
ചിറങ്ങര അടിപ്പാത നിർമാണം: യുദ്ധക്കളം പോലെ ദേശീയപാത; 10 കിലോമീറ്റർ താണ്ടാൻ ഒരു മണിക്കൂർ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ദേശീയപാതയിൽ 15 കിലോമീറ്ററോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു കിടന്നു. രാത്രി മുഴുവനും തുടർന്ന ഗതാഗതക്കുരുക്ക് പകൽ സമയത്തും വിട്ടൊഴിഞ്ഞില്ല. എറണാകുളത്തേയ്ക്കുള്ള പാതയിൽ ചിറങ്ങരയിലെ അടിപ്പാത നിർമാണ സ്ഥലത്തു കൂടി കടന്നു പോകാനുള്ള തടസ്സമാണ് വില്ലനായത്. ചിറങ്ങരയിൽ നിന്നു വാഹനങ്ങളുടെ നിര 9 കിലോമീറ്റർ അകലെ ചാലക്കുടി ടൗണിലേക്കു നീണ്ടതോടെ പ്രതിഷേധവും ശക്തമായി. തൃശൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന വാഹനങ്ങൾ കൂടി ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ ജനം വലഞ്ഞു. ചിറങ്ങരയിൽ നിന്ന് 6 കിലോമീറ്റർ അകലെ കറുകുറ്റി വരെ കുരുക്കിന്റെ നിരയുണ്ടായി. കൊരട്ടിയിലും മുരിങ്ങൂരിലും കൂടി വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടിയതോടെ പലർക്കും യുദ്ധക്കളത്തിൽ അകപ്പെട്ട പ്രതീതിയായി.
സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ കടന്നു പോയെങ്കിലും അതും ദേശീയപാതയിലെ കുരുക്കിനു പരിഹാരമായില്ല. കണ്ടെയ്നർ ലോറികൾ ഉൾപെടെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഗ്രാമീണ റോഡുകളിൽ പലതും വാഹനങ്ങളാൽ നിറഞ്ഞു. ഈ വാഹനങ്ങൾ വീണ്ടും ദേശീയപാതയിലേയ്ക്കു പ്രവേശിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ പ്രവേശിക്കാനാകാതെയും കാത്തു കിടക്കേണ്ടി വന്നു. ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനായി ദേശീയപാത അടച്ചതിനാൽ സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ പോകുന്നത്. ഈ ഭാഗത്തെ വീതിക്കുറവു കാരണം ആയിരക്കണക്കിനു വാഹനങ്ങൾ റോഡിൽ കുടുങ്ങുകയാണ്.
രണ്ടു വരിയായും മൂന്നു വരിയായും പോയിരുന്ന പാതയ്ക്കു പകരം ഒറ്റ വരിയോ രണ്ടു വരിയോ ആയി തിങ്ങിഞെരുങ്ങി പോകേണ്ടി വന്നതു വാഹനങ്ങളെ ഏറെ സമയം വരി നിർത്തി. ഇന്ധനനഷ്ടവും സാമ്പത്തികനഷ്ടവും സമയനഷ്ടവും സഹിക്കേണ്ട സ്ഥിതിയിലായി വാഹന ഉടമകളും ഡ്രൈവർമാരും യാത്രക്കാരും. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ ദുരിതപൂർണമാകും. അടിപ്പാതയുടെ അനുബന്ധ റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിനായി ദേശീയപാതയിൽ കുഴിച്ചിട്ടുണ്ട്. മഴ പെയ്താൽ ഈ ഭാഗം ഇടിയാനും സാധ്യതയുണ്ട്.
അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടു പോകുന്നുണ്ടെന്നാണു കരാർ കമ്പനിയുടെ അവകാശവാദം. പണികൾ തീരാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണു ദേശീയപാത അതോറിറ്റി അധികൃതർ നൽകുന്ന സൂചന. ഗതാഗതക്കുരുക്കും അതുവരെ നീളുമോയെന്നാണു ജനങ്ങളുടെ ആശങ്ക. ദീർഘദൂരയാത്രക്കാരും പ്രാദേശിക യാത്രക്കാരും ഗതാഗതക്കുരുക്കിൽ പെടുന്നുണ്ട്. ഗതാഗതക്കുരുക്കു പരിഹരിക്കാൻ കലക്ടറുടെയും എംഎൽഎയുടെയും ദേശീയപാത അതോറിറ്റിയുടെയും പൊലീസിന്റെയും യോഗത്തിൽ പരിഹാരമാർഗങ്ങൾ നിർദേശിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല.