
കോടതി ഉത്തരവുകളില്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). രാജ്യത്ത് വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയാണ് ഐബിഎ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധ ഇടപാടുകൾ തടയുന്നതിന് സംശയാസ്പദമായ അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകണമെന്ന് സർക്കാരിനോടും റിസർവ് ബാങ്കിനോടും ഐബിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ബാങ്കിംഗ് സംവിധാനത്തിലൂടെ അനധികൃത ഫണ്ട് കൈമാറാൻ തട്ടിപ്പുകാർ ‘മ്യൂൾ അക്കൗണ്ടുകൾ’ ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാനും, വഞ്ചനാപരമായ ഇടപാടുകൾ നടത്താനും തട്ടിപ്പുകാർ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ട്. ഈ അക്കൗണ്ടുകൾ പലപ്പോഴും സാമ്പത്തികമായി ദുർബലരായ വ്യക്തികളുടെ പേരിലാണ് തുറക്കുന്നത്, തട്ടിപ്പുകാർ ഇവരെ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നു. ഐബിഎ റിപ്പോർട്ട് അനുസരിച്ച്, ബാങ്കുകൾ പ്രതിവർഷം ആയിരക്കണക്കിന് മ്യൂൾ അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. എന്നാൽ തട്ടിപ്പുകാർ പഴുതുകൾ ഉപയോഗിച്ച് പുതിയത് ഉണ്ടാക്കുന്നു.
മാത്രമല്ല, നിലവിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം, ഒരു അക്കൗണ്ട് മരവിപ്പിക്കുന്നതിന് ബാങ്കുകൾ കോടതികളിൽ നിന്നോ നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നോ (എൽഇഎ) അനുമതി നേടേണ്ടതുണ്ട്. ഇന്ന് ഈ നടപടിക്ക് സമയമെടുക്കുമ്പോൾ അതിനുള്ളിൽ തട്ടിപ്പുകാർ ഇടപാടുകൾ നടത്തുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സംശയാസ്പദമായ അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകണമെന്ന് സർക്കാരിനോടും റിസർവ് ബാങ്കിനോടും ഐബിഎ ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]