
ന്യൂഡൽഹി∙ തീരുവയുദ്ധത്തിൽ 90 ദിവസത്തെ ഇളവ് കിട്ടിയതിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാമെങ്കിലും മുന്നോട്ടുള്ള യാത്ര അനിശ്ചിതത്വം നിറഞ്ഞതാണ്.
യുഎസുമായി ചർച്ചയ്ക്ക് തയാറാകുന്ന രാജ്യങ്ങളെ പോലും അശ്ലീല പരാമർശം ഉപയോഗിച്ച് ട്രംപ് പരിഹസിക്കുക കൂടി ചെയ്തതോടെ ഇന്ത്യ–യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാവിയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.
എത്രയും വേഗം വ്യാപാരചർച്ച പൂർത്തിയാക്കി കരാർ യാഥാർഥ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. തീരുവ ഭീഷണി നിലനിൽക്കുന്നതിനാൽ ചർച്ചയിൽ ഇന്ത്യ കാര്യമായ വിട്ടുവീഴ്ചകൾ നടത്തേണ്ടി വന്നേക്കാം. യുഎസിന്റെ സമ്മർദത്തിൽ ഇന്ത്യ വീണു പോകരുതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ വർഷം അവസാനം കരാർ യഥാർഥ്യമാകുമോയെന്നു പോലും പറയാൻ കഴിയില്ലെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ട്രംപിന്റെ വിമർശകനുമായ ജെഫ്രി സാക്സ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയുടെ കൃഷി, ഓട്ടമൊബീൽ, ഫാർമ രംഗങ്ങൾക്ക് വെല്ലുവിളിയാകാം എന്നതിനാൽ വ്യാപാര കരാറിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഗവേഷണ സ്ഥാപനമായ ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ഇന്നലെ മുന്നറിയിപ്പ് നൽകിയത്. തീരുമാനങ്ങൾ അടിക്കടി മാറ്റുന്ന യുഎസിനെ ഉഭയകക്ഷി ചർച്ചയിൽ ഇനി എത്രത്തോളം വിശ്വസിക്കാമെന്ന ചോദ്യവുമുണ്ട്. 26% തീരുവ ഉടൻ നടപ്പാകില്ലെങ്കിലും 10% എന്ന അധിക തീരുവ നിലവിൽ പ്രാബല്യത്തിലായിക്കഴിഞ്ഞു.
എന്തായിരുന്നു ലക്ഷ്യം?
‘പകരം തീരുവ’ ഏർപ്പെടുത്തുന്നതിൽ 90 ദിവസം കാലതാമസം ഏർപ്പെടുത്താൻ നേരത്തേ തന്നെ യുഎസിനു പദ്ധതിയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ, തീരുവ ചുമത്തുകയെന്നതിനു പകരം, രാജ്യങ്ങളെ ഭയപ്പെടുത്തി കാൽക്കീഴിലെത്തിക്കുകയെന്ന നയമാണ് യുഎസ് നടപ്പാക്കിയത്.
ആരൊക്കെ തിരിച്ചടിക്കുമെന്നും, ആരൊക്കെ കാൽക്കൽ വീഴുമെന്നും തിരിച്ചറിയാനുള്ള പരീക്ഷണമായിരുന്നു ട്രംപിന്റേത്. കാൽക്കീഴിലെത്തിച്ച സ്ഥിതിക്ക് ഭൂരിഭാഗം രാജ്യങ്ങൾക്കും യുഎസിന്റെ വിവിധ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടി വന്നേക്കാം.
തിരിച്ചടി തീരുവ നടപ്പാക്കിയതിന്റെ പേരിൽ ചൈനക്കുമേൽ തീരുവ കൂട്ടിയപ്പോൾ, യുഎസിനെതിരെ തിരിച്ചടി തീരുവ പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയന് ഇളവു നൽകുകയാണ് ചെയ്തത്. അതുകൊണ്ട്, ചൈനയെ ഒറ്റപ്പെടുത്തുകയെന്ന യുഎസ് ലക്ഷ്യവും ഇതിനു പിന്നിലുണ്ടാകാം.
ചൈനയ്ക്കു പകരമാകുമോ?
ചൈനയ്ക്കെതിരെ യുഎസിന്റെ തീരുവയുദ്ധം തുടരുന്നത് ഇന്ത്യയ്ക്ക് ഗുണമാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. അവിടുത്തെ പല കമ്പനികളും താരതമ്യേന തീരുവ കുറഞ്ഞ ഇന്ത്യയിലേക്ക് ഫാക്ടറികൾ മാറ്റിസ്ഥാപിക്കുമെന്നതാണ് ഈ ചിന്തയ്ക്കു പിന്നിൽ. എന്നാൽ യുഎസിൽ അല്ലാതെ മറ്റൊരു രാജ്യത്തും ഉൽപാദന ശൃംഖല വളരുന്നതിൽ ട്രംപിന് താൽപര്യമില്ല. അതുകൊണ്ട് ചൈനയ്ക്ക് പകരക്കാരനാകാമെന്ന ഇന്ത്യയുടെ സ്വപ്നത്തിന് വലിയ ആയുസ്സില്ല. ചൈനയുമായുള്ള തീരുവയുദ്ധം യുഎസ് ഒറ്റരാത്രികൊണ്ട് പിൻവലിച്ചെന്നും വരാം. കാരണം, ചൈനയിൽ നിന്നുള്ള ഇറക്കുമതി പാടേ ഒഴിവാക്കി മുന്നോട്ടുപോവുക യുഎസിന് എളുപ്പമേയല്ല. ഇത്രയും അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് എത്രത്തോളം വമ്പൻ നയതീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നും സംശയമുണ്ട്.
ചൈന പോലെയുള്ള രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം ഇവിടെ നിന്നു കുറഞ്ഞ തീരുവ നൽകി കയറ്റി അയയ്ക്കുന്നതിന് എതിരെയും (റീ–റൂട്ടിങ്) കേന്ദ്രം കയറ്റുമതിക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് യുഎസിനെ പ്രകോപിപ്പിച്ചേക്കാം എന്നാണ് വിലയിരുത്തൽ.
പകരം തീരുവ: ഇന്ത്യയുടെ വളർച്ച നിരക്ക് കുറച്ച് മൂഡീസ്
ന്യൂഡൽഹി∙ നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ വളർച്ച നിരക്ക് സംബന്ധിച്ച അനുമാനം മൂഡീസ് അനലിറ്റിക്സ് 6.4 ശതമാനമായിരുന്നത് 6.1 ശതമാനമായി കുറിച്ചു. 90 ദിവസത്തിനു ശേഷം യുഎസിന്റെ വ്യാപാര തീരുവ ഏൽപ്പിക്കാൻ സാധ്യതയുള്ള ആഘാതം കണക്കിലെടുത്താണ് അനുമാനം പുതുക്കിയത്. രത്നങ്ങൾ, ജ്വല്ലറി, മെഡിക്കൽ ഉപകരണങ്ങൾ, ടെക്സ്റ്റൈൽസ് എന്നീ മേഖലകളെ തീരുവയുദ്ധം ബാധിച്ചേക്കാമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് രാജ്യത്തിന്റെ വളർച്ച അനുമാനം 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കഴിഞ്ഞ ദിവസം കുറച്ചിരുന്നു.