
തീ കൊടുത്താൽ മുട്ടയിടുന്ന എമു; വിഷു വിപണിയിൽ 16 പുതിയ പടക്കങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ തീ കൊടുത്തു കഴിഞ്ഞാൽ പൂത്തിരി പോലെ കത്തും, കുറച്ചു കഴിഞ്ഞ് വന്ന് ഒരു മുട്ടയിടും. പടക്ക വിപണിയിലെ പുതിയ താരമാണ് മുട്ടയിടുന്ന എമു. ഇതിനോടൊപ്പം ചോക്ലേറ്റ് ചക്രം, 30 ഷോട്ട് മൾട്ടി കളർ, ഗദ, വാൾ തുടങ്ങി പഴയതും പുതിയതുമായ ജനപ്രിയ പടക്കങ്ങളുമായി വിഷു പടക്ക വിപണി ജില്ലയിൽ സജീവമായി.വിഷുവിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ പടക്ക കടകളിൽ വലിയ തിരക്കാണ്. ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം ജില്ലയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി പടക്ക വിപണിയിൽ പ്രതിഫലിക്കുന്നില്ലെന്നാണു വ്യാപാരികൾ പറയുന്നത്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും കച്ചവടം നടക്കുന്നുണ്ട്. വെറൈറ്റി പടക്കങ്ങൾക്കാണ് ഇത്തവണയും ആവശ്യക്കാർ അധികം. 16 തരം പുതിയ പടക്കങ്ങൾ വിപണിയിലുണ്ട്. പല നിറങ്ങളിൽ പൊട്ടുന്ന 30 ഷോട്ട് മൾട്ടി കളറിനാണ് ആവശ്യക്കാർ ഏറെ. 5 രൂപ മുതൽ 12500 രൂപ വരെ വിലയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്.കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് പ്രധാനമായും പടക്കങ്ങൾ ജില്ലയിലെത്തുന്നത്. ചുരുക്കം കച്ചവടക്കാർ ശിവാകാശിയിൽ നിന്നു നേരിട്ടും പടക്കങ്ങൾ എത്തിക്കുന്നുണ്ട്.ലൈസൻസ് പുതുക്കുന്നതിൽ സർക്കാർ തലത്തിൽ ഉണ്ടായ താമസം ചില വ്യാപാരികളെ ബാധിച്ചിട്ടുണ്ട്.
ഓൺലൈൻ വ്യാപാരം സജീവം
അനധികൃത ഓൺലൈൻ വ്യാപാരം ജില്ലയിൽ സജീവമാണ്. കടകളിൽ വിൽക്കാനുള്ള ലൈസൻസ് ഉപയോഗിച്ചാണ് ഓൺലൈനായി പടക്ക വ്യാപാരം നടത്തുന്നത്. ഇത്തരത്തിൽ ശിവകാശിയിൽ നിന്നെത്തിച്ച പടക്കങ്ങൾ കഴിഞ്ഞ മാസം ബത്തേരി പൊലീസ് പിടികൂടിയിരുന്നു. സുരക്ഷ ഇല്ലാതെ പടക്കങ്ങൾ എത്തിച്ചതിനാണു കേസെടുത്തത്. പടക്കങ്ങൾ കടകളിൽ നിന്നു വിൽക്കാനാണ് ലൈസൻസ് നൽകുന്നതെന്നും അത് ഉപയോഗിച്ച് ഓൺലൈൻ പടക്ക വ്യാപാരം നടത്തരുതെന്നും പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷൻ അധികൃതർ അറിയിച്ചു.