
‘മുതലപ്പൊഴിയില്‍ പൊഴി മുറിക്കാനുള്ള നടപടി നാളെ മുതൽ; തുറമുഖ നിര്‍മാണം ഞായറാഴ്ച ആരംഭിക്കും’
തിരുവനന്തപുരം ∙ അഴിമുഖത്ത് മണല്‍ അടിഞ്ഞതിനെ തുടര്‍ന്ന് മത്സ്യബന്ധനം മുടങ്ങിയ മുതലപ്പൊഴിയില്‍ പൊഴി മുറിക്കാനുള്ള നടപടി നാളെ തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. ജോലി നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നല്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. മത്സ്യബന്ധന തുറമുഖ നിര്‍മാണം ഞായറാഴ്ച മുതല്‍ ആരംഭിക്കും. തുറമുഖത്തുനിന്ന് നാളെ മുതല്‍ ഡ്രജ് ചെയ്ത മണല്‍ നീക്കും.
കരാര്‍ കമ്പനിക്ക് ആവശ്യമായ ഡ്രജര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. നിലവില്‍ 10 മണിക്കൂറാണ് ഡ്രജിങ് നടത്തുന്നത്.
അത് 20 മണിക്കൂറായി നീട്ടാനാണ് ശ്രമിക്കുന്നത്. കേരളാ മാരിടൈം ബോര്‍ഡിന്റെ ചുമതലയിലുള്ള ഡ്രജര്‍ കണ്ണൂരില്‍നിന്ന് എത്തിക്കും.
20 ദിവസം കൊണ്ട് മണല്‍ നീക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന 4 ലോങ് ബൂം ഹിറ്റാച്ചികള്ക്കു പുറമേ രണ്ടെണ്ണം കൂടി നാളെ രാവിലെ മുതല്‍ മണ്ണ് മാറ്റാന്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
മീന്‍പിടിത്ത തൊഴിലാളികളുടെയും സമരസമിതിയുടെയും പ്രതിനിധികളുമായി മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തിയിരുന്നു.
അഴിമുഖ മുനമ്പില്‍ മണലടിഞ്ഞതിനെ തുടര്‍ന്ന് നാലു ദിവസമായി ബോട്ടുകള്‍ക്കു പുറംകടലില്‍ പോകാന്‍ കഴിയുന്നില്ല. തുറമുഖത്തുനിന്ന് അഴിമുഖത്തേക്കെത്തിയശേഷം ട്രാക്ടര്‍ ഉപയോഗിച്ചു ബോട്ടുകള്‍ വലിച്ചുകയറ്റി തീരത്തേക്ക് എത്തിച്ചാണ് മീന്‍പിടിക്കാന്‍ പോകുന്നത്.
മുതലപ്പൊഴി തുറമുഖ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി നേതൃത്ത്വത്തിലുള്ള സംഘടനകള്‍ സമരം തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]