
ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയം (ഇവി പോളിസി 2.0) കൊണ്ടുവരാൻ തയ്യാറെടുക്കുന്നു. ഈ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ഫോസിൽ ഇന്ധനങ്ങൾ (പെട്രോൾ-ഡീസൽ, സിഎൻജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരോധിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. സിഎൻജിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ പുതിയ നയം ശുപാർശ ചെയ്യുന്നു. കൂടാതെ സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പുതിയതും കർശനവുമായ നിയമങ്ങൾ കൊണ്ടുവരുന്നു.
ദില്ലി സർക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയം (ഇലക്ട്രിക് വെഹിക്കിൾസ് പോളിസി 2.0) പ്രകാരം ഓഗസ്റ്റ് 15 മുതൽ ഡൽഹിയിൽ സിഎൻജി ഓട്ടോ റിക്ഷകൾ രജിസ്റ്റർ ചെയ്യില്ല. പത്ത് വർഷത്തിലധികം പഴക്കമുള്ള എല്ലാ സിഎൻജി ഓട്ടോറിക്ഷകളും വൈദ്യുതിയിലേക്ക് മാറ്റേണ്ടിവരും. അതായത് ഇനി മുതൽ അത്തരം പഴയ ഓട്ടോകളിൽ ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ഉള്ള ഒരു ഇവി കൺവേർഷൻ കിറ്റ് ഘടിപ്പിക്കേണ്ടിവരും. കൂടാതെ, ചരക്ക് വാഹകരായി ഉപയോഗിക്കുന്ന സിഎൻജി മുച്ചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ല.
ഈ കരട് നത്തിൽ 2026 ഓഗസ്റ്റ് മുതൽ വൈദ്യുത ഇതര ഇരുചക്ര വാഹനങ്ങളുടെ (സ്കൂട്ടറുകൾ-ബൈക്കുകൾ) രജിസ്ട്രേഷനും നിരോധിക്കുമെന്ന് പ്രഖ്യാപിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അതായത് അടുത്ത വർഷം ഓഗസ്റ്റ് മുതൽ പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്യില്ല എന്നാണ്. ഡൽഹി ഗതാഗത വകുപ്പ് ഈ നയത്തിന് തത്വത്തിൽ അംഗീകാരം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. അന്തിമ അംഗീകാരത്തിനായി ഇനി മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കും.
ഈ നയത്തിന്റെ കരടിൽ സ്വകാര്യ കാർ ഉടമകൾക്കായി നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഡൽഹിയിലെ ഭൂരിഭാഗം ആളുകൾക്കും ഒന്നിലധികം ഫോർ വീലറുകൾ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, മലിനീകരണം കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ നിയമം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഡൽഹിയിലെ ഓരോ വീട്ടിലും വാങ്ങുന്ന മൂന്നാമത്തെ സ്വകാര്യ കാർ ഇലക്ട്രിക് വാഹനമായിരിക്കണം എന്ന് കരടുനിയമം പറയുന്നു. അതായത്, രണ്ട് കാറുകളുള്ളവർക്ക് മൂന്നാമതൊരു കാർ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഒരു ഇലക്ട്രിക് കാർ മാത്രമേ വാങ്ങാൻ പാടുള്ളൂ.
2027 ആകുമ്പോഴേക്കും ഡൽഹിയിൽ രജിസ്റ്റർ ചെയ്യുന്ന പുതിയ വാഹനങ്ങളിൽ 95 ശതമാനവും ഇലക്ട്രിക് ആയിരിക്കുമെന്നും 2030 ആകുമ്പോഴേക്കും ഇത് 98 ശതമാനമായി ഉയർത്തുമെന്നും ഉറപ്പാക്കുക എന്നതാണ് പുതിയ ഇവി നയത്തിന്റെ പ്രധാന ലക്ഷ്യം. 2024 ആകുമ്പോഴേക്കും 25 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു മുൻ നയത്തിന്റെ ലക്ഷ്യം. എന്നാൽ അത് 13 മുതൽ 14 ശതമാനം വരെ മാത്രമേ കൈവരിക്കാൻ കഴിഞ്ഞുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കർശനമായ നിയമങ്ങൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുകയാണ്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി ജൽ ബോർഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ എല്ലാ മാലിന്യ ശേഖരണ വാഹനങ്ങളും ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റണമെന്നും 2027 ഡിസംബർ 31-നകം 100 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ കൈവരിക്കണമെന്നും ഡൽഹി ഇവി നയം 2.0 കരട് നിർദ്ദേശിക്കുന്നു.
ഡിആർസിയും ഡിഐഎംടിഎസും നടത്തുന്ന പൊതുഗതാഗത ബസുകൾ ഇലക്ട്രിക് ബസുകളാക്കി മാറ്റണമെന്നും പോളിസി ശുപാർശ ചെയ്യുന്നു. ഡിടിസിയും ഡിഐഎംടിഎസും നഗരത്തിനുള്ളിൽ ഓടുന്ന പ്രവർത്തനങ്ങൾക്ക് ഇലക്ട്രിക് ബസുകളും അന്തർസംസ്ഥാന സർവീസുകൾക്ക് ബിഎസ് 6 നിലവാരത്തിലുള്ള ബസുകളും മാത്രമേ വാങ്ങൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]