
കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് വെറുതെ നാട്ടിയിരുന്ന തൂണുകളിൽ ഒന്ന്: അനാസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോന്നി ∙ഇക്കോ ടൂറിസം സെന്ററിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് വെറുതെ നാട്ടിയിരുന്ന കോൺക്രീറ്റ് തൂണുകളിൽ ഒന്ന്. ആനത്താവളത്തിന്റെ അതിരിൽ നാട്ടിയിരുന്ന നാലടിയിലധികം നീളമുള്ള കോൺക്രീറ്റ് തൂണുകൾ 10 വർഷത്തോളം മുൻപാണ് ടൂറിസം സെന്ററിലൂടെയുള്ള റോഡിന്റെ വശത്തായി സ്ഥാപിച്ചത്. ഇത് പെയിന്റ് ചെയ്ത് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നാട്ടുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത തൂണുകൾക്ക്, മഴക്കാലത്ത് വെള്ളമൊഴുകിയും മണ്ണ് ഒലിച്ചുപോയും ഉറപ്പ് നഷ്ടപ്പെട്ടാണ് മറിഞ്ഞു വീഴാൻ കാരണം. ഇതിനു മുൻപ് ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലാത്തതിനാൽ അപകട സാധ്യത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശ്രദ്ധയിൽപെട്ടിരുന്നുമില്ല. ഇത്തരത്തിലുള്ള പത്തിലധികം തൂണുകൾ റോഡരികിലായി ഇപ്പോഴുമുണ്ട്.
അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം
ആനത്താവളത്തിൽ നാലു വയസ്സുകാരൻ കോൺക്രീറ്റ് തൂൺ മറിഞ്ഞു വീണ് മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം. സംഭവം നടന്ന ദിവസം വൈകിട്ടോടെ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കോ ടൂറിസം സെന്ററിൽ പ്രതിഷേധം നടത്തി. പ്രവർത്തകർ കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ യോഗം ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
കർശന നടപടി സ്വീകരിക്കണം:ജനീഷ് കുമാർ എംഎൽഎ
കോന്നി ∙ഇക്കോ ടൂറിസം സെന്ററിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു.ഒട്ടേറെ കുട്ടികൾ എത്തുന്ന ഇവിടത്തെ അപകട സാധ്യത മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. ഇത്തരം കോൺക്രീറ്റ് വേലി ഇവിടെ ആവശ്യമില്ലായിരുന്നു. സുരക്ഷാ ചുമതലയിൽ 5 ഉദ്യോഗസ്ഥരാണുള്ളത്. ഇവരിൽനിന്ന് ഗുരുതരമായ കൃത്യവിലോപമാണ് സംഭവിച്ചിട്ടുള്ളത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും എല്ലാ സുരക്ഷ പരിശോധനയും പൂർത്തിയാക്കിയെങ്കിൽ മാത്രമേ ടൂറിസം സെന്റർ തുറക്കാൻ കഴിയുകയുള്ളൂവെന്നും എംഎൽഎ പറഞ്ഞു.
അധികൃതരുടെ അനാസ്ഥ;സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട ∙ 4 വയസ്സുകാരനായ അടൂർ സ്വദേശി അഭിരാം മരിച്ച സംഭവം വനംവകുപ്പ് അധികൃതരുടെ അനാസ്ഥ കാരണമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.ആനക്കൂടിന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും സൂക്ഷ്മമായ നിരീക്ഷണങ്ങളും അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.