
പെസഹാ വ്യാഴാഴ്ച ബാങ്കിങ് സെക്ടറിന്റെ പിൻബലത്തിൽ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി താരിഫ് നഷ്ടങ്ങൾ തിരിച്ചു പിടിച്ച് 2025ലെ ഏറ്റവും മികച്ച നിലയുടെ അടുത്തെത്തിയത് പ്രതീക്ഷയാണ്. ബാങ്കിങ് ഭീമന്മാരുടെ റിസൾട്ടുകൾ വരാനിരിക്കെ രൂപ മുന്നേറിയതിനൊപ്പം അതിമുന്നേറ്റം നടത്തി റെക്കോർഡ് നിരക്കിനടുത്തെത്തിയ ബാങ്ക് നിഫ്റ്റിയാണ് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചത്. ബാങ്ക് നിഫ്റ്റിക്കൊപ്പം ഫിൻനിഫ്റ്റിയും വ്യാഴാഴ്ച 2% മുന്നേറ്റം നടത്തി.
വ്യാഴാഴ്ച മാത്രം 1.8% മുന്നേറ്റം നേടി 23851 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റിയുടെ കഴിഞ്ഞ അഞ്ച് സെഷനുകളിലെ നേട്ടം ആറര ശതമാനത്തിൽ അധികമാണ്. ഇതേ കാലയളവിൽ ബാങ്ക് നിഫ്റ്റിയും, ഫിൻ നിഫ്റ്റിയും, മെറ്റൽ, റിയൽറ്റി സെക്ടറുകളും 8%ൽ കൂടുതൽ മുന്നേറിയപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 7.7% നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി-100, നിഫ്റ്റി നെക്സ്റ്റ്-50, കൺസ്യൂമർ, ഓട്ടോ സെക്ടറുകളുടെ കഴിഞ്ഞ ആഴ്ചയിലെ നേട്ടം 6% വീതവുമാണ്.
റിസൾട്ടുകൾക്ക് മുന്നേ വന്ന വാങ്ങലിൽ റെക്കോർഡ് ഉയരങ്ങൾ കുറിച്ച ബാങ്ക് നിഫ്റ്റിക്ക് ആക്സിസ് ബാങ്കും, കൊട്ടക് മഹിന്ദ്ര ബാങ്കും ചേർന്ന് പിന്തുണയുംനൽകി. ഇൻഡസ്ഇന്ഡ് ബാങ്ക് ക്രമക്കേടുകളെക്കുറിച്ച് പുറമെ നിന്നുള്ള ഏജൻസിയും ബാങ്ക് പറഞ്ഞതിൽ കൂടുതൽ നഷ്ടം കാണാതിരുന്നത് ഇന്ത്യൻ ബാങ്കിങ് മേഖലക്ക് ആശ്വാസമായി.
കഴിഞ്ഞ ആഴ്ചയിലെ മൂന്ന് സെഷനിലും വാങ്ങലുകാരായ വിദേശഫണ്ടുകൾ 14668 കോടി രൂപയുടെ വാങ്ങൽ നടത്തിയതും വിപണി മുന്നേറ്റത്തിന് പിന്തുണ നൽകി.
ബാങ്കിങ് റിസൾട്ടുകൾ
വിപണി പ്രതീക്ഷ കാത്ത പാദഫലം പ്രഖ്യാപിച്ച എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും മുൻ വർഷത്തിൽ നിന്നും അറ്റാദായ വർദ്ധന കുറിച്ചത് വിപണിക്ക് ആശ്വാസമാണ്. ഇരു ബാങ്കുകളും ശനിയാഴ്ച ലാഭവിഹിതവും പ്രഖ്യാപിച്ചു.
യെസ് ബാങ്കും നാലാം പാദത്തിൽ വളരെ മികച്ച റിസൾട്ട് പ്രഖ്യാപിച്ചത് ചെറുബാങ്കുകളിലും നിക്ഷേപക ശ്രദ്ധ പതിയുന്നതിനും കാരണമായേക്കം.
