
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: [email protected]. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
അവധിക്കാലം ആകാന്‍ ആറ്റുനോറ്റ് കാത്തിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പേര് അനഘ. അവള്‍ക്കൊരു കുഞ്ഞനുജത്തിയുമുണ്ടായിരുന്നു. രണ്ടാം നിലയിലെ ഫ്ളാറ്റാണ് അവരുടെ ലോകം. വല്യ അവധി വരുന്നേരം അവര്‍ക്ക് ഉത്സാഹമാണ്. പത്തനംതിട്ടയിലെ അമ്മവീട്ടില്‍ പോകാനുള്ള കാലമാണ് വരാനിരിക്കുന്നത്. അവര്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കും.
അമ്മ വീട്ടിലാവട്ടെ അവരുടെ വരവും കാത്തിരിക്കുന്ന രണ്ട് ചേച്ചിമാര് ഉണ്ട്. പിന്നീട് ഉള്ള രണ്ട് മാസങ്ങള്‍ പോകുന്നതേ അറിയില്ല. പകലുള്ള കളികള്‍, ആന്റിയുടെ സ്പെഷ്യല്‍ ആഹാരങ്ങള്‍, സൈക്കിള്‍ സവാരി, തോട്ടത്തിലെ കറക്കം, മരത്തില്‍ കയറ്റം. പിന്നെ, ഞായറാഴ്ച ദിവസങ്ങളില്‍ ഒന്നിച്ചുള്ള പള്ളിയില്‍ പോക്ക്, ഈസ്റ്റര്‍ ആഘോഷം. രാത്രി കാലങ്ങളില്‍ ഒരുമിച്ച് കിടക്കുന്നേരം മുതിര്‍ന്നവര്‍ കേള്‍ക്കാതെയുള്ള കഥ പറച്ചില്. അമ്മാമ്മ വന്ന് നോക്കുമ്പോള്‍ ഒന്നുമറിയാത്തത് പോലുള്ള കള്ള ഉറക്കം. ഇതിനിടയില്‍ ഉള്ള ചെറിയ ചെറിയ പിണക്കങ്ങള്‍, പെട്ടെന്നുള്ള ഇണക്കങ്ങള്‍.
ചേച്ചിയെ സൈക്കിളില്‍ നിന്ന് വീഴിച്ചതാണ് എന്റെ ഉള്ളിലെ കുട്ടിക്കാല ഓര്‍മകളില്‍ ഏറ്റവും രസകരം. അടുത്ത വീട്ടിലെ ചേട്ടന്റെ സൈക്കിളാണ് നാട്ടിലെത്തുമ്പോള്‍ ഞങ്ങള്‍ ഓടിക്കാറ്. ഇത്തവണ ഞങ്ങളുടെ കുഞ്ഞി ചേച്ചിയെ സൈക്കിള്‍ പഠിപ്പിക്കാമെന്ന് ചേട്ടന് പറഞ്ഞിരുന്നു. അങ്ങനെ പഠനം ആരംഭിച്ചു.. ചേച്ചി പേടിച്ചാണ് ഓടിക്കുന്നത്. ചേച്ചിയെക്കാള്‍ ഭയം അത് കാണുന്ന എനിക്കാണ്.
ചേച്ചി സൈക്കിള്‍ ചവിട്ടി കുറച്ച് ഇറക്കത്തിലേക്ക് പോവുന്നതിനിടയിലാണ് ആ സംഭവം. ആ പോക്ക് കണ്ട് എനിക്ക് ഭയമായി. ഞാന്‍ ബഹളം വെച്ചു. അതുവരെ ഒരുവിധം ബാലന്‍സില്‍ സൈക്കിള്‍ ഓടിച്ചിരുന്ന ചേച്ചി എന്റെ ബഹളം കേട്ടതോടെ സൈക്കിളുമായി ഒറ്റ വീഴ്ച. വീഴ്ചയില്‍ ചേച്ചിയുടെ കൈയുടെ തൊലി ഉരഞ്ഞു പൊട്ടി. പിന്നെ മരുന്നൊക്കെ വെച്ചു. ഇന്ന് ഞങ്ങള്‍ ഒന്നിച്ച് ചേരുമ്പോഴൊക്കെ ഏറ്റവും കൂടുതല്‍ ഞാന്‍ ഓര്‍ത്തെടുക്കാറുള്ളത് ഈ സംഭവമാണ്.
അന്ന് ഞാനൊരു തൊട്ടാവാടിയാണ്. പെട്ടെന്ന് പിണങ്ങും. പെട്ടെന്ന് ഇണങ്ങും. മാറ്റാതെ ഇന്നും നില്ക്കുന്ന കുറുമ്പുകളില്‍ ഒന്ന് ഈ തൊട്ടാവാടി സ്വഭാവമാണ്. എത്ര വലുതായാലും മാറാത്ത കുഞ്ഞുകുറുമ്പ്.
രണ്ട് മാസത്തെ അവധി ആഘോഷം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് ഉള്ള വരവ് സങ്കടം നിറഞ്ഞതായിരിക്കും. എങ്കിലും, അടുത്ത വലിയ അവധി വരുന്നത് വരെ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരായിരം നല്ല ഓര്‍മ്മകള്‍ ഞങ്ങളുടെ കൂടെ പോന്നിട്ടുണ്ടാവും. ഓര്‍മകളിലെ വസന്ത കാലം. ഞാനിങ്ങനെയാണ് അക്കാലത്തെ ഇന്ന് ഓര്‍ത്തെടുക്കുന്നത്.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]