
കണിക്കൊന്ന കൊണ്ട് തലപ്പാവ്! കോൽക്കളി പിറന്നത് ഇവിടെ; വിഷു വ്യത്യസ്തമാക്കണോ? ഈ നാട്ടിലേക്കു പോയാലോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ആഘോഷിച്ചാലോ? വിഷുക്കണിക്കും കൈനീട്ടത്തിനും പുറമെ വേറിട്ട ചടങ്ങുകളാണ് ഇവിടെ. ഓണമായാലും ആദിവാസികളുടെ ആഘോഷങ്ങൾ വേറെ ലെവലാണ്. ആചാര അനുഷ്ഠാനങ്ങളിൽ സ്വന്തം ചിട്ടവട്ടങ്ങളും. വിഷുവിന് വയനാട്ടിലും ഒരുക്കം തുടങ്ങി. വിഷു എത്തിയെന്ന് അറിയിച്ച് ‘നാടുണർത്തൽ’ ചടങ്ങ് ഊരുകളിൽ ആരംഭിച്ചു. കാട്ടുനായ്ക്കർ വിഭാഗം കൊട്ടും പാട്ടുമായി വീടുകൾ തോറും കയറി ഇറങ്ങി കോൽക്കളി നടത്തുന്നതാണ് ചടങ്ങ്. തിരുനെല്ലി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ആചാരം.
ആൺ വേഷവും പെൺവേഷവും കെട്ടിയാണ് ആളുകൾ കോൽക്കളിയുമായി എത്തുന്നത്. ഏറ്റവും രസകരമായത്, കണിക്കൊന്നപ്പൂവ് കൊണ്ട് തലപ്പാവും അര വസ്ത്രവും കെട്ടി ഒരാളുണ്ടാകും. ദേഹം മുഴുവൻ ചായം പൂശുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരിക്കും. കൂടാതെ സ്ത്രീ വേഷം കെട്ടിയ മറ്റൊരാളും ഇവരുടെ കൂടെ ഉണ്ടാകും. പത്തോളം വരുന്ന സംഘമാണ് കളിക്കാനുണ്ടാകുക. സ്ത്രീയുടെ വേഷം കെട്ടിയ ആളും കൊന്നപ്പൂ വേഷം കെട്ടിയ ആളും മുതൽ മുണ്ടുടുത്ത ആളും പാന്റിട്ട ആളും വരെ സംഘത്തിൽ കളിക്കാരായുണ്ടാകും. അതായത് പുരാതന വേഷം മുതൽ ആധുനിക കാലത്തെ വേഷം വരെ അണിഞ്ഞവർ ഒരുമിച്ച് ചുവടുവയ്ക്കുന്നു.
∙ തിരുനെല്ലിയിൽ കാണിക്ക, തിരുനടയിൽ കോൽക്കളി
വേഷം ഏതായാലും വ്രതമെടുത്തവരെ കളിക്കാനിറങ്ങൂ. ആദിവാസി മൂപ്പൻമാർ മുളക്കോൽ വെട്ടിയൊരുക്കി കണിക്കൊന്നയുടെ ചുവട്ടിൽ പൂജയ്ക്ക് വയ്ക്കും. വിഷുവിന് ആറ് ദിവസം മുൻപ് ഈ കോലുകൾ എടുത്ത് വീടുകൾ തോറും കയറി ഇറങ്ങി കളിക്കാൻ തുടങ്ങും. വീടുകളിൽ നിന്നും കാണിക്ക സ്വീകരിക്കും. അരിയും പണവും നെല്ലുമെല്ലാം കാണിക്കയായി കിട്ടും. വിഷുദിനത്തിൽ കാണിക്കയുമായി ഇവർ രാവിലെ തിരുനെല്ലി ക്ഷേത്രത്തിൽ എത്തും. പിന്നെ ഉച്ചവരെ ക്ഷേത്രത്തിൽ കോൽക്കളിയാണ്. പല ദേശത്തു നിന്നും കോൽക്കളി സംഘങ്ങൾ തിരുനെല്ലിയിലെത്തിയിട്ടുണ്ടാകും.
കർണാടകയുടെ ഭാഗങ്ങളിൽ നിന്നും കോൽക്കളി സംഘങ്ങൾ വരും. അൻപതോളം സംഘങ്ങൾ ഇങ്ങനെ വർഷം തോറും എത്താറുണ്ട്. രാവിലെ എത്തുന്ന ഓരോ സംഘവും മാറിമാറി ക്ഷേത്രപരിസരത്ത് കോൽ കളിക്കും. 101 രൂപയും കാണിക്കയായി ലഭിച്ചതിന്റെ നിശ്ചിത ഭാഗവും ക്ഷേത്രത്തിൽ സമർപ്പിക്കും. പിന്നീട് താഴെ ക്ഷേത്രത്തിലെത്തി മുളക്കോൽ സമർപ്പണം നടത്തും. തുടർന്ന് ഊരുകളിലേക്ക് തിരിച്ചു പോകും. കാണിക്കയായി ലഭിച്ചതിൽ ക്ഷേത്രത്തിൽ സമർപ്പിച്ചതിന്റെ ബാക്കി ഉപയോഗിച്ച് ഊരുകളിൽ വൈകിട്ട് സദ്യ ഒരുക്കും. സമൃദ്ധമായ സദ്യയോടെ വിഷുവിന് പരിസമാപ്തിയാകും.
∙ മഹാവിഷ്ണു ഉറക്കത്തിൽ മൂപ്പന് പറഞ്ഞു കൊടുത്ത പാട്ട്
കോൽക്കളിയുെട ഉത്ഭവം തന്നെ തിരുനെല്ലിയിലാണ് എന്ന് വിശ്വസിക്കുന്നവരാണ് കാട്ടുനായ്ക്കർ. ഊരിലെ മൂപ്പന് മഹാവിഷ്ണു ഉറക്കത്തിനിടെയാണ് കോൽക്കളി പാട്ടും ചുവടുകളും പകർന്നു നൽകിയതെന്നാണ് ഐതിഹ്യം. ഓരോ ദിവസവും ഓരോ വായ്ത്താരികളും ചുവടുകളും വീതം 12 ദിവസം കൊണ്ടാണ് 12 വരികളും ചുവടുകളും പകർന്നു നൽകിയതെന്നാണ് കഥ. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ് കോൽക്കളി നടത്തുന്നത്.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച സന്തോഷം നാടെങ്ങും ആഘോഷിക്കുമ്പോൾ കാട്ടുനായ്ക്കർ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ ഒരാഴ്ചമുൻപ് തന്നെ കോൽക്കളിയുമായി നാടുനീളെ നടക്കുകയാണ്. പ്രത്യേക വേഷവിധാനത്തോടെ കാട്ടുനായ്ക്കർ അവതരിപ്പിക്കുന്ന കോൽക്കളി മറ്റെവിടെയും കാണാൻ സാധിക്കില്ല. കാലവും കോലവും മാറിയെങ്കിലും കാൽച്ചുവടുകൾക്കും പാട്ടുകൾക്കും മാറ്റം വരാതെ ഇന്നും ചാണകം തളിച്ച് െമഴുകിയ ആദിവാസി മുറ്റങ്ങളിൽ കോൽക്കളിച്ചുവടുകൾ താളംപെരുക്കുന്നു.