
5 വർഷം കാത്തിരുന്നു കിട്ടിയ പൊന്നോമന: അവസാന നിമിഷം തീരുമാനിച്ച യാത്ര; തീരാ നോവായി അഭിരാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടമ്പനാട് ∙ഓൺലൈനിൽ ഓർഡർ ചെയ്ത ഇലക്ട്രിക് കാർ കളിപ്പാട്ടം കയ്യിൽകിട്ടുന്നതും കാത്ത് ഇരിപ്പായിരുന്നു അപ്പുക്കുട്ടൻ. ഒപ്പം കളിപ്പാട്ടം എന്ന് എത്തുമെന്നുള്ള ചോദ്യങ്ങളും. അച്ഛൻ അജിയാണ് ദിവസങ്ങൾക്കു മുൻപ് ഓൺലൈൻ വഴി അഭിരാമിന് ഏറെ ഇഷ്ടപ്പെട്ട കളിപ്പാട്ടം ഓർഡർ ചെയ്തത്. ഇനി കാത്തിരിപ്പിന് അർഥമില്ലെന്ന് ഉൾക്കൊള്ളാൻ അജിക്കും ഭാര്യ ശാരിക്കും കഴിയുന്നില്ല. കാറെത്തുമ്പോൾ അതിൽ കയറി കളിക്കാൻ അപ്പുക്കുട്ടനെന്ന് എല്ലാവരും വിളിക്കുന്ന അഭിരാം ഇനിയില്ല. അവന്റെ കളിയും ചിരിയുമില്ല. വീടുറങ്ങി. അഭിരാമിന്റെ മരണം ഒരു നാടിനെ തന്നെയാണ് സങ്കടത്തിലാക്കിയത്.
5 വർഷം കാത്തിരുന്നു കിട്ടിയ പൊന്നോമന
തോയിപ്പാട്ട് അഭിരാം ഭവനിൽ അജി, ശാരി ദമ്പതികൾക്ക് 5 വർഷം കാത്തിരുന്നുണ്ടായ കൺമണിയാണ് അഭിരാം. അതുകൊണ്ടുതന്നെ അഭിരാമിന്റെ എല്ലാ ആഗ്രഹങ്ങൾക്കും മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പ്രാർഥിച്ചു കിട്ടിയ കൺമണിയെ വിധി തട്ടിയെടുത്തതിന്റെ വേദന താങ്ങാനാവാതെ നിൽക്കുകയാണ് മാതാപിതാക്കൾ. മരണ വാർത്തയറിഞ്ഞ് വിദേശത്തുനിന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയ അജി അഭിരാമിന്റെ കളിപ്പാട്ടങ്ങൾ നിറഞ്ഞ മുറി തുറന്നുകണ്ടപ്പോൾ തേങ്ങലടക്കാൻ പാടുപെട്ടു. മകന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളാണ് മുറി നിറയെ. 15 ദിവസത്തെ അവധിയെടുത്ത് സഹോദരൻ അനിലിനൊപ്പം നാട്ടിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിന്നീട് വരാമെന്നു തീരുമാനിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് അജി നാട്ടിൽവന്നു മടങ്ങിയത്.
അവസാന നിമിഷം തീരുമാനിച്ച യാത്ര
വിദേശത്തുനിന്ന് വന്ന സഹോദരൻ അനിലിനൊപ്പമാണ് കുട്ടിയുൾപ്പെടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കോന്നിയിൽ ക്ഷേത്ര ദർശനത്തിനു പോയത്. തിരികെ വരുമ്പോൾ ഓട്ടോറിക്ഷയിൽ ഇരുന്ന് ബന്ധുക്കൾ ആനക്കൂടിനെക്കുറിച്ച് പറഞ്ഞപ്പോൾ കുട്ടിയാനയെ കാണാൻ അഭിരാം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഈ സമയം വിദേശത്തുനിന്ന് അജി മകനെ വിഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. യാത്രയ്ക്കിടയിൽ ഛർദിലുണ്ടായി എന്ന് കുഞ്ഞ് പറഞ്ഞപ്പോൾ ഇനി നേരെ വീട്ടിൽ പോകണമെന്നും എങ്ങും കയറേണ്ടന്നും അജി പറഞ്ഞിരുന്നെങ്കിലും കുഞ്ഞിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആനക്കൂട് സന്ദർശിച്ചത്. സന്ദർശനം കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ കോൺക്രീറ്റ് തൂണിന് സമീപത്തെത്തിയ കുട്ടി ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫോട്ടോ എടുക്കും മുൻപ് തൂണുമായി നിലത്ത് വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വീടിനു സമീപത്തെ ഗണേശ വിലാസം ഗവ.എൽപി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിയാണ് അഭിരാം.