
മുതലപ്പൊഴി: മണൽ അടിഞ്ഞുകൂടി; അഴിമുഖ മുനമ്പ് അടഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറയിൻകീഴ്∙മത്സ്യത്തൊഴിലാളി മേഖലയിൽ ആശങ്കയൊരുക്കി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിലെ അഴിമുഖ മുനമ്പ് മണൽ അടിഞ്ഞുകൂടി അടഞ്ഞു. അഴിമുഖ ചാനൽ പൂർണമായി അടഞ്ഞതോടെ ആയിരത്തോളം തൊഴിലാളികൾ മത്സ്യബന്ധനത്തിനിറങ്ങാൻ കഴിയാത്ത സ്ഥിതിയിൽ. അഴിമുഖത്തെ മണൽനീക്കം ഭാഗികമായി നടന്നുവരുന്നതിനിടെയാണു മണൽതിട്ടകൾ രൂപം കൊണ്ടത്. കഴിഞ്ഞ ദിവസം പുറംകടലിൽ മത്സ്യബന്ധനത്തിനു പോയി തിരികെയെത്തിയ എട്ടോളം ബോട്ടുകൾ അഴിമുഖം വഴി കരയിലെത്താൻ കഴിയാതെ വന്നതോടെ തിരികെ കൊല്ലം നീണ്ടകരയിലെത്തി കരയ്ക്കണഞ്ഞു. കഴിഞ്ഞ ദിവസം വരെ വേലിയേറ്റ സമയങ്ങളിൽ അഴിമുഖ ചാനലിലൂടെ തോടിനു സമാനമായ ഭാഗത്തുകൂടിയാണു ബോട്ടുകൾ കടലിലിറക്കിയത്. കടലിനും അഞ്ചുതെങ്ങ് കായലിനും മധ്യേയുള്ള അഴിമുഖ ചാനൽ അടഞ്ഞതോടെ കായൽത്തീര മേഖലയിൽ വെള്ളപ്പൊക്കഭീഷണിയും ഉയർന്നു കഴിഞ്ഞു.
മണൽനീക്കത്തിനായി തുറമുഖ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ഡ്രജറിനു ശേഷി കുറവാണെന്നു നേരെത്തെ കണ്ടെത്തിയിരുന്നു. രണ്ടുലക്ഷത്തിലധികം ക്യൂബിക് മീറ്റർ മണലാണു ഇവിടെനിന്നു നീക്കം ചെയ്യേണ്ടതുള്ളത്. ശക്തമായ തിരയടിയിൽ അഴിമുഖത്ത് ഒരോദിവസവും അപകടകരമാംവിധം മണൽ അടിഞ്ഞുകൂടുകയാണ്. ഇതിനു പരിഹാരമായി ശക്തികൂടിയ ഡ്രജർ എത്തിക്കണമെന്ന് ഒരാഴ്ചമുൻപു സ്ഥലത്തെത്തിയ ഉദ്യോഗസ്ഥസംഘം അഭിപ്രായപ്പെട്ടിരുന്നു.മാരിടൈം ബോർഡിന്റെ കണ്ണൂർ അഴീക്കൽ ഹാർബറിലുള്ള ഡ്രജർ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നതായി തുറമുഖ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മാത്യു അറിയിച്ചെങ്കിലും നീണ്ടുപോകുന്നതു തീരത്തു കൂടുതൽ പ്രശ്നങ്ങൾക്കു വഴിയൊരുക്കിയേക്കും. 11വർഷങ്ങൾക്കു ശേഷമാണിപ്പോൾ പൊഴിമുഖം മണൽകയറി പൂർണമായും അടയുന്നത്.