
കൊച്ചി പഴയ കൊച്ചിയല്ല; കാർബൺ തടയും സൂപ്പർ ഹീറോ; ഓട്ടോ മുതൽ കപ്പൽ വരെ ‘ഹരിത മാർഗ’ത്തിൽ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തിലെ തന്നെ ആദ്യ പൂർണ സൗരോർജ വിമാനത്താവളമാണ് കൊച്ചിയിലേത് (സിയാൽ എന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം). ലോകത്തിലെ തന്നെ ആദ്യ സോളർ ബോട്ട് – വാട്ടർ മെട്രോയും കൊച്ചിക്കു സ്വന്തം. വൈദ്യുതി ഇന്ധനമാക്കിയ മെട്രോ ട്രെയിൻ സംവിധാനം. നഗരത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ബാറ്ററിയിൽ ഓടുന്ന ഓട്ടോറിക്ഷകളും ബസുകളും. ഇവയ്ക്കെല്ലാമൊപ്പം ഹരിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ചുള്ള കപ്പലുകളും കൊച്ചിക്ക് സ്വന്തം. സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലോകത്തിന് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കു വാതായനം തുറക്കുകയാണ് അറബിക്കടലിന്റെ റാണിയായ കൊച്ചി.
ഡീസൽ ഉപേക്ഷിച്ച് ഹൈഡ്രജൻ പോലെയുള്ള ഹരിത ഇന്ധനങ്ങളിലേക്കു കപ്പൽ വ്യവസായത്തെ വഴിതിരിച്ചു വിടാനുള്ള ആഗോള തീരുമാനം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയുടെ ഹരിത സാധ്യത ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ സമയമായോ എന്ന ഈ ചിന്ത ഉയരുന്നത്. ലോകത്ത് കാർബൺ നികുതി ഏർപ്പെടുത്താൻ പോകുന്ന ആദ്യ മേഖലയായി കപ്പൽ വ്യവസായം മാറുന്നു. ഗതാഗത മേഖലയിൽ ഹരിത ഊർജം ഉപയോഗിക്കുന്ന കാര്യത്തിൽ കൊച്ചി ലോകത്തിനു മാതൃകയാണെന്ന് ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഹരിത ഗതാഗത വിഭാഗം മേധാവിയും ഗവേഷകയുമായ അനുമിത റോയി ചൗധരി പറഞ്ഞു. കേരളത്തെ ഭാവിയിൽ ഹൈഡ്രജൻ താഴ്വരയാക്കാൻ കൊച്ചി കപ്പൽ നിർമാണ ശാലയുമായി ബന്ധപ്പെട്ട് സാധ്യത ഏറെയാണ്. മലിനീകരണം കുറച്ച് ലോകത്തിന്റെ ഹരിത ഇന്ധനപ്പുരയാക്കി കേരളത്തെ മാറ്റാനാവുമെന്നും ഈ രംഗത്തെ പ്രതിഭകളെ കണ്ടെത്തി ഗവേഷണവും നിക്ഷേപവും നടത്താൻ കഴിയണമെന്നുമാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഗതാഗത സംവിധാനമായ കെഎസ്ആർടിസിയെപ്പോലും ഹൈഡ്രജനിൽ ഓടുന്ന സർവീസാക്കി മാറ്റാൻ കഴിയുമെന്നും അനുമിതയെപ്പോലെ കേരളത്തിലെ ഗതാഗത സംവിധാനത്തെപ്പറ്റി പഠിച്ചിട്ടുള്ള ഗവേഷകർ പറയുന്നു.
∙ 2028 മുതൽ കപ്പലുകൾക്ക് കാർബൺ നികുതി; കരാറിൽ ഒപ്പു വച്ച് ഇന്ത്യയും
കാർബൺ നികുതി ചുമത്താനുള്ള തീരുമാനവുമായി യുഎൻ മാരിടൈം സംഘടന (ഐഎംഒ) രംഗത്ത് എത്തിയതോടെ ഇന്ത്യൻ കപ്പൽ വ്യവസായവും കൂടുതൽ പരിസ്ഥിതി സൗഹൃദമാകാനുള്ള ഒരുക്കത്തിൽ. 2028 മുതൽ ഇതു നടപ്പാക്കാനാണ് ലണ്ടനിലെ മാരിടൈം ഓർഗനൈസേഷൻ ആസ്ഥാനത്ത് ചേർന്ന ഉച്ചകോടിയുടെ തീരുമാനം. ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തപ്പോൾ സൗദി അറേബ്യ ഉൾപ്പെടെ 16 പെട്രോളിയം ഉൽപാദന രാജ്യങ്ങൾ നിർദേശത്തെ എതിർത്തു. പസിഫിക് സമുദ്ര രാജ്യങ്ങളായ ഫിജിയും കിരിബത്തിയും ഉൾപ്പെടെ 25 രാജ്യങ്ങൾ വിട്ടുനിന്നു. ആഗോള കാലാവസ്ഥാ കരാറിന്റെ ഭാഗമായതിനാൽ ചർച്ചകളിൽ നിന്ന് യുഎസ് വിട്ടുനിന്നു.
