
കുന്നമംഗലം, കാരന്തൂർ ടൗണുകളിൽ ബൈപാസ് റോഡ് വേണമെന്നാവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നമംഗലം ∙ ദേശീയപാത 766 നവീകരിക്കുമ്പോൾ തിരക്കേറിയ കുന്നമംഗലം, കാരന്തൂർ ടൗണുകളിൽ ബൈപാസ് റോഡ് നിർമിക്കണമെന്ന് ആവശ്യം. മലാപ്പറമ്പ് മുതൽ മുത്തങ്ങ കേരള അതിർത്തി വരെ നാലു വരി പാതയായി വികസിപ്പിക്കുന്ന റോഡിൽ നിലവിലെ പദ്ധതി രേഖ അനുസരിച്ചു കുന്നമംഗലത്ത് ബൈപാസിന് നിർദേശം ഇല്ല.ചെറിയ ടൗണുകളിൽ പോലും ബൈപാസ് റോഡ് നിർമിക്കുന്നതു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്കും ഗതാഗതക്കുരുക്കും പതിവായ കുന്നമംഗലം– കാരന്തൂർ ഭാഗങ്ങളിൽ ബൈപാസ് എന്ന ആവശ്യം ശക്തമായി. നിലവിൽ പൂനൂർ പുഴയോരത്ത് കൂടെ കടന്നു പോകുന്ന ബദൽ റോഡുകൾ ബന്ധിപ്പിച്ച് ദേശീയപാതയ്ക്കു ബദൽ യാത്രാ മാർഗം ഒരുക്കണമെന്ന നിർദേശവും ഇതു വരെ പൂർത്തിയായിട്ടില്ല. മാത്രമല്ല ഇങ്ങനെ റോഡ് നിർമിച്ചാലും പ്രളയ കാലത്ത് ഉപകാരപ്പെടില്ലെന്ന് അഭിപ്രായവും ഉണ്ട്.
കാരന്തൂർ ഹരഹര ക്ഷേത്രം പരിസരത്ത് നിന്നു തുടങ്ങി ഏട്ടക്കുണ്ട്, തൈക്കണ്ടി കടവ്, പുറ്റുമണ്ണിൽതാഴം വഴി പടനിലം, കൊടുവള്ളി ഭാഗങ്ങളിൽ എളുപ്പം എത്തിച്ചേരാൻ കഴിയുമെന്നാണ് അഭിപ്രായം. ഇങ്ങനെ റോഡ് നിർമിക്കാൻ 5 കിലോമീറ്ററിൽ താഴെ ദൂരം മാത്രം പുതിയ റോഡ് നിർമിച്ചാൽ മതി.ജനവാസ മേഖല ഒഴിവാക്കി നിർമിക്കാൻ കഴിയുന്ന റോഡിൽ നൂറിൽ താഴെ കെട്ടിടങ്ങൾ മാത്രമേ ഏറ്റെടുക്കാനുണ്ടാകൂവെന്ന് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗങ്ങളിൽ റോഡ് പൂർത്തിയായാൽ വൻ വികസനത്തിനും ഇടയാക്കും.നിലവിൽ കാരന്തൂർ മുതൽ കുന്നമംഗലം വരെ ഭാഗങ്ങളിൽ നിർദിഷ്ട ഡിപിആർ അനുസരിച്ച് റോഡ് നിർമിച്ചാൽ ആയിരക്കണക്കിനു കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും അപ്രത്യക്ഷമാകുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഇതിന്റെ പകുതി തുക ചെലവഴിച്ച് ബൈപാസ് റോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്നും ദേശീയപാതയോരത്തെ മർകസ്, ഐഐഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ തനിമ നിലനിർത്താനും കഴിയുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
ദേശീയപാത വികസനം കുന്നമംഗലം ടൗൺ ഒഴിവാക്കി കാരന്തൂർ മുതൽ പടനിലം വരെ ബൈപാസ് നിർമിക്കണം എന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് എം.ബാബുമോൻ, പി.ജയശങ്കർ, എൻ.വിനോദ് കുമാർ, കണ്ണോറ സുനിൽ കുമാർ, എം.പി.മൂസ, ടി.സി.സുമോദ്, ടി.വി.ഹാരിസ്, കെ.സജീവൻ, എം.കെ.റഫീക്ക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.