
കൊച്ചി∙ തീരുവകൾ കൂട്ടി ആഗോള ധനകാര്യ ഗോദയിൽ വെല്ലുവിളിച്ചു നിന്ന ട്രംപ് പെട്ടെന്നു പിന്മാറിയത് യുഎസ് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതും നിക്ഷേപകർ അവ വിറ്റൊഴിവാക്കാൻ തുടങ്ങിയതും കാരണം. ബോണ്ട് നിക്ഷേപ വരുമാനം കൊണ്ടു ചെലവുകൾ നടത്തി പിടിച്ചു നിൽക്കുന്ന യുഎസിന് കനത്ത അടിയായി സാമ്പത്തിക തകർച്ചയുടെ സൂചനകൾ.
തീരുവകൾ അമിതമായി വർധിപ്പിക്കുക, ഭീഷണിയിലായ രാജ്യങ്ങളെ വരുതിയിലാക്കി വില പേശി യുഎസിന് വാണിജ്യ ആനുകൂല്യങ്ങൾ നേടുക എന്നതായിരുന്നു ട്രംപിന്റെ തന്ത്രം. ഓഹരി വിപണിയിൽ ഇടിവുണ്ടാകും എന്നു പ്രസിഡന്റും ഉപദേഷ്ടാക്കളും പ്രതീക്ഷിച്ചിരുന്നതിനാൽ കാര്യമാക്കിയില്ല. പക്ഷേ, ട്രഷറി ബോണ്ടുകളുടെ തകർച്ച അപ്രതീക്ഷിതമായിരുന്നു. അതോടെ തീരുവകൾ മരവിപ്പിക്കാൻ ട്രംപ് നിർബന്ധിതനായി. മുൻ ട്രഷറി സെക്രട്ടറി ലോറൻസ് സമ്മേഴ്സ് നൽകിയ ദുരന്ത സൂചനയും പിൻമാറ്റത്തിനു പ്രേരകമായി.
എന്തുകൊണ്ടാണ് ട്രഷറി ബോണ്ട് വിപണിക്ക് ഇത്ര പ്രാധാന്യം? യുഎസ് വലിയ സാമ്പത്തിക ശക്തിയാണെങ്കിലും രാജ്യാന്തര കടം അതിഭീമമാണ്– 36.2 ലക്ഷം കോടി ഡോളർ. വിവിധ രാജ്യങ്ങളും ബാങ്കുകളുമെല്ലാം യുഎസ് ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നു. ആവശ്യം വന്നാൽ പെട്ടെന്നു വിറ്റു പണമാക്കാവുന്ന സുരക്ഷിത നിക്ഷേപമെന്നതാണു കാരണം. ജപ്പാന് 1,07900 കോടി ഡോളറും ചൈനയ്ക്ക് 76000 കോടി ഡോളറും ബോണ്ട് നിക്ഷേപമുണ്ട്.
ഇന്ത്യ പോലും 22500 കോടി ഡോളർ അമേരിക്കൻ ബോണ്ടിൽ നിക്ഷേപിച്ചിരിക്കുന്നു. വർഷം തോറും താനെ വന്നു കുമിയുന്ന ഈ പണം ഉപയോഗിച്ചാണ് യുഎസ് സർക്കാരിന്റേതായി ഈ കാണുന്ന ആഘോഷമെല്ലാം. ഭീമമായ കടങ്ങൾ വീട്ടുന്നതും ഇതിലെ വരുമാനം ഉപയോഗിച്ചാണ്.
തീരുവകൾ കൂട്ടിയപ്പോൾ എന്തു സംഭവിച്ചു? ആദ്യം ബോണ്ട് വരുമാനം അര ശതമാനം കൂടി. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് വർഷം തോറും കിട്ടുന്ന പലിശയാണിത്. അങ്ങനെ ബോണ്ട് പലിശ കൂടിയപ്പോൾ അതു മുതലാക്കാൻ നിക്ഷേപകർ ബോണ്ട് വിൽക്കാൻ തുടങ്ങി. അതോടെ ബോണ്ടുകളുടെ വിലയിടിഞ്ഞു. പ്രതികാര മോഡിലേക്കു മാറിയ ചൈനയും മറ്റും ബോണ്ടുകൾ കൂട്ടത്തോടെ വിൽക്കാൻ തുടങ്ങിയാൽ…?
ബോണ്ട് നിക്ഷേപത്തിലൂടെ ഡോളർ ഇങ്ങോട്ടു വരുന്നതിനു പകരം അങ്ങോട്ട് കൊടുക്കേണ്ട സ്ഥിതി. ബുധൻ രാവിലെ യുഎസിലെ ഇപ്പോഴത്തെ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റും ഇതേ അപകട സൂചന നൽകുകയായിരുന്നു.
തീരുവകൾ മരവിപ്പിച്ചെങ്കിലും യുഎസിനു 2 തീരാനഷ്ടമുണ്ട്. 1. ലോകരാജ്യങ്ങൾക്കു യുഎസിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. 2. ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം പോയി. രണ്ടും വേഗം തിരിച്ചുപിടിക്കാനും കഴിയില്ല.
ഹോളിവുഡ് സിനിമകളുടെ ഇറക്കുമതി കുറച്ച് ചൈന
ബെയ്ജിങ്: വാണിജ്യ രംഗത്ത് ഭീഷണി വേണ്ടെന്നും മാന്യമായ ചർച്ചയ്ക്ക് തയാറാണെന്നും യുഎസിനോട് ചൈന. മറ്റു രാജ്യങ്ങൾക്കു മേൽ പകരം തീരുവ ചുമത്തിയ നടപടി നിർത്തി വച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനയ്ക്ക് എതിരെ 125% തീരുവ ചുമത്തിയതിനോടാണ് ചൈനയുടെ പ്രതികരണം. ഹോളിവുഡ് സിനിമകളുടെ ഇറക്കുമതി ചൈന വെട്ടിക്കുറയ്ക്കുകയും ചെയ്തു.
തുല്യത അംഗീകരിച്ചും പരസ്പര ബഹുമാനത്തോടെയുമുള്ള ചർച്ചകൾക്ക് ചൈന തയാറാണ്.
എന്നാൽ യുഎസിന് വാണിജ്യ യുദ്ധമാണ് വേണ്ടെതെങ്കിൽ അവസാനം വരെയും പോരാടാൻ ചൈന തയാറാണ്– വാണിജ്യ മന്ത്രാലയം വക്താവ് പറഞ്ഞു.
പകരം തീരുവ നടപടികൾ യുഎസ് നിർത്തി വച്ച സാഹചര്യത്തിൽ തങ്ങളും പ്രതികരണ നടപടികൾ നിർത്തിവയ്ക്കുകയാണെന്ന് യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൻ ഡെ ലെയ്ൻ അറിയിച്ചു.