ദേശീയപാതയിൽ വീണ്ടും അപകടം; 2 പേർ മരിച്ചു: 2 ദിവസത്തിനിടെ 4 അപകടങ്ങളിലായി 5 മരണം
മണ്ണുത്തി ∙ ദേശീയപാതയിൽ 4 കിലോമീറ്ററിനുള്ളിൽ ഒരു മണിക്കൂറിന്റെ ഇടവേളയിൽ 2 വ്യത്യസ്ത അപകടങ്ങളിലായി 2 പേർ മരിച്ചു. വെട്ടിക്കലിൽ 2 സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വെട്ടിക്കൽ സ്വദേശി മഠത്തിപറമ്പിൽ വിൽസൻ (68), ആറാംകല്ലിൽ റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് പുതുവീട്ടിൽ സാബിറ (35) എന്നിവരാണു മരിച്ചത്.
വാണിയമ്പാറ മുതൽ മണ്ണുത്തി വരെയുള്ള ദേശീയപാതയിൽ 2 ദിവസത്തിനിടെയുണ്ടായ 4 അപകടങ്ങളിലായി 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വെട്ടിക്കലിൽ പാലക്കാട്ടേക്കു പോകുന്ന സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തിനു സമീപമാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടനെ മണ്ണുത്തി പൊലീസിന്റെ നേതൃത്വത്തിൽ വിൽസനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാംകല്ലിൽ രാത്രി 7ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന സാബിറയെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിഞ്ഞാന്നു രാത്രി വഴുക്കുംപാറയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ കുന്നുംപുറം സുനിത (34), മിനിഞ്ഞാന്നു രാവിലെ 8.15ന് വാണിയമ്പാറയിൽ വാഹനമിടിച്ച് ദേശീയപാതയോരത്തു കൂടി നടക്കുകയായിരുന്ന വാണിയമ്പാറ സ്വദേശികളായ കാവനാമറ്റത്തിൽ ജോണി (57), കുന്നുംപുറത്തുവീട്ടിൽ രാജു (59) എന്നിവരുമാണു മരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]