മലിനീകരണത്തിന് കാർബൺ നികുതി ചുമത്താനുള്ള തീരുമാനത്തെ യുഎൻ തലത്തിൽ ലോകം അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പെട്രോളിയവും പ്രകൃതി വാതകവും ഉൾപ്പെടെ ബങ്കർ ഇന്ധനങ്ങൾ ഉപേക്ഷിച്ച് ഹൈഡ്രജൻ പോലെയുള്ള ബദലുകൾ ഉപയോഗിക്കാൻ ഇനി കപ്പലുകൾ നിർബന്ധിതമാകും. 2028നു ശേഷവും പെട്രോളിയം ഉപയോഗിക്കുന്ന കപ്പൽ ഓരോ ടണ്ണിനും ഏകദേശം 30000 രൂപയോളം കാർബൺ നികുതി അടയ്ക്കേണ്ടി വരും. ലോകത്തെ കാർബൺ വാമനത്തിന്റെ 3% കപ്പലുകളിൽനിന്നാണ്. പുതിയ നികുതി 2030ൽ കപ്പൽ മലിനീകരണം 10% കുറയ്ക്കാൻ സഹായിക്കും.
∙ കൊച്ചി കപ്പൽ നിർമാണ ശാല; ലോകത്തിനു വഴികാട്ടുന്ന ഹരിത ഊർജ മാതൃക
ഇന്ത്യയും കരാറിന്റെ ഭാഗമായതിനാൽ കൊച്ചിൻ ഷിപ് യാഡ്, വിഴിഞ്ഞം തുറമുഖം തുടങ്ങി സ്ഥാപനങ്ങളും ഹരിത മാനദണ്ഡങ്ങളിലേക്കു ചുവടുമാറ്റേണ്ടി വരും. ൈഹഡ്രജനെ നാവിക ഇന്ധനമാക്കുന്ന പദ്ധതിയുമായി കൊച്ചി കപ്പൽ നിർമാണ ശാല ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. സീ ഷട്ടിൽ എന്ന ഈ പദ്ധതി നോർവേയുമായുള്ള സഹകരണത്തിലാണ് നടപ്പാക്കുന്നത്. ധ്രുവപ്രദേശങ്ങളിൽ ഉൾപ്പെടെ കപ്പലിൽനിന്നുള്ള ഡീസൽ വമനം സൃഷ്ടിക്കുന്ന കാർബൺ പ്രതിസന്ധി മഞ്ഞുരുക്കലിന് കാരണമാകുന്ന സാഹചര്യത്തിൽ ഹരിത ഗതാഗത ഇന്ധനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ രീതിയിൽ നിർമിക്കുന്ന ഓരോ കപ്പലുകളും ഡീസൽ എൻജിനുകളെ അപേക്ഷിച്ച് ഓരോ വർഷവും 25,000 ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കു പ്രവേശിക്കാതെ കാക്കും. കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രകാരം കൊച്ചി കപ്പൽ നിർമാണ ശാല ലോകോത്തര ഹരിത സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഹൈഡ്രജൻ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ആദ്യ കട്ടമര–യാനം രാജ്യത്ത് ആദ്യമായി വികസിപ്പിച്ചതും മിനി നവരത്ന പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ് യാഡ് ആണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയാണ് ഇത് നീറ്റിലിറക്കിയത്. സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് ലോകത്തെയും രാജ്യത്തെയും നയിക്കുന്ന ഒട്ടേറെ പദ്ധതികളുമായി ഷിപ്യാഡ് മുന്നേറ്റ പാതയിലാണ്. കാർബൺ വമനം കുറച്ച് പൂജ്യത്തിലേക്ക് എത്തിക്കുന്ന നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലോകത്തിന് കപ്പൽ നിർമാണ ശാലയും ആ രീതിയിൽ മാതൃകയാകുന്നു. യുഎൻ നിർദേശിക്കുന്ന സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് ലോകത്തിനു പച്ചക്കൊടി കാട്ടുകയാണ് കേരളത്തിന്റെ കൂടി അഭിമാനമായ കൊച്ചിൻ ഷിപ്യാഡ്.
∙ കേരളത്തിനും ഹരിത കപ്പൽ വ്യവസായം
കൊച്ചിക്കു പുറമേ വിഴിഞ്ഞത്തും കപ്പലുകൾ നങ്കൂരമിടാൻ തുടങ്ങിയതോടെ ആഗോള സമുദ്ര ഭൂപടത്തിൽ സ്ഥാനം പിടിച്ച കേരളത്തിന്റെ പാരിസ്ഥിതിക മാനദണ്ഡ സ്ഥിതി വിവരങ്ങളിൽ ഇനി കപ്പൽ വ്യവസായങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ ഡേറ്റയും ഇടം പിടിക്കും. നീണ്ടകരയിലെ സംസ്ഥാന മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പരിശീലന പരിപാടിയിലും സമുദ്രയാനങ്ങളിൽനിന്നുള്ള കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനുള്ള പരിശീലനം ഉൾപ്പെടുത്തേണ്ടി വരും. എൽഎൻജി പോലെയുള്ള പ്രകൃതി വാതകങ്ങളും കപ്പലുകളിൽ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതി വരുന്നതോടെ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ കേരളത്തിലും ഉൽപാദിപ്പിക്കേണ്ടി വരും.
കൊച്ചി ആസ്ഥാനമായ എഫ്എസിടി വളം നിർമാണ ശാലയിൽ അപകടകരമല്ലാത്ത രീതിയിൽ വിവിധ തരം വാതകങ്ങൾ ക്രമീകരിക്കാൻ സാധിക്കും. മീതേനും മറ്റും ഡീസലിനു ബദലായി ഉപയോഗിക്കാനാവുമോ എന്ന കാര്യവും പഠനവിധേയമാകണം.