
കഴിഞ്ഞവർഷം ജൂൺ 24ന് ഓഹരിവില റെക്കോർഡ് ഉയരമായ 1,124.90 രൂപയിൽ. പിന്നാലെ വെറും 10 മാസത്തിനിടെ ഓഹരിവില നിലംപൊത്തിയത് 116 രൂപയിലേക്ക്; 90 ശതമാനം വീഴ്ച. വിപണിമൂല്യത്തിൽ മാഞ്ഞുപോയത് 83 ശതമാനം. 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ ഇന്നും വ്യാപാരം. ഒരു തട്ടിപ്പുവരുത്തിവച്ച വിന! ഇലട്രിക് വാഹനരംഗത്തും ഹരിതോർജ മേഖലയിലും പ്രവർത്തിക്കുന്ന ജെൻസോൾ എൻജിനിയറിങ് (Gensol Engineering) എന്ന കമ്പനിയുടെ പ്രൊമോട്ടർമാരാണ് വ്യാജരേഖകൾ ഉൾപ്പെടെ ചമച്ച് തട്ടിപ്പുനടത്തി കുടുങ്ങിയത്.
പ്രൊമോട്ടർമാരായ അൻമോൽ സിങ് ജഗ്ഗി (Anmol Singh Jaggi), സഹോദരൻ പുനീത് സിങ് ജഗ്ഗി (Puneet Singh Jaggi) എന്നിവരെയാണ് കൈയോടെ പിടിച്ചത്. ഇവരെ കമ്പനിയുടെ മാനേജ്മെന്റ് പദവികൾ വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഇതോടെ ഓഹരികൾ ഇന്നും കൂപ്പുകുത്തി. ജഗ്ഗി സഹോദരന്മാർക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നേരിട്ടോ പരോക്ഷമായോ ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയില്ല.
വ്യാജരേഖകൾ ചമച്ച് വായ്പ നേടുക, ലിസ്റ്റഡ് കമ്പനിയെ സ്വന്തം കമ്പനിയെപ്പോലെ കണ്ട് പണം സ്വകാര്യ ആവശ്യങ്ങൾക്കായി തിരിമറി നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് സെബി കണ്ടെത്തിയത്. വായ്പാ കുടിശികയുള്ളത് മറച്ചുവയ്ക്കാനായി റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (ഐആർഇഡിഎ), പവർ ഫിനാൻസ് കോർപറേഷൻ (പിഎഫ്സി) എന്നിവയിൽ വ്യാജരേഖ സമർപ്പിച്ചുവെന്നാണ് ജഗ്ഗി സഹോദരന്മാർക്കെതിരെയുള്ള ഒരു കുറ്റം.
975 കോടി രൂപയാണ് ഐആർഇഡിഎ, പിഎഫ്സി എന്നിവയിൽ നിന്ന് ഇവർ വായ്പ എടുത്തത്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെന്നാണ് ബോധിപ്പിച്ചിരുന്നതും. എന്നാൽ, വായ്പാത്തുകയിൽ ഒരുഭാഗം മാത്രമേ ഇതിന് ജഗ്ഗി സഹോദരന്മാർ വിനിയോഗിച്ചുള്ളൂ. ഏതാണ്ട് 200 കോടിയോളം രൂപ കാർ ഡീലർഷിപ്പുകൾ വഴി വകമാറ്റിയ പ്രൊമോട്ടർമാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ആഡംബര ഫ്ലാറ്റുകളും മറ്റും വാങ്ങാനാണ് തിരിമറി നടത്തിയ പണം ഉപയോഗിച്ചത്. ഈ തുക കമ്പനിയുടെ കണക്കുബുക്കിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതോടെ, ഫലത്തിൽ അത് ഓഹരി ഉടമകളുടെ നഷ്ടവുമായി മാറി.
വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്ന വ്യാജരേഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ സമർപ്പിച്ച ജഗ്ഗി സഹോദരന്മാർ, മികച്ച റേറ്റിങ്ങും കമ്പനിക്ക് നേടിയെടുത്തിയിരുന്നു. കമ്പനിയുടെ ഓഹരിവിലയിലും ഇവർ തിരിമറി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 2024 ജൂണിലാണ് ജെൻസോളിനെതിരെ സെബി അന്വേഷണം ആരംഭിച്ചത്.
