സ്നേഹയ്ക്ക് തോമസ് ഐസക് നൽകിയ വാഗ്ദാനം യാഥാർഥ്യമായി; ഇരുട്ടകന്നു, വിരിയും നിറയും പുഞ്ചിരിപ്പൂക്കൾ ! കുഴൽമന്ദം ∙ ‘എന്നും ഇരുട്ട് മാത്രമാവണമെന്നില്ല, നേരം പുലരുകയും സൂര്യൻ സർവതേജസ്സോടെ ഉദിക്കുകയും കനിവാർന്ന പൂക്കൾ വിരിയുകയും ചെയ്യും’– ഇത് 2021ൽ കുളവൻമുക്ക് ജിബിയുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്ന സ്നേഹ കണ്ണന്റെ കവിതയിലെ വരികളാണ്. കൊറോണയ്ക്കെതിരെയാണു സ്നേഹ കവിതയെഴുതിയതെങ്കിലും പിന്നീടത് ഒരു ഹൈസ്കൂൾ നിർമാണത്തിനും സ്നേഹ താമസിച്ചിരുന്ന ചോർന്നൊലിക്കുന്ന വീടിനുപകരം പുതിയ വീട് നിർമിച്ചുകൊടുക്കാനും ഇടയായി.
കോവിഡ് മൂലം വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതം വിവരിച്ച സ്നേഹയുടെ കവിത അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് സംസ്ഥാന ബജറ്റിന്റെ ആമുഖത്തിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് സ്നേഹയെ വിളിച്ച് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചപ്പോഴാണ്, വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന താൻ പഠിക്കുന്ന സ്കൂളിനു നല്ല കെട്ടിടം വേണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇതോടെയാണ് ഈ സ്കൂളിനു സ്വന്തമായി കെട്ടിടം പണിയാൻ ആദ്യം മൂന്നു കോടി രൂപയും പിന്നീട് നാലു കോടി രൂപയും അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹൈസ്കൂൾ വിഭാഗവും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന യുപി വിഭാഗവും ഇനി പുതിയ കെട്ടിടത്തിലേക്കു മാറും.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.യുപി സ്കൂളിനു സ്ഥലം വാങ്ങാൻ വർഷങ്ങൾക്കു മുൻപ് പിരിവു നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗജന്യമായി ഒരാൾ സ്ഥലം നൽകിയെങ്കിലും കെഎൽയുവിന്റെ പേരിൽ ആ പദ്ധതി എങ്ങുമെത്താതെ പോയി.
പിന്നീട് 2018ൽ യുഡിഎഫ് പഞ്ചായത്ത് ഭരണമസമിതിയുടെ അധ്യക്ഷൻ സി.പ്രകാശും കെ.ഡി.പ്രസേനൻ എംഎൽഎയും ഇടപെട്ട് എക്കോട് പാലംപുള്ളി രുഗ്മിമിണി അമ്മയുടെയും മക്കളുടെയും പേരിലുള്ള 1.94 ഏക്കർ സ്ഥലം സൗജന്യമായി സ്കൂളിനായി റജിസ്റ്റർ ചെയ്തു നൽകി. വെള്ളപ്പാറയിലുള്ള ഈ സ്ഥലത്താണ് കുഴൽമന്ദം ഗവ.ഹൈസ്കൂളിനു പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. മൂന്നു ബ്ലോക്കുകളിലായി 24 ക്ലാസ് മുറികളാണുള്ളത്.
നാളെ വൈകിട്ട് 4നു സ്കൂൾ കെട്ടിടം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷതവഹിക്കും.
ഗ്രൗണ്ട് നിർമാണത്തിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും, പ്രധാന കവാടത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചിതലി കല്ലേംകോണം കണ്ണൻ– ദേവി ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവളാണു സ്നേഹ.
പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഇപ്പോൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]