പ്രതീക്ഷകൾ വാനോളം
വിദേശ ഫണ്ടുകളുടെ തിരിച്ചു വരവും, മോശമല്ലാത്ത ബാങ്കിങ് റിസൾട്ടുകളും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷകളാണ്. അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന മാരുതി, ഹിന്ദ് യൂണി ലിവർ, ഹാവെൽസ്, എച്ച്സിഎൽ ടെക്ക് മുതലായ കമ്പനികളുടെ റിസൾട്ടുകൾ അതാത് സെക്ടറുകൾക്ക് മുന്നേറ്റം നൽകിയേക്കാമെന്നും വിപണി പ്രത്യാശിക്കുന്നു.
എങ്കിലും ബുൾ ട്രാപ് സാധ്യതകളും വിദേശഫണ്ടുകൾ വാങ്ങലിൽ മാറ്റം വരുത്തിയേക്കാമെന്ന സാധ്യതയും മോശം റിസൾട്ടുകൾ വന്നേക്കാവുന്നതും വിപണിയുടെ ഗതി മാറ്റിയേക്കാം.
ചൈന-അമേരിക്ക വ്യാപാരയുദ്ധം
പരമാവധി ഉയരം കൈവരിച്ചു കഴിഞ്ഞ ട്രംപിന്റെ താരിഫ് യുദ്ധം ഇനി വ്യാപാര ധാരണയിലേക്കും കരാറുകളിലേക്കും നീങ്ങുന്നത് വിപണിക്കും അനുകൂലമായിരിക്കും. പരസ്പരം തീരുവ മത്സരം നടത്തുന്ന ചൈനയും, അമേരിക്കയും ധാരണയിലെത്താനുള്ള സാധ്യതകളെക്കുറിച്ച് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചത് വിപണിയും പ്രതീക്ഷയോടെയാണ് കാണുന്നത്. തിരിച്ചടി ഭയന്ന് ചൈനീസ് നിർമിത കപ്പലുകൾക്ക് ഏർപ്പെടുത്താനിരുന്ന അധിക പോർട്ട് ഫീസ് പിൻവലിച്ചതും വ്യാപാരയുദ്ധം അയയുന്നതിന്റെ ലക്ഷണമാണ്.
ഇതിനിടയിൽ ഇന്ത്യയിൽ നിന്നുള്ള പ്രീമിയം ഉത്പന്നങ്ങളെ ചൈനീസ് കമ്പോളത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഇന്ത്യൻ വിപണി കൈവിടാതിരിക്കാന് ചൈന ശ്രമിക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ചൈനയുമായി ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യാപാരക്കമ്മി 9900 കോടി ഡോളറിന് മുകളിലാണ്.
ഓഹരികളും സെക്ടറുകളും
∙ദിവസങ്ങൾക്കുള്ളിൽ ഇലക്ട്രോണിക്സ് ഘടകനിർമാണ പ്രോത്സാഹന പദ്ധതിയുടെ അപേക്ഷ-ജാലകം തുറക്കുന്നത് ഇന്ത്യൻ ഇലക്ട്രോണിക്സ് മേഖലയുടെ വളർച്ചയുടെ തുടക്കമാകും. പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ഇലക്ട്രോ മെക്കാനിക്കൽ ഘടകങ്ങളും ക്യാമറ മൊഡ്യൂളുകളും അടക്കം ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി നടത്താനാണ് സർക്കാർ പ്രോത്സാഹനം നൽകുക. ഇലക്ട്രോണിക്സ്, ഇലക്ട്രോ മെക്കാനിക്കൽ, മെക്കാനിക്കൽ, പവർ ഇലക്ട്രോണിക്സ്, ടെലികോം നെറ്റ് വർക്ക് ഉപകരണ ഓഹരികൾ പരിഗണിക്കുക.
∙പലിശ വരുമാനം മുൻവർഷത്തിൽ നിന്നും 10% മുന്നേറി 30110 കോടി രൂപയിലെത്തിയതിന്റെ പിൻബലത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് നാലാം പാദത്തിൽ 6% നേട്ടത്തോടെ 17616 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. അറ്റാദായം 17100 കോടിക്കടുത്ത് എത്തുമെന്നായിരുന്നു വിപണി അനുമാനം. 22 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ കിട്ടാക്കട അനുപാതം മെച്ചപ്പെട്ടതും ഓഹരിക്ക് അനുകൂലമാണ്.
