
മദ്യപിച്ചുണ്ടായ തർക്കം: യുവാവിനെ തലയ്ക്കടിച്ച് കൊന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ
വാടാനപ്പള്ളി ∙വാക്കുതർക്കത്തിനിടെ വീടിന്റെ മുകളിൽ നിന്ന് വീണ സഹപ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃത്തല്ലൂർ മൊളുബസാറിൽ പണിക്കെട്ടി സുനിൽകുമാറന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഡ്രൈവർമാരിൽ ഒരാളായ പത്തനംതിട്ട
അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാറാണ് (40) മരിച്ചത്. സംഭവത്തിൽ സ്ഥാപനത്തിലെ മറ്റൊരു ഡ്രൈവറായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ (39) വാടാനപ്പള്ളി എസ്എച്ച്ഒ ബി.എസ്.ബിനുവും സംഘവും അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടെ ചൊവ്വ രാത്രി പതിനൊന്നരയോടെ വീടിന്റെ മുകളിൽ നിന്ന് അനിൽകുമാറിനെ തള്ളിയിട്ട് കല്ലുകൊണ്ട് തലക്കിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജില്ല റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ഫോറൻസിക് ഉദ്യോഗസ്ഥ ലക്ഷ്മി രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി.ഷാജുചാക്കോ തന്നെയാണ് നടന്ന സംഭവം രാത്രിയിൽ സ്ഥാപന ഉടമയെയും പൊലീസിനെയും അറിയിച്ചത്.
ഗുരുതരമായി പരുക്കേറ്റു കിടന്ന അനിൽകുമാറിനെ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഷാജു ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥാപനത്തിലെ ജീവനക്കാരായ 10 പേരാണ് വീട്ടിൽ താമസിക്കുന്നത്.
ഇതിൽ 6 പേർ ഇതര സംസ്ഥാനക്കാരാണ്. ഷാജു ചാക്കോയാണ് സുഹൃത്തായ അനിൽകുമാറിനെ 3 മാസം മുൻപ് സ്ഥാപനത്തിൽ ജോലിക്കായി എത്തിച്ചത്. കൊലപാതകം നടന്ന മൊളുബസാറിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.
എസ്ഐ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിപിഒമാരായ രാജ്കുമാർ, ജിനേഷ്, സിപിഒ അമൽ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]