
ലോകത്തെ ഒന്നും രണ്ടും നമ്പർ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ മോശമാകുന്നതിനിടെ, വീണ്ടും തകർന്നടിഞ്ഞ് യുഎസ് ഓഹരി വിപണി. രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് ബുധനാഴ്ച കാഴ്ചവച്ച യുഎസ് ഓഹരി സൂചികകൾ വെള്ളിയാഴ്ച കനത്ത നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു.
ഒരുവേള 2,000ലേറെ പോയിന്റ് താഴേക്കുപോയ ഡൗ ജോൺസ് ഇപ്പോഴുള്ളത് 1,014 പോയിന്റ് (-2.50%) നഷ്ടത്തിൽ. എസ് ആൻഡ് പി500 സൂചിക 3.46 ശതമാനവും നാസ്ഡാക് 4.31 ശതമാനവും ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം ഓഹരി വിപണികളിൽ കനത്ത അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ, നിക്ഷേപം പിൻവലിച്ച് തൽകാലം മാറിനിൽക്കാമെന്ന നിക്ഷേപക മനോഭാവമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. മാത്രമല്ല, താരിഫ് യുദ്ധം ഫലത്തിൽ യുഎസിനെ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴ്ത്തുമെന്ന ആശങ്കയും അതിശക്തം.
യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിലും (ട്രഷറി ബോണ്ട്) വിൽപനസമ്മർദ്ദം കനത്തതും വൻ തിരിച്ചടിയാണ്. ഒരാഴ്ചയ്ക്കിടെ ഏതാണ്ട് 29 ട്രില്യൻ ഡോളറിന്റെ ബോണ്ടു നിക്ഷേപമാണ് പിൻവലിക്കപ്പെട്ടത്. ബോണ്ട് വില കൂടിയെങ്കിലും ബോണ്ട് യീൽഡ് (കടപ്പത്രത്തിൽ നിന്ന് നിക്ഷേപകർക്ക് കിട്ടുന്ന നേട്ടം) വിപരീതദിശയിലേക്ക് നീങ്ങിയിടിഞ്ഞ് 4.27 ശതമാനത്തിലെത്തി. ബുധനാഴ്ച ഇത് 4.5 ശതമാനമായിരുന്നു. ബോണ്ടിനു വില കൂടുമ്പോൾ യീൽഡ് വിപരീതദിശയിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുക. മറിച്ച് ബോണ്ട് വില ഇടിയുമ്പോൾ യീൽഡ് കൂടുകയും ചെയ്യും.
ട്രഷറി സ്ഥിരത പുലർത്തേണ്ടത് യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും സർക്കാരിനും സാമ്പത്തികഭദ്രത നിലനിർത്താൻ അനിവാര്യമാണ്. സർക്കാരിന് വിവിധ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള പണം കണ്ടെത്തേണ്ടതും ട്രഷറിയിൽ നിന്നാണ്.
എന്താണ് തിരിച്ചടി?
∙ ഇന്ത്യ ഉൾപ്പെടെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുമേലും പകരച്ചുങ്കം നടപ്പാക്കുന്നത് ട്രംപ് ജൂലൈ 9 വരെ മരവിപ്പിച്ചു. പക്ഷേ, ചൈനയ്ക്ക് ഇളവില്ല.
∙ ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 145 ശതമാനമാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ചൈനയുടെ യുഎസിലേക്കുള്ള ഏതാണ് 80% കയറ്റുമതിയെ ഈ കനത്ത ചുങ്കം ബാധിക്കും. യുഎസിനുമേൽ ചൈന പകരം ചുമത്തിയിട്ടുള്ള ചുങ്കം 84 ശതമാനം.
∙ ചൈനയ്ക്കുമേൽ ഉപരോധനീക്കവും ഉന്നമിട്ട് യുഎസ്
∙ അലുമിനിയം, സ്റ്റീൽ, വാഹനം എന്നിവയ്ക്ക് പ്രഖ്യാപിച്ച 25% തീരുവ യുഎസ്-മെക്സിക്കോ-കാനഡ സ്വതന്ത്ര വ്യാപാരക്കരാറിനു കീഴിൽ വരില്ലെന്ന് യുഎസ്. അതായത്, ഇവയ്ക്ക് 25% ഈടാക്കും; ഇളവില്ല.
∙ എല്ലാ രാജ്യങ്ങൾക്കുമേലും 10% അടിസ്ഥാന ഇറക്കുമതി തീരുവ ചുമത്തിയത് തുടരും.
