
67 മണിക്കൂർ കാത്തിരിപ്പ്; വിഴുങ്ങിയ മാല ഒടുവിൽ മോഷ്ടാവിന്റെ വയറ്റിൽ നിന്നും പുറത്തെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റിലഞ്ചേരി∙ ഒടുവിൽ 67 മണിക്കൂറിനു ശേഷം മോഷ്ടാവിന്റെ വയറ്റിൽ നിന്നും, വിഴുങ്ങിയ മാല പുറത്തെത്തി. മാല പുറത്തെത്താനായി ജില്ലാ ആശുപത്രിയിൽ കാവൽ നിന്ന പൊലീസുകാർക്കും ഇതോടെ ആശ്വാസമായി. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റിൽ നിന്ന് ചിറ്റൂർ പട്ടഞ്ചേരി വിനോദിന്റെ മകൾ നക്ഷത്രയുടെ (3) മാല പുറത്തെത്തിയത്. ഇന്നലെ ഉച്ചവരെ ഇയാൾ പൊലീസുമായി സഹകരിച്ചിരുന്നില്ല. 2 ദിവസവും ആവശ്യത്തിന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഇയാൾ തയാറായില്ല. ഇത് പൊലീസുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
ഇന്നലെ എൻഡോസ്കോപ്പി ചെയ്യാനും തീരുമാനിച്ചിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ അവസാനവട്ട ശ്രമമെന്ന നിലയിൽ ഇയാളോട് മാല വയറ്റിൽ കിടന്നാലുള്ള ദോഷങ്ങളെ കുറിച്ച് വിശദീകരിച്ചു. മാല പുറത്തെടുക്കാനായി ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്നും അറിയിച്ചു. ഇതോടെയാണ് ഇയാൾ പൊലീസുമായി സഹകരിച്ചത്. പിന്നീട് പൊലീസ് നൽകിയ ഭക്ഷണവും ധാരാളം വെള്ളവും കുടിച്ചു. ഇതോടെയാണ് വൈകിട്ടോടെ മാല പുറത്തെത്തിയത്. തുടർന്ന് പൊലീസെത്തി ഡോക്ടറുടെ പക്കൽ നിന്ന് മാല കൈപ്പറ്റി.
തൊണ്ടിമുതലും പ്രതിയുമായി പൊലീസ് ആലത്തൂരിലേക്കു മടങ്ങി. കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തതായി സിഐ ടി.എൻ.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കുട്ടിയുടെ പിതാവ് വിനോദെത്തി മാല തങ്ങളുടേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. 6ന് രാത്രി 9 ന് മേലാർകോട് വേലയ്ക്കിടെയാണ് പൊലീസിനെ വട്ടം കറക്കിയ സംഭവങ്ങൾക്കു തുടക്കമായത്.
വേല കാണാനെത്തിയ നക്ഷത്രയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവനോളം വരുന്ന മാല വേലപ്പറമ്പിൽ നിന്ന് മുത്തപ്പൻ പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതുകണ്ട് മുത്തശ്ശി ബഹളം വച്ചതോടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി. നാട്ടുകാർ പരിശോധന നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മാല ഇയാളിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കാതായതോടെ മാല വിഴുങ്ങിയതായി സംശയമുയർന്നു.
പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച് എക്സ് റേ എടുത്തു. ഇതിൽ മാല വയറ്റിൽ ഉള്ളതായി കണ്ടെത്തി. അതോടെ തൊണ്ടിമുതലായ മാല പുറത്തെടുക്കാനായി ശ്രമം തുടങ്ങി. എന്നാൽ ഇയാളുടെ നിസ്സഹരണമായിരുന്നു ഇതുവരെ പൊലീസിനെ കുഴക്കിയിരുന്നത്.