സമ്പത്ത് കൃത്യമായി മാനേജ് ചെയ്യുകയെന്നത് പരമപ്രധാനമാണ്. പ്രത്യേകിച്ച് സമ്പദ് വ്യവസ്ഥ അനിശ്ചിതത്വം നേരിടുന്ന വേളകളിൽ.  ഭാവിജീവിതം നമ്മുടെ മണി മാനേജ്‌മെന്റിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനാകുന്നില്ലെങ്കിൽ വിദഗ്ധരുടെ സേവനം തേടാനാകും. ഈ ദിശയിൽ വലിയ മുന്നേറ്റം ഇന്ത്യയിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യം അതിവേഗം വളരുമ്പോള്‍ അതനുസരിച്ച് ജനങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ് ആവശ്യകതകളും കൂടുകയാണ്. ചെറുകിട നഗരങ്ങളില്‍ വരെ വെല്‍ത്ത് മാനേജ്‌മെന്റ് സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

AFP PHOTO / Bay ISMOYO (Photo by BAY ISMOYO / AFP)

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) സ്ഥാപനങ്ങളും ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടുകളും വെല്‍ത്ത് അഡൈ്വസറി സ്ഥാപനങ്ങളുമെല്ലാം പറയുന്നത് തങ്ങളുടെ പുതിയ ഉപഭോക്താക്കളില്‍ 30 ശതമാനവും പ്രധാന നഗരങ്ങളില്‍ നിന്ന്  പുറത്തുള്ളവരാണെന്നാണ്. 

1.8 ലക്ഷം കോടി ഡോളര്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വെല്‍ത്ത് മാനേജ്‌മെന്റ് രംഗം കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്) യില്‍ മികച്ച വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 15-20 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കിലാണ് മേഖല വളരുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 1.8 ലക്ഷം കോടി ഡോളറിലേക്ക് വെല്‍ത്ത് മാനേജ്‌മെന്റ് രംഗം കൈകാര്യം ചെയ്യുന്ന ആസ്തി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം കൂടുന്നതും മധ്യവര്‍ഗ ജനതയ്ക്ക് നിക്ഷേപങ്ങളില്‍ താല്‍പ്പര്യമേറുന്നതുമാണ് വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ടെക്‌നോളജിയുടെ ജനകീയവല്‍ക്കരണം നിക്ഷേപങ്ങളെക്കുറിച്ച് മികച്ച ധാരണ നല്‍കുകയും ചെയ്യുന്നു. 

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സ്വര്‍ണം, എഫ്ഡി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍ നിന്ന് വൈവിധ്യവല്‍ക്കരണം ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളെ കൂടുതലും ആശ്രയിക്കുന്നത്. ഓള്‍ട്ടര്‍നേറ്റിവ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍, പ്രൈവറ്റ് ഇക്വിറ്റി, ക്രിപ്‌റ്റോ കറന്‍സികള്‍ തുടങ്ങിയവയെല്ലാം പുതു തലമുറയുടെ നിക്ഷേപ താല്‍പ്പര്യങ്ങളായി മാറിയിട്ടുണ്ട്.

English Summary:

Wealth management is crucial for a secure future. Learn about the booming wealth management sector, its growth drivers, and popular investment options like PMS, REITs, and cryptocurrencies, impacting even smaller towns.