
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 രൂപയിൽ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. ഇന്നു വില പവന് 1,480 രൂപ കുതിച്ചുയർന്ന് 69,960 രൂപയായി. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇന്നലെ കുറിച്ച ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.
കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്; ഗ്രാമിന് 520 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കും.
ട്രംപ് തന്നെ പ്രധാന വില്ലൻ
യുഎസ്-ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ് ഡോളർ 2022നു ശേഷമുള്ള ഏറ്റവും കനത്ത മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ രാജ്യാന്തരവില കത്തിക്കയറിയതാണ് കേരളത്തിലും വില കൂടാൻ ഇടയാക്കുന്നത്. ഓഹരി, കടപ്പത്ര വിപണികൾ ഇടിയുന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്നോണം സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ.
യുഎസ് ട്രഷറിയിലെ ഭീമമായ ചൈനീസ് നിക്ഷേപം പിൻവലിക്കപ്പെടുന്ന ഭീതിയാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. ട്രഷറി ദുർബലമാകുന്നത് യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി മോശമാക്കും. രാജ്യാന്തരവില ഔൺസിന് ചരിത്രത്തിലാദ്യമായി 3,200 ഡോളർ ഭേദിച്ചു. ഒറ്റദിവസം 140 ഡോളറിനടുത്ത് ഉയർന്ന് 3,219.41 ഡോളർ എന്ന റെക്കോർഡിലെത്തി വില. രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ വില കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു-രണ്ടര രൂപ കൂടുകയാണ് ശീലം.
അതുകൊണ്ടാണ്, ഇന്നലെയും രാജ്യാന്തരവില 117 ഡോളറിനടുത്ത് ഉയർന്നപ്പോൾ കേരളത്തിൽ ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും കൂടിയത്. നിലവിലെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തരവില വൈകാതെ 3,300 ഡോളർ കടന്നേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ വില ഇനിയും കുതിച്ചുയരും.
കല്യാണ വീടുകളിൽ ചങ്കിടിപ്പ്; വ്യാപാരികൾക്കും തിരിച്ചടി
വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് വിലക്കയറ്റം കൂടുതൽ തിരിച്ചടി. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ചേരുമ്പോൾ വില കൈയിലൊതുങ്ങില്ലെന്നതാണ് ആശങ്ക. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും.
മിനിമം 5% പണിക്കൂലിയേ വ്യാപാരി ഈടാക്കുന്നുള്ളൂ എന്നിരിക്കട്ടെ. നിങ്ങൾ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 75,716 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,465 രൂപയും. ശരാശരി 10 ശതമാനമൊക്കെ പണിക്കുലിയാണ് പല വ്യാപാരികളും ഈടാക്കുന്നത് എന്നതിനാൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും.
അതേസമയം, സമീപകാലത്ത് സ്വർണവില കുറഞ്ഞുനിന്നപ്പോൾ മുൻകൂർ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയ ഉപഭോക്താക്കളെ ഈ റെക്കോർഡ് വിലക്കുതിപ്പ് ബാധിക്കില്ലെന്ന നേട്ടമുണ്ട്. അവർക്ക് ബുക്ക് ചെയ്തപ്പോഴത്തെ കുറഞ്ഞവിലയ്ക്ക് തന്നെ സ്വർണാഭരണം നേടാം. അതേസമയം, മുൻകൂർ ബുക്ക് ചെയ്തവർക്ക് കുറഞ്ഞവിലയ്ക്ക് സ്വർണാഭരണം കൊടുക്കേണ്ടി വരുന്നുവെന്നത് വ്യാപാരികൾക്ക് തിരിച്ചടിയുമാണ്. ഫലത്തിൽ നഷ്ടവിലയിൽ സ്വർണം വിൽക്കേണ്ടി വരുന്നതാണ് കാരണം.
18 കാരറ്റും വെള്ളിവിലയും
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനു (എകെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ 18 കാരറ്റിന് വില ഗ്രാമിന് 155 രൂപ കൂടി 7,245 രൂപയായി. ഇന്നലെ 255 രൂപ കൂടിയിരുന്നു. വെള്ളിക്കു വില മാറ്റമില്ല. ഗ്രാമിന് 105 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 ഗ്രാമിനു നൽകിയ വില ഗ്രാമിന് 150 രൂപ രൂപ ഉയർത്തി 7,200 രൂപയാണ്. വെള്ളി വില 105 രൂപ തന്നെ.
പൊന്നിന്റെ നാഴികക്കല്ലുകൾ
(പവൻ വില രൂപയിൽ)
∙ 1925 – 13.75
∙ 1950 – 72.75
∙ 1970 – 135.30
∙ 1985 – 1,573
∙ 1990 – 2,493
∙ 1995 – 3,432
∙ 2000 – 3,212
∙ 2010 – 12,280
∙ 2015 – 19,760
∙ 2020 – 32,000
∙ 2022 – 38,120
∙ 2023 – 44,000
∙ 2024 – 50,200
∙ 2025 ജനുവരി 22 – 60,200
∙ 2025 മാർച്ച് 14 – 65,840
∙ 2025 മാർച്ച് 18 – 66,000
∙ 2025 മാർച്ച് 31 – 67,400
∙ 2025 ഏപ്രിൽ 3 – 68,480
∙ 2025 ഏപ്രിൽ 11 – 69,960