ചാലക്കുടി ∙ യാത്രക്കാർക്കു വിഷുക്കൈനീട്ടമായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസി ഘടിപ്പിച്ച് നിരത്തിലെത്തുന്നു. ആദ്യ ബസ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എൻജിനീയറിങ് കമ്പനിയിൽ എസി ഘടിപ്പിച്ച് കെഎസ്ആർടിസിക്കു കൈമാറി. 6.2 ലക്ഷം രൂപയാണു എസി സംവിധാനം ഒരുക്കിയതിനു ചെലവായത്.

കെഎസ് 376 നമ്പറുള്ള സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് നേമത്തെ കെഎസ്ആർടിസിയുടെ ഗാരിജിൽ പെയ്ന്റിങ്, സ്റ്റിക്കർ ജോലികൾ നടത്തി ദിവസങ്ങൾക്കകം നിരത്തിലിറക്കാനാണു ശ്രമം. പരീക്ഷണം വിജയകരമായാൽ ശേഷിച്ച എസി സംവിധാനത്തിലേക്കു മാറ്റാൻ ആലോചനയുണ്ട്. ഇതുസംബന്ധിച്ചു മന്ത്രി കെ.ബി. ഗണേഷ്കുമാർ നിയമസഭയിൽ പ്രഖ്യാപനം നടത്തിയിരുന്നു.

ഹൈബ്രിഡ് എസി ഘടിപ്പിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിനുള്ളിലെ ക്രീമീകരണങ്ങൾ

180 ആംപിയറിന്റെ 4 ബാറ്ററികൾ ഉപയോഗിച്ചാണു എസിയുടെ പ്രവർത്തനം. നേരിട്ട് എൻജിനുമായി ബന്ധം ഇല്ലാതെ, ബാറ്ററികൾ ഓൾട്ടനേറ്ററുമായി ഘടിപ്പിച്ചാണ് ‘ഹൈബ്രിഡ് എസി’ പ്രവർത്തിപ്പിക്കുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യാതെ തന്നെ എസി പ്രവർത്തിപ്പിക്കാനാകും. എസി പ്രവർത്തിപ്പിച്ചാലും ഇന്ധന ചെലവ് കാര്യമായി കൂടുകയുമില്ല. ബസിനു കാര്യമായ ഇൻസുലേഷൻ നടത്തിയിട്ടുണ്ട്.

English Summary:

KSRTC’s Swift Superfast buses are getting an AC upgrade! The first AC-fitted bus is ready to hit the roads, offering passengers a more comfortable ride.