
വൈദ്യുതി കവർന്ന കൈകൾ; മറുജന്മം നൽകി ഡോക്ടർമാർ: രുഗ്മിണി കൃത്രിമ കൈകളാൽ സ്വന്തം പേരെഴുതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോയമ്പത്തൂർ ∙ വീടിനു മുകളിലെ ടെറസിൽ കളിക്കുകയായിരുന്ന കുട്ടികളെ വിളിക്കാനും അലക്കിയ തുണികൾ മഴയ്ക്കു മുൻപേ എടുക്കാനുമായി കയറിയതായിരുന്നു രുഗ്മിണി. നിമിഷങ്ങൾക്കുള്ളിൽ, വീടിനോട് ചേർന്ന വൈദ്യുതി ലൈനിൽ കൈതട്ടിയതോടെ രണ്ട് കൈകളും കരിഞ്ഞ്, കുഴഞ്ഞു വീണത് മാത്രമാണ് ഓർമയിലുള്ളത്. പിന്നീട് ബോധം വന്നപ്പോൾ കിടന്നിരുന്നത് കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും. രണ്ട് കൈമുട്ടിന് താഴെയും ചലനശേഷി നഷ്ടപ്പെട്ട രുഗ്മിണി (32) നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ രണ്ട് ചെറിയ മക്കളെയും നോക്കി ജീവിക്കുന്ന സാധാരണക്കാരിയായ യുവതിയായിരുന്നു.
2025ന്റെ തുടക്കത്തിൽ, നിമിഷം നേരം കൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞതോടെ രുഗ്മിണിക്ക് തുണയായത് ആതുരസേവകർ മാത്രം. രണ്ട് കൈകളും ശസ്ത്രക്രിയയിലൂടെ നീക്കി, മുറിവുകൾ ഉണങ്ങുന്നത് വരെ ഡോക്ടർമാർ കാത്തിരുന്നു. ഫെബ്രുവരിയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ കൃത്രിമ കൈകൾ ഘടിപ്പിച്ചു. യൂണിവേഴ്സൽ കപ്പ് എന്ന രീതിയിലൂടെ പരിശീലനവും തുടർന്നു. പരിശീലനത്തിനൊടുവിൽ പേന കയ്യിലെന്തി വെള്ള പേപ്പറിൽ കുറിച്ചു ‘രുഗ്മിണി’.
ആശയറ്റവരുടെ അവസാന ആശ്രയമായ സർക്കാർ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞതോടെ വീട്ടിലെ ചില്ലറ ജോലികൾ സ്വയം ചെയ്യാനുമായതിൽ രുഗ്മിണിക്കും ഡോക്ടർമാർക്കുംസന്തോഷം. സംസ്ഥാനത്തു തന്നെ കൃത്രിമ അവയവ നിർമാണവും, ശസ്ത്രക്രിയയും നടത്തുന്ന സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി കോയമ്പത്തൂരിൽ മാത്രമാണ് ഉള്ളതെന്ന് ഡീൻ ഡോ. നിർമല പറഞ്ഞു. ഇതുവരെ മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയിലൂടെ 200 പേർക്ക് കൃത്രിമ കൈ, കാൽ എന്നിവ ഘടിപ്പിച്ച്, പരിശീലനം നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതായി അവർ പറഞ്ഞു.