
ദില്ലി: ആശുപത്രികളിൽ നിന്ന് വൻ തുക വില വരുന്ന ഉപകരണങ്ങൾ തെരഞ്ഞുപിടിച്ച് മോഷ്ടിച്ചിരുന്ന എഞ്ചിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ. ദില്ലി എൻസിആർ, ജയ്പൂർ, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്ന് ആശുപത്രികളിൽ മാത്രം മോഷണം നടത്തിയിരുന്ന 31കാരനാണ് അറസ്റ്റിലായത്. കൊവിഡ് കാലത്തെ ചികിത്സകൾ ചെയ്ത് വൻ കടക്കെണിയിലായതോടെയാണ് വികാസ് എന്ന എഞ്ചിനിയറിംഗ് ബിരുദധാരി ആശുപത്രികളിൽ വൈരാഗ്യ ബുദ്ധിയോടെ മോഷണം പതിവാക്കിയത്. പൂനെയിലെ മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് യുവാവ്.
2021ൽ കൊവിഡ് ബാധിതനായി ചികിത്സയ്ക്ക് വിധേയമായ സമയത്ത് ചികിത്സാ ചെലവിൽ ഇളവ് നൽകണമെന്ന ആവശ്യം ആശുപത്രി അധികൃതർ തള്ളിയിരുന്നു. ആശുപത്രി ബില്ലുകൾ അടച്ച് വൻ തുകയുടെ കടക്കെണിയിൽ യുവാവ് വീണിരുന്നു. ഇതോടെയാണ് വിവിധ ആശുപത്രികളിലെ വില കൂടിയ ഉപകരണങ്ങൾ മോഷ്ടിക്കുന്നത് ഇയാൾ പതിവാക്കിയത്.
സരിത വിഹാറിലെ അപ്പോളോ ആശുപത്രി അധികൃതരുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. പഹാർ ഗഞ്ചിലെ ഹോട്ടലിൽ നിന്നാണ് വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തിലെ ഒപിയിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചതിന് പിന്നാലെയായിരുന്നു ഇത്. ചോദ്യം ചെയ്യലിലാണ് ദ്വാരകയിലെ മണിപ്പാൽ ആശുപത്രി, വസന്ത്കുഞ്ചിലെ ഫോർട്ടിസ് ആശുപത്രി, നോയിഡയിലെ മാക്സ് സൂപർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയിൽ അടക്കം യുവാവ് മോഷണം നടത്തിയതായി വ്യക്തമായത്.
നാല് ലാപ്ടോപ്പുകളാണ് യുവാവിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. കട്ട മുതൽ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന വ്യാജ ബില്ലുകളും ഇയാളിൽ നിന്ന് പൊല് കണ്ടെത്തിയത്. സിം കാർഡുകൾ ഉപയോഗിക്കാതെ ഫ്രീ വൈഫൈ സൌകര്യം പ്രയോജനപ്പെടുത്തിയായിരുന്നു യുവാവിന്റെ മോഷണങ്ങൾ. ആശുപത്രികളുടെ വിവരങ്ങൾ ഓൺലൈനിൽ തിരഞ്ഞശേഷമാണ് മോഷണസ്ഥലം തിരഞ്ഞെടുക്കുന്നത്. ഒപി വിഭാഗം, ഡോക്ടർമാരുടെ മുറികൾ എന്നിവിടങ്ങളിലാണു പതിവായി മോഷണം നടത്തുന്നത്. ഇയാളുടെ പേരിൽ മുംബൈയിലും പുണെയിലും ഒട്ടേറെ മോഷണക്കേസുകളുണ്ടെന്നും പൊലീസ് വിശദമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]