∙ഐസിഐസിഐ ബാങ്ക് 18% അറ്റാദായ വർദ്ധനയോടെ നാലാം പാദത്തിൽ വിപണിയുടെ കണക്ക് കൂട്ടലുകൾ മറികടന്നു. 11 രൂപ അറ്റാദായം പ്രഖ്യാപിച്ച ഐസിഐസിഐ ബാങ്കിന്റെയും കിട്ടാക്കട അനുപാതം മൂന്നാം പാദത്തിലെ 1.96%ൽ നിന്നും 1.67%ലേക്ക് കുറഞ്ഞതും അനുകൂലമാണ്.
∙യെസ് ബാങ്ക് നാലാം പാദത്തിൽ മുൻപാദത്തിൽ നിന്നും 63% വളർച്ചയോടെ 738 കോടി രൂപയുടെ അറ്റാദായം നേടിയത് ഓഹരിക്ക് അനുകൂലമാണ്. കഴിഞ്ഞ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 619 കോടി രൂപയായിരുന്നു.
∙ഇൻഫോസിസ് നാലാം പാദത്തിൽ വരുമാനവർദ്ധന കുറിച്ചെങ്കിലും അറ്റാദായത്തിൽ മുൻ വർഷത്തിൽ നിന്നും 12% വീഴ്ച നേരിട്ടു. ഇത്തവണ 7038 കോടി രൂപയുടെ അറ്റാദായം കുറിച്ച ഐടി ഭീമൻ 2024 മാർച്ച് പാദത്തിൽ മറ്റ് വരുമാന സ്രോതസുകളുടെ പിന്തുണയിൽ 7975 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻപാദത്തിൽ നിന്നും വരുമാനം കുറയുകയും, അറ്റാദായം ഉയരുകയും ചെയ്തു.
∙22 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച ഇൻഫോസിസ് ഡിജിറ്റൽ, എഐ മേഖലകളിലെ നൈപുണ്യമികവിൽ മികച്ച പ്രകടനവും പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 0-3% വരുമാനവളർച്ചയും ഇൻഫോസിസ് പ്രതീക്ഷിക്കുന്നു.
∙ജിയോ ഫിനാൻഷ്യൽ സർവീസസ് മുൻ വർഷത്തിൽ നിന്നും 2% വർദ്ധനവോടെ 316 കോടി രൂപയുടെ അറ്റാദായമാണ് നാലാം പാദത്തിൽ നേടിയത്. അതേസമയം 10053 കോടി രൂപയുടെ അആസ്തികൾ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ വരുമാനം 24% വർദ്ധന നേടി 518 കോടിയിലെത്തി.
∙വിപണി പ്രതീക്ഷകൾക്കൊപ്പമെത്തിയ റിസൾട്ട് പുറത്ത് വിട്ടെങ്കിലും അടുത്ത പാദത്തിലെ അനുമാനങ്ങൾ മോശമായത് വിപ്രോക്ക് വ്യാഴാഴ്ച 5% തിരുത്തൽ നൽകി.
∙ക്രമമായ വരുമാന വളർച്ചയുടെ പിൻബലത്തിൽ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസിയും കഴിഞ്ഞ പാദത്തിൽ മികച്ച റിസൾട്ട് പ്രഖ്യാപിച്ചത് ഓഹരിക്ക് മുന്നേറ്റം നൽകി.
∙ടാറ്റ എൽ എക്സ് സി യൂറോപ്പിൽ നിന്നുള്ള ഓട്ടോമോട്ടീവ് കമ്പനിയുമായി അൻപത് മില്യൺ യൂറോയുടെ കരാറിലൊപ്പിട്ടു. 75 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനി മുൻ വർഷത്തിനൊപ്പമെത്തിയ വരുമാനവും, അതിലും കുറഞ്ഞ അറ്റാദായവുമാണ് നാലാം പാദത്തിൽ കുറിച്ചത്.
∙കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്സ് വിവിധ മേഖലകളിലായി 250 പേറ്റന്റുകളും, 148 ഡിസൈൻ ആപ്ലിക്കേഷനുകളും സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്.