തിരിച്ചുകയറുമോ ഇന്ത്യൻ വിപണി?
പകരച്ചുങ്കത്തിൽ ട്രംപ് ഇന്ത്യക്കും ജൂലൈ 9 വരെ സാവകാശം നൽകിയിട്ടുണ്ട്. 26 ശതമാനം പകരച്ചുങ്കമാണ് ഇന്ത്യക്കുമേൽ ചുമത്തിയത്. അതേസമയം, 10% അടിസ്ഥാന തീരുവ ഈടാക്കുന്നത് യുഎസ് തുടരും. എന്നിരുന്നാലും ചൈന, കാനഡ, മെക്സിക്കോ എന്നിവയൊഴികെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും ട്രംപ് ആശ്വാസം നൽകിയെന്നത് ഇന്ത്യൻ വിപണി നേട്ടമായി കണ്ടേക്കാം.
എന്നാൽ, ഇന്ത്യക്ക് പകരച്ചുങ്കത്തിൽ ആശ്വാസം കിട്ടിയ സാഹചര്യത്തിൽ ഒരുവേള ഗിഫ്റ്റ് നിഫ്റ്റി 3% വരെ കയറി ആഘോഷമാക്കിയിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലായി. 0.92% (-213 പോയിന്റ്) താഴ്ന്നാണ് ഇപ്പോഴുള്ളത്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 5 ശതമാനവും ഓസ്ട്രേലിയൻ സൂചിക എഎസ്എക്സ്200 1.11 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. സമ്മർദം ഇന്ത്യയിലും അലയടിച്ചേക്കാം.
ഡോളർ തകർന്ന് തരിപ്പണം
2022നു ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് യുഎസ് ഡോളർ കടന്നുപോകുന്നത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100.47ലാണ് ഇപ്പോഴുള്ളത്. മൂന്നുമാസം മുമ്പ് മൂല്യം 109ന് മുകളിലായിരുന്നു. താരിഫ് യുദ്ധത്തെ തുടർന്ന് യുഎസ് ഓഹരികളും ബോണ്ടുകളും നേരിടുന്ന കനത്ത വിറ്റൊഴിയൽ സമ്മർദമാണ് ഡോളറിനെ തളർത്തുന്നത്. താരിഫ് വർധന ഡോളറിന് കരുത്താകുമെന്ന വൈറ്റ്ഹൗസിന്റെ പ്രതീക്ഷകൾ തകിടംമറിയുന്നതാണ് കാഴ്ച. ട്രംപ് വീണ്ടും അധികാരത്തിൽ വന്നശേഷം മാത്രം 7% മൂല്യത്തകർച്ച ഡോളറിനുണ്ടായി. താരിഫ് വർധന പ്രഖ്യാപിച്ചശേഷം മാത്രം ഇടിവ് 2 ശതമാനവും.
കടിഞ്ഞാണില്ലാതെ സ്വർണം
യുഎസ്-ചൈന വ്യാപാരയുദ്ധം മോശമാവുകയും ഡോളർ ഇടിയുകയും ചെയ്തതോടെ സ്വർണവില റെക്കോർഡ് തകർത്ത് കത്തിക്കയറുന്നു. രാജ്യാന്തര വില ഔൺസിന് ചരിത്രത്തിലാദ്യമായി 3,200 ഡോളറിലെത്തി. 133 ഡോളറോളം ഉയർന്ന് 3,215 ഡോളർ വരെയാണ് എത്തിയത്. ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് കൂടുക രണ്ടര രൂപവരെയാണ്.
ഇന്നും കേരളത്തിൽ ഗ്രാമിന് 200 രൂപയിലധികവും പവന് 1,800 രൂപയോളവും കൂടാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നതും. രൂപയുടെ മൂല്യവും ഇടിഞ്ഞാൽ വില വർധനയുടെ ആക്കംകൂടും. ഇന്നലെ കേരളത്തിൽ ഗ്രാമിന് ഒറ്റക്കുതിപ്പിന് 270 രൂപയും പവന് 2,160 രൂപയും കൂടിയിരുന്നു. ഇത്രയും വിലക്കയറ്റം ഒറ്റദിവസം ആദ്യവുമായിരുന്നു. നിലവിലെ ട്രെൻഡാണ് തുടരുന്നതെങ്കിൽ ഇന്നു പവൻ 70,000 രൂപ ഭേദിച്ച് ചരിത്രം കുറിക്കും.