അടുത്തിടെ ജെൻസോൾ ഒന്നിന് 10 എന്ന അനുപാതത്തിൽ (1:10) ഓഹരി വിഭജനവും പ്രഖ്യാപിച്ചിരുന്നു. ഇതു നടന്നാൽ നിരവധി റീട്ടെയ്ൽ നിക്ഷേപകരെ ആകർഷിക്കാനും കമ്പനിക്ക് കഴിയുമായിരുന്നു. ഇത്, നിക്ഷേപകർക്ക് വലിയ നഷ്ടത്തിനു കാരണമായേക്കാമെന്ന് വിലയിരുത്തിയാണ് സെബി ഇപ്പോൾ ഇടക്കാല ഉത്തരവിലൂടെ ജഗ്ഗി സഹോദരന്മാരെ വിലക്കിയത്.
റേറ്റിങ് ഏജൻസികളായ ഇക്ര, കെയർ റേറ്റിങ്സ് എന്നിവ ജെൻസോൾ എൻജിനിയറങ്ങിന്റെ റേറ്റിങ് ‘ഡി’ ആയി വെട്ടിക്കുറച്ചിട്ടുണ്ട്. വായ്പാത്തിരിച്ചടവിൽ കുടിശികയുണ്ടെന്ന് വ്യക്തമാക്കുന്ന റേറ്റിങ്ങാണിത്. ജെൻസോളിന്റെയും അനുബന്ധ കമ്പനികളുടെയും കണക്കുകൾ പരിശോധിക്കാനായി ഫോറൻസിക് ഓഡിറ്ററെ സെബി ഉടൻ നിയോഗിക്കും.
2023-24 സാമ്പത്തികവർഷം മുൻവർഷത്തെ രണ്ടുകോടി രൂപയിൽ നിന്ന് 209 കോടി രൂപയിലേക്ക് പ്രവർത്തനലാഭം മെച്ചപ്പെടുത്തിയ കമ്പനിയാണ് സോളർ എനർജി രംഗത്ത് സാന്നിധ്യമുള്ള ജെൻസോൾ. വരുമാനം 61 കോടി രൂപയിൽ നിന്ന് 1,152 കോടി രൂപയായും ഉയർന്നിരുന്നു. അതേസമയം, ഇക്കഴിഞ്ഞ സാമ്പത്തികവർഷം (2024-25) പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 2019-20ലെ 70.72ൽ നിന്ന് 35 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞതിനെയും അസ്വഭാവികമായാണ് സെബി കണ്ടത്. ഇതുകൂടി കണക്കിലെടുത്താണ്, സെബി ഇപ്പോൾ ഇടക്കാല ഉത്തരവിറക്കിയത്.
നിക്ഷേപകർ എന്തു ചെയ്യണം?
ഗുരുതര ക്രമേക്കേടുകളാണ് സെബി കണ്ടെത്തിയത് എന്നതിനാൽ നിക്ഷേപകർ ജെൻസോൾ ഓഹരികളിൽ നിന്ന് അകന്നുനിൽക്കുന്നതാണ് നല്ലതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കമ്പനിക്കെതിരായ സെബിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര ഡയറക്ടർ അരുൺ മേനോൻ രാജിവച്ചിട്ടുണ്ട്. പ്രൊമോട്ടർ അൻമോലിന് അയച്ച രാജിക്കത്തിൽ കമ്പനിയുടെ മോശം സാമ്പത്തികസ്ഥിതിയെ കുറിച്ചും ഭരണപരമായ വീഴ്ചകളെ കുറിച്ചും പരാമർശമുണ്ട്.
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇലക്ട്രിക് ഓൺലൈൻ ടാക്സി കമ്പനിയായ ബ്ലൂസ്മാർടിന്റെ പ്രൊമോട്ടർമാർ കൂടിയാണ് ജഗ്ഗി സഹോദരന്മാർ. സെബിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രവർത്തനം കമ്പനി നിർത്തിവച്ചു. ഉപഭോക്താക്കളിൽ നിന്ന് റൈഡ് ബുക്കിങ് സ്വീകരിക്കുന്നത് നിർത്തി.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)