിഞ്ഞു.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തിന്റെ തോതും ഇതിനകം കുത്തനെ കുറഞ്ഞിട്ടുണ്ട്. മാർച്ച് മാസത്തെ കണക്കനുസരിച്ച് പണപ്പെരുപ്പം ആറു വർഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. 3.34%.
അസന്തുലിതമായ പണപ്പെരുപ്പം
ഭക്ഷ്യ വസ്തുക്കളുടെ വില ഇടിഞ്ഞതിനെ തുടർന്നാണ് ഉപഭോക്തൃ വില സൂചിക താഴ്ന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ രാജ്യത്തെ പ്രധാന വിപണികളിൽ തക്കാളിവില കിലോഗ്രാമിന് ഒരു രൂപയായി കുറഞ്ഞിരുന്നു. സവാളയുടെ വില ക്വിന്റലിന് 800 രൂപയായി. ഒരു ക്വിന്റൽ സവാള കൃഷിചെയ്തെടുക്കാൻ വേണ്ട മുതൽമുടക്ക് ഏകദേശം 2200 രൂപയോളം വരും കർഷകന്.
പണപ്പെരുപ്പത്തിന്റെ തോത് കുറയുന്നത് പൊതുവേ നല്ലതാണെങ്കിലും കർഷകന് ന്യായവില പോലും ലഭിക്കാത്ത അവസ്ഥ ഗ്രാമീണ മേഖലയിലെ ഡിമാൻഡ് കുറയ്ക്കുമെന്നതാണു സമ്പദ്ഘടനയ്ക്ക് ഭീഷണി. അസന്തുലിതമായ പണപ്പെരുപ്പത്തിന്റെ മറുവശം.
2025-26ലും തുടർന്നും ആഗോള വളർച്ച നിരക്കും നമ്മുടെ ആഭ്യന്തര ഉൽപാദനവും മന്ദഗതിയിലാകുമെന്നത് ഏറക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. രാജ്യാന്തര കച്ചവടരംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിൽ ഈ വർഷം നമ്മുടെ കയറ്റുമതിക്കു തിരിച്ചടിയുണ്ടാവും. ട്രംപിന് പോലും നിശ്ചയമില്ലാത്ത തീരുവ/ വീസ മേഖലകളിലെ അമേരിക്കൻ നീക്കങ്ങൾ നമ്മുടെ ഐടി, സമുദ്രവിഭവങ്ങൾ, എൻജിനീയറിങ്, വജ്രോൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെ സാരമായി ബാധിച്ചേക്കാം.
ഈ സാഹചര്യത്തിൽ ആഭ്യന്തര ഡിമാൻഡ് വർധിപ്പിക്കാനുള്ള നടപടികൾക്ക് സർക്കാരും റിസർവ് ബാങ്കും കൈകോർക്കേണ്ടി വരും. കുറഞ്ഞ പലിശ നിരക്കുകൾ ഈ സമീപനത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെങ്കിലും അതിനോടൊപ്പം കേന്ദ്ര സർക്കാരിന്റെ മേഖല തിരിച്ചുള്ള ഉത്തേജന പാക്കേജുകളും വേണ്ടിവന്നേക്കും. കോവിഡിന്റെ സമയത്ത് റിപ്പോ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലവാരമായ 4 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടും ഒരു ഫിസ്കൽ പാക്കേജ് കൂടി വേണ്ടിവന്നു എന്നുള്ള പാഠം ഇപ്പോഴും പ്രസക്തം.