∙വാർബർഗ് പിൻകസും, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ചേർന്ന് 7500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് അനുകൂലമാണ്.
∙നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഐപിഓ അപേക്ഷയുമായി വീണ്ടും സെബിയെ സമീപിച്ചത് ബിഎസ്ഇ ഓഹരിക്കും പ്രതീക്ഷയാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, ബിർള മണി, പിറ്റി എഞ്ചിനീയറിങ്, ജിഎൻഎ ആക്സിൽ, അനന്തരാജ് ലിമിറ്റഡ്, ഇൻഡാഗ് റബർ, ശെഖാവതി ഇൻഡസ്ട്രീസ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
മാരുതി, ഹിന്ദ് യൂണി ലിവർ, നെസ്ലെ, എച്ച്സിഎൽ ടെക്ക്, ടെക്ക് മഹിന്ദ്ര, എംഫസിസ്, എൽടിഐ മൈൻഡ് ട്രീ, എൽടിടിഎസ്, സയിന്റ്, പെർസിസ്റ്റന്റ്, ഹാവെൽസ്, ഡിഎൽഎം, എസ്ബിഐ ലൈഫ്, ചോളാ ഫിനാൻസ്, എൽടി ഫിനാൻസ്, ശ്രീറാം ഫിനാൻസ്, എം&എം ഫിനാൻസ്, പൂനാവാല, ബജാജ് ഹൗസിങ് ഫിനാൻസ് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ലോകവിപണിയിൽ അടുത്ത വാരം
ബുധനാഴ്ച വരുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. സർവീസ് പിഎംഐ ഡേറ്റയും ബുധനാഴ്ച വരും.
അടുത്ത ആഴ്ചയിലും ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങൾ അമേരിക്കൻ വിപണിയെ സ്വാധീനിക്കും. ബുധനാഴ്ച ഭവനവില്പനക്കണക്കുകളും വ്യാഴാഴ്ച ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
തിങ്കളാഴ്ച യൂറോപ്യൻ വിപണികൾക്ക് ഈസ്റ്റർ അവധിയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന ഐഎംഎഫ് യോഗവും, ഐഎംഎഫ് യോഗവേദിയിൽ നിന്നുമുയരുന്ന പ്രസ്താവനകളും വ്യാപാരയുദ്ധത്തെ സ്വാധീനിക്കുമെന്നതിനാൽ ലോക വിപണിക്ക് സുപ്രധാനമായി മാറിയേക്കാം.
ഡോളർ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഒരു യുഎസ് ഡോളറിന് 85.42/- രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണം
ചൈന സ്വർണം വാങ്ങിക്കൂട്ടുന്നതും വ്യാപാരയുദ്ധം സ്വർണത്തിലേക്ക് ചേക്കേറുന്ന നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിച്ചതും സ്വർണത്തിന് പുതിയ റെക്കോർഡ് ഉയരം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണ അവധിക്ക് ഔൺസിന് 3371 ഡോളർ വരെ മുന്നേറിയ ശേഷം 3341 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് നിരക്ക് കുറച്ചേക്കില്ല എന്ന ജെറോം പവലിന്റെ സൂചനയാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്.
സമീപ ഭാവിയിൽ ഫെഡ് നിരക്ക് കുറയ്ക്കാൻ പദ്ധതിയില്ലെന്ന ജെറോം പവലിന്റെ പ്രസ്താവനയിൽ അസംതൃപ്തനായ ട്രംപ് ഫെഡ് ചെയർമാനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് കഴിഞ്ഞത് ഡോളറിനും സ്വർണത്തിനും ഓഹരി വിപണിക്കും നിർണായകമാണ്.
ക്രൂഡ് ഓയിൽ
ഇറാന്റെ എണ്ണ കയറ്റുമതിക്കെതിരെ അമേരിക്ക പുതിയ ഉപരോധവുമായി വന്നത് ക്രൂഡ് ഓയിലിന് വീണ്ടും നേട്ടവുമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 67 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അലുമിനിയം ഒഴികെയുള്ള ബേസ് മെറ്റലുകളും കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കി. നാച്ചുറൽ ഗ്യാസ് വീഴ്ച തുടരുകയാണ്.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക