
കൊച്ചി ∙ വ്യാപാര യുദ്ധത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു ചുമത്തിയിരിക്കുന്ന 26% തീരുവ പ്രാബല്യത്തിൽ വന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ നികുതി വരുമാനത്തിൽ 1,00,000 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നു കണക്കാക്കുന്നു.
പ്രത്യക്ഷ, പരോക്ഷ നികുതികളിലൂടെയുള്ള വരുമാനത്തിലുണ്ടാകുന്ന ഇത്ര ഭീമമായ കുറവ് ധനക്കമ്മി വർധിപ്പിക്കുന്നതിനും ഇടയാക്കും. നികുതി വരുമാനം സംബന്ധിച്ച ബജറ്റ് പ്രതീക്ഷകൾ ഫലിക്കുന്നതിനും ഇതു തടസ്സമാകും.
നികുതി വരുമാനത്തിലെ ഇടിവിനു പുറമേ, കയറ്റുമതി വരുമാനത്തിലെ കുറവ്, വ്യവസായ മേഖലകളെ നേരിടുന്ന ഉൽപാദനക്കുറവു മൂലമുള്ള നഷ്ടം, തൊഴിലവസരങ്ങളുടെ ദൗർലഭ്യം തുടങ്ങിയ പ്രശ്നങ്ങളും സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കു വെല്ലുവിളിയാകും.
ഇന്ത്യയിൽനിന്നുള്ള മൊത്തം കയറ്റുമതിയിൽ യുഎസിലേക്കുള്ളതു 2023 –’24ലെ കണക്കു പ്രകാരം 18 ശതമാനമാണ്. അതായത്, ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിന്റെ 2.25%.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കു കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത് 6,74,337 കോടി രൂപയ്ക്കുള്ള ഉൽപന്നങ്ങളാണ്.
യുഎസിൽനിന്ന് ഇറക്കുമതി ചെയ്തതിനെക്കാൾ 3,30,600 കോടി അധികമാണിത്.
വ്യവസായ മേഖലയിലെ ആഘാതം താരതമ്യേന കുറവ്
കൊച്ചി ∙ ഉയർന്ന തീരുവ മൂലം ഇന്ത്യയിലെ വ്യവസായ, വാണിജ്യ മേഖലകൾക്കുണ്ടാകുന്ന ആഘാതം താരതമ്യേന കുറവായിരിക്കുമെന്നാണു പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതം പ്രതീക്ഷിക്കുന്നില്ലെന്നാണു രാജ്യാന്തര ഏജൻസിയായ ബേൺസ്റ്റെയിന്റെ വിലയിരുത്തൽ. തിരിച്ചടിക്കാൻ തയാറാകുന്നതിനു പകരം ഒത്തുതീർപ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. അതിനാൽ പ്രത്യാഘാതം ഹ്രസ്വകാലത്തേക്കു മാത്രമാകാനാണു സാധ്യതയെന്നും ബേൺസ്റ്റെയിൻ റിപ്പോർട്ടിൽ പറയുന്നു. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (പിഎച്ച്ഡിസിസിഐ) യുടെ അനുമാനം ഇന്ത്യയുടെ ജിഡിപിയിലുണ്ടാക്കുന്ന കുറവ് 0.1% മാത്രമായിരിക്കുമെന്നാണ്.
ഇത്തരം നിരീക്ഷണങ്ങൾ ആശ്വാസകരമാണെങ്കിലും ചില വ്യവസായങ്ങൾക്കുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ അഭിപ്രായം. ഇന്ത്യയിൽനിന്നുള്ള ഔഷധങ്ങളെ തീരുവയിൽനിന്ന് ഒഴിവാക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. 1,09,392 കോടി രൂപയ്ക്കുള്ള ഔഷധങ്ങളാണ് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള പ്രതിവർഷ കയറ്റുമതി. വർധിത തോതിലുള്ള തീരുവ മൂലം ചില കമ്പനികൾ പൂട്ടിപ്പോയെന്നുപോലും വരാം. സ്വർണാഭരണ കയറ്റുമതി പകുതിയായി കുറഞ്ഞ് 13,050 കോടി രൂപയിലെത്തിയേക്കുമെന്ന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട് പ്രമോഷൻ കൗൺസിൽ ആശങ്കപ്പെടുന്നു. ഇത് ഒന്നര ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും. സ്റ്റീൽ, അലുമിനിയം വ്യവസായങ്ങൾക്കു നേരത്തേതന്നെ 25% തീരുവ ഏർപ്പെടുത്തുകയുണ്ടായി. അതിന്റെ ആഘാതത്തിലാണ് ഇപ്പോൾ ഉൽപാദകർ. വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങൾ നിർമിക്കുന്ന വ്യവസായങ്ങൾ വലിയ വില നൽകേണ്ടിവരും. അതേസമയം അരി, സമുദ്രോൽപന്നങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്കുണ്ടാകുന്ന ആഘാതം താരതമ്യേന കുറവായിരിക്കുമെന്ന് അനുമാനിക്കുന്നു.
