
ന്യൂയോർക്ക്: വിവിധ രാജ്യങ്ങളിലെ 30 യു.എസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ നിർദേശം നൽകി ട്രംപ് ഭരണകൂടം. യൂറോപ്പിലും ആഫ്രിക്കയിലുമുള്ള 10 എംബസികളും 17 കോൺസുലേറ്റുകളും നിർത്തലാക്കാനുള്ള നിർദേശം ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മാൾട്ട, ലക്സംബർഗ്, ലെസോത്തോ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാനാണ് പദ്ധതി. ഇതിന് പുറമെ ഫ്രാൻസിലെ അഞ്ചും ജർമനിയിലെ രണ്ടും ബോസ്നിയയിലെ രണ്ടും കോൺസുലേറ്റുകളും യു.കെ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ ഓരോ കോൺസുലേറ്റുകളും പൂട്ടാനും നിർദേശത്തിൽ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ ദക്ഷിണ കൊറിയയിലെ ഒരു കോൺസുലേറ്റ് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. അടച്ചുപൂട്ടുന്ന എംബസികൾക്ക് പകരം അയൽരാജ്യങ്ങളിലെ എംബസികൾക്ക് അധിക ചുമതല നൽകും.
നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും അമേരിക്കൻ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികൾ. അതേസമയം പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ യു.എസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് വക്താവ് തയ്യാറായില്ല. ചില രാജ്യങ്ങളിലെ കോൺസുലേറ്റുകൾ അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി മാർച്ചിൽ തന്നെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]