
നാഗമ്പടം റെയിൽവേ മേൽപാലത്തിന്റെ മുഖഛായ മാറ്റിവരയ്ക്കാനുള്ള തയാറെടുപ്പിൽ ചിത്രകാരൻ അജയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജീവിതത്തെ കാൻസർ പിടികൂടിയപ്പോൾ കലയുടെ കൂട്ടുപിടിച്ചു മുന്നോട്ടുകുതിക്കുകയാണ് ചിത്രകാരനായ എൻ.അജയൻ. കൊല്ലം വള്ളിക്കാവ് സ്വദേശിയായ അജയൻ 25 വർഷമായി നഗരത്തിലെ താമസക്കാരനാണ്. ഒട്ടേറെ പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ തയാറാക്കിയിട്ടുള്ള അജയനു കലയാണ് ജീവിതം. കോട്ടയം നഗരത്തിലേക്കുള്ള പ്രവേശനകവാടമായ നാഗമ്പടം റെയിൽവേ മേൽപാലത്തിന്റെ മുഖഛായ മാറ്റിവരയ്ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.
വിദേശത്തും മറ്റും ധാരാളം ജനശ്രദ്ധ നേടിയ ഗ്രാഫിറ്റി എന്ന കലയെ നഗരവാസികൾക്കു പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. സാധാരണ സ്പ്രേ പെയ്ന്റ് ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ ബ്രഷ് ഉപയോഗിച്ച് വരയ്ക്കാനാണു തീരുമാനം. സ്പ്രേ ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല എന്നതാണ് കാരണം. റെയിൽവേയിൽനിന്നും പൊതുമരാമത്ത് വകുപ്പിൽനിന്നും നിയമാനുസൃതമായ അനുമതി നേടി.
അജയൻ ഒറ്റയ്ക്ക് ആയിരിക്കില്ല ചിത്രങ്ങൾ വരയ്ക്കുന്നത്. നഗരത്തിലെ മറ്റു ചിത്രകാരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും. മേൽപാലത്തിലെ പ്രധാനഭാഗത്തു സാഹിത്യകാരന്മാരുടെ ചിത്രങ്ങളാകും ആദ്യം വരയ്ക്കുക. 50,000 ചതുരശ്രയടിയിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. മേയ് മാസത്തോടെ ചിത്രരചന ആരംഭിക്കും.
താൽപര്യമുള്ള ആർക്കും വരയ്ക്കാം. ഇതിനായി ആരിൽനിന്നും പണം സ്വീകരിക്കില്ല. തനിക്കൊപ്പം ചിത്രരചനയിൽ പങ്കെടുക്കുന്നതിനു കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ചിത്രകലാ പരിശീലനം നൽകുന്നുണ്ട്. 2022ൽ ആരംഭിച്ച കൊല്ലം -വള്ളിക്കാവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എസ്മോ ആർട്ട് അക്കാദമിയിലൂടെ അതിനു സൗകര്യമൊരുക്കും. ഇന്നു 10ന് എസ്മോ ആർട്ട് അക്കാദമിയുടെ കോട്ടയത്തെ ശഖ നാഗമ്പടം – ചുങ്കം റോഡിൽ (പനയക്കഴിപ്പ് കര) ശങ്കരപുരം ക്ഷേത്രാങ്കണത്തിൽ പ്രവർത്തനമാരംഭിക്കും.മാവേലിക്കര രവിവർമ അക്കാദമിയിൽനിന്നു പഠനം പൂർത്തിയാക്കിയ അജയൻ 32 വർഷമായി കലാരംഗത്തുണ്ട്. ഭാര്യ: ഇ.ആർ.ഗിരിജമ്മ.