വളർച്ചയ്ക്ക് തടസ്സമാകും
കൊച്ചി ∙ പ്രസിഡന്റ് ട്രംപിന്റെ തീരുമാനങ്ങളിലെയും പ്രഖ്യാപനങ്ങളിലെയും അസ്ഥിരതയ്ക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നൽകേണ്ടിവരുന്ന വില ചെറുതല്ലെന്നു സാമ്പത്തിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സമ്പദ്വ്യവസ്ഥയ്ക്ക് അനിശ്ചിതത്വം നേരിടേണ്ടിവരുമ്പോൾ രാജ്യത്തിന്റെ മുന്നേറ്റത്തിനു തടസ്സം നേരിടുക മാത്രമല്ല നയപരിപാടികളുടെ രൂപീകരണം നീണ്ടുപോകുകയും ചെയ്യും.
പണപ്പെരുപ്പ നിയന്ത്രണം സംബന്ധിച്ചല്ല സാമ്പത്തിക വളർച്ചയെപ്പറ്റിയാണ് ഇപ്പോൾ ഉൽക്കണ്ഠ എന്ന് ആർബിഐ ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞു. സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം തുടർന്നാൽ ഗാർഹിക സമ്പാദ്യം വിപണികളിലേക്ക് എത്താതാകും. ജനങ്ങൾ ഉപഭോഗ തീരുമാനം മാറ്റിവയ്ക്കുമെന്നതുകൊണ്ടാണിത്. അതിന്റെ ഫലമായി ഉൽപാദനം കുറയും.
ഉൽപാദനം കുറയുന്നതാകട്ടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കും. തൊഴിലവസരങ്ങൾ കുറയുന്നത് വീണ്ടും ഉൽപാദനക്കുറവിലേക്കാണു നയിക്കുക.
ഓഹരി വിപണിയിലും നിരാശ
കൊച്ചി ∙ വായ്പ നിരക്കിൽ റിസർവ് ബാങ്ക് ഇളവു പ്രഖ്യാപിച്ച ദിവസം ഓഹരി വിപണി മുന്നേറേണ്ടതായിരുന്നെങ്കിലും മറിച്ചാണു സംഭവിച്ചത്. സെൻസെക്സ് 379.93 പോയിന്റ് നഷ്ടത്തോടെ 73,847.15 നിലവാരത്തിലേക്കു താഴ്ന്നു. നിഫ്റ്റി 136.70 പോയിന്റ് നഷ്ടപ്പെട്ട് 22,399.15 നിലവാരത്തിലാണ് അവസാനിച്ചത്. വിപണിക്കു തുടർച്ചയായ മുന്നേറ്റം സാധ്യമാകണമെങ്കിൽ ഇന്ത്യ – യുഎസ് വ്യാപാര കരാർ നിലവിൽവരണം.
പ്രതികരിക്കാതെ കേന്ദ്രസർക്കാർ
ന്യൂഡൽഹി∙ ഇന്ത്യയ്ക്കു മേൽ യുഎസിന്റെ 26% ‘പകരം തീരുവ’ പ്രാബല്യത്തിലായിട്ടും പ്രതികരിക്കാതെ കേന്ദ്രസർക്കാർ. വിവിധ വാർത്താസമ്മേളനങ്ങളിൽ ഇതെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കേന്ദ്രമന്ത്രിമാർ ഒഴിഞ്ഞുമാറുകയാണ്. ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിച്ചുള്ള വാർത്താസമ്മേളനത്തിലും ഇതു സംബന്ധിച്ച ചോദ്യങ്ങൾ പാടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന പ്രസ്താവന മാത്രമാണ് കേന്ദ്ര വാണിജ്യമന്ത്രാലയം ഇതുവരെ നടത്തിയിരിക്കുന്നത്. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാറിനുള്ള ചർച്ച പുരോഗമിക്കുകയാണെന്ന സ്ഥിരം മറുപടിയുമുണ്ട്.