
ദുരന്ത മുന്നറിയിപ്പു നൽകാൻ പുൽപള്ളിയിൽ റഡാർ വരുന്നു; സ്ഥാപിക്കുന്നത് എക്സ് ബാൻഡ് ഡോപ്ലർ വെതർ റഡാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙പ്രകൃതി ദുരന്തസാധ്യത കണ്ടെത്തി ജാഗ്രതാമുന്നറിയിപ്പു നൽകാൻ പുൽപള്ളിയിൽ റഡാർ സ്ഥാപിക്കും. പഴശ്ശിരാജാ കോളജ് മാനേജ്മെന്റ് അനുവദിച്ച സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ റഡാർ സ്ഥാപിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടിയായുള്ള ഭൂമി പരിശോധന പൂർത്തിയായി. എക്സ്ബാൻഡ് ഡോപ്ലർ വെതർ റഡാറാണ് ഇവിടെ സ്ഥാപിക്കുന്നത്. മലബാറിലെയും സമീപ പ്രദേശങ്ങളിലെയും കാലാവസ്ഥാ വ്യതിയാനങ്ങളും പ്രത്യേകതകളും കണ്ടെത്തി ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനായുള്ള കരാർ ഉടനുണ്ടാക്കും. തുടർന്ന് റഡാറും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കും. കേന്ദ്രം നിർമിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചു. മഴമേഘങ്ങളുടെ നീക്കം, വ്യാപ്തി, ജലകണങ്ങളുടെ അളവ്, ലഭിക്കുന്ന മഴയുടെ അളവ് തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും റഡാറിൽ ലഭ്യമാകും.
22 സെന്റ് സ്ഥലത്താണ് കേന്ദ്രം നിർമിക്കുന്നത്. അനുയോജ്യ സ്ഥാന നിർണയത്തിന് പരിശോധനകളും നിരീക്ഷണങ്ങളും നടത്തിയിരുന്നു.രാജ്യത്ത് ഏറ്റവുമധികം പ്രകൃതിദുരന്ത സാധ്യതയുള്ള ജില്ലയിൽ നിലവിൽ കാലാവസ്ഥാ നിർണയത്തിനു കാര്യമായ സംവിധാനങ്ങളില്ല. കൊച്ചിയിലെ റഡാർ കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന മഴ മുന്നറിയിപ്പാണ് ഏക ആശ്രയം. മുണ്ടക്കൈ, ചൂരൽമല ദുരന്തമുണ്ടായപ്പോൾ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ പിഴവ് കൃത്യമായി ബോധ്യപ്പെട്ടിരുന്നു.
വടക്കു–കിഴക്ക് സംസ്ഥാനങ്ങളിൽ ഏതാണ്ട് കൃത്യമായി കാലാവസ്ഥാ മുന്നറിയിപ്പും അതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളും കാര്യക്ഷമമായി നടക്കുമ്പോൾ മലബാർ ഏറെ പിന്നിലാണെന്ന ആക്ഷേപം ശക്തമായിരുന്നു. പാർലമെന്റിലും ഇക്കാര്യം ചർച്ചയായിരുന്നു.
കർണാടകയോടു ചേർന്നുള്ള വയനാട്ടിൽ ലഭിക്കുന്ന മഴയുടെ അളവിലും കാര്യമായ വ്യത്യാസമുണ്ട്. ചിലഭാഗത്ത് ശക്തമായ മഴ കിട്ടുമ്പോൾ മറുഭാഗത്ത് ചാറ്റൽമഴ പോലുമുണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പലയിടത്തും നാശംവിതച്ച് കൊടുങ്കാറ്റും മഴയുമുണ്ടായപ്പോൾ കബനിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ചാറ്റൽ പോലുമുണ്ടായില്ല.