
പള്ളിവാസൽ പഞ്ചായത്തിലെ ‘ടേക് എ ബ്രേക്ക് ’ മികച്ചമാതൃക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ ‘ടേക് എ ബ്രേക്ക്’ പദ്ധതി പാളുമ്പോൾ മികച്ച വരുമാനവുമായി പള്ളിവാസൽ പഞ്ചായത്തിലെ ‘ടേക്ക് എ ബ്രേക്ക്’ സ്ഥാപനങ്ങൾ മാതൃകയാകുന്നു.രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന വാച്ച് ടവർ, പിങ്ക് കഫേ, കരടിപ്പാറയിലെ വാച്ച് ടവർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എന്നിവയിൽ നിന്ന് പഞ്ചായത്തിന് മികച്ച വരുമാനമാണ് ലഭിക്കുന്നത്. പിങ്ക് കഫേ-22,500, വാച്ച് ടവർ – 30,000, കരടിപ്പാറ-70,000 രൂപ എന്നിങ്ങനെ മാസവാടക ഇനത്തിൽ പഞ്ചായത്തിന് ലഭിക്കുന്നു.
പോതമേട്ടിൽ നിർമാണം പൂർത്തിയായ കോട്ടകളുടെ മാതൃകയിലുള്ള ‘ടേക്ക് എ ബ്രേക്ക്’ മേയ് ആദ്യവാരം സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. കോട്ടപ്പാറമേട്ടിൽ പഴയ ലൈറ്റ്ഹൗസ് മാതൃകയിലുളള വാച്ച് ടവറിന്റെ നിർമാണം നടന്നു വരികയാണ്. വിനോദ സഞ്ചാരികൾ ഏറ്റവുമധികമെത്തുന്ന പള്ളിവാസൽ മേഖലയിൽ സന്ദർശകർക്ക് മികച്ച സേവനം നൽകുക, നിരവധി പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക, പഞ്ചായത്തിന്റെ തനത് വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഴയകാല തനിമ നിലനിർത്തിയുള്ള ‘ടേക്ക് എ ബ്രേക്ക്’ പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ 8 മുതൽ 13 വരെ തിരുവനന്തപുരത്തു നടന്ന വൃദ്ധി – 2025 നാഷനൽ കോൺക്ലേവിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകയിൽ ‘ടേക്ക് എ ബ്രേക്കു’കൾ നിർമിച്ച മികച്ച പഞ്ചായത്തായി പള്ളിവാസൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
‘ടേക് എ ബ്രേക്ക്’ സ്ഥാപനങ്ങൾ
∙ പിങ്ക് കഫേ, രണ്ടാം മൈൽ -കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾ കുറഞ്ഞ നിരക്കിൽ സന്ദർശകർക്ക് നൽകുന്നു.
∙ വാച്ച് ടവർ രണ്ടാം മൈൽ: ചിത്തിരപുരം, പള്ളിവാസൽ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലെ പ്രകൃതി ഭംഗിയും മറ്റു ദൃശ്യങ്ങളും കാണാൻ കഴിയും
∙ കരടിപ്പാറ ടേക്ക് എ ബ്രേക്ക്: പഴയ കാല ട്രെയിനുകളുടെ ആവി എൻജിൻ മാതൃകയിൽ നിർമിച്ചിട്ടുള്ള സംവിധാനത്തിൽ ആധുനിക രീതിയിലുള്ള ശുചിമുറികൾ, ഭക്ഷണശാലകൾ, വാച്ച് ടവർ എന്നീ സേവനങ്ങൾ ലഭ്യമാണ്.