
‘ഭർത്താവിനെ കൊന്നു’; സുഹൃത്തിനെ വിളിച്ച് പല്ലവി, പൊലീസെത്തുമ്പോൾ വീട്ടിൽ രക്തത്തിൽ കുളിച്ച് മുൻ ഡിജിപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ മുൻ ഡിജിപി ഓം പ്രകാശ് (68) വസതിയിൽ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടർന്നെന്ന് പ്രാഥമിക നിഗമനം. വെകുന്നേരം 5 മണിയോടെ ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളിൽ വിളിച്ചു താൻ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആർ ലേഒൗട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഓംപ്രകാശ് തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് 5 ദിവസം മുൻപ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇതിൽ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ബിഹാർ ചംപാരൺ സ്വദേശിയായ ഓംപ്രകാശ് കർണാടക കേഡർ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജിയോളജിയിൽ എംഎസ്സി ബിരുദധാരിയാണ് ഓം പ്രകാശ്. ബെളളാരി ഹാരപ്പനഹള്ളിയിൽ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ശിവമൊഗ്ഗ, ഉത്തര കന്നഡ, ചിക്കമംഗളൂരു ജില്ലകളിൽ എസ്പിയായി. അഗ്നിശമന സേന ഡിഐജി, സിഐഡി വിഭാഗം ഐജി, കുറ്റാന്വേഷണ വിഭാഗം എഡിജിപി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1993ലെ ഭട്കൽ വർഗീയ ലഹള അടിച്ചമർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 2015 ഫെബ്രുവരി 28ന് ഡിജിപിയായ അദ്ദേഹം 2017ൽ വിരമിച്ചു.