
നാട് ഒന്നാകെ സങ്കടക്കടലായി ഒഴുകിയെത്തി, അവസാനമായി ഒരുനോക്കു കാണാൻ; സങ്കടത്തിലും സല്യൂട്ട്, പ്രിയ വിശ്വജിത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുശ്ശേരി ∙ ആ നാട് ഒന്നാകെ ഇന്നലെ സങ്കടക്കടലായി ഒഴുകിയെത്തി, വിശ്വജിത്തിനെ അവസാനമായി ഒരുനോക്കു കാണാൻ. കരഞ്ഞു തളർന്ന ആ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കാൻ പോലുമാവാതെ പലരും പൊട്ടിക്കരഞ്ഞു. നാടിന്റെ പ്രിയങ്കരനായ പുതുശ്ശേരി കളരിപ്പറമ്പ് വിശ്വജിത്തിനു (ജിത്തു) നാട് വിടനൽകിയപ്പോൾ ഓർമകൾ ബാക്കിയായി.
അമ്മവീടായ മംഗലം പഴയ ലക്കിടിയിൽ വിരുന്നിനു പോയ വിശ്വജിത്ത് ഗായത്രിപ്പുഴയിലെ ചീരക്കുഴി റഗുലേറ്ററിനു താഴെ കുളിക്കാനിറങ്ങുന്നതിനിടെ മുങ്ങിത്താഴ്ന്ന 2 കൂട്ടുകാരെ രക്ഷിച്ചാണു മരണത്തിനു കീഴടങ്ങിയത്. ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടു മൂന്നോടെയാണു മൃതദേഹം പുതുശ്ശേരിയിലെ വീട്ടിലെത്തിച്ചത്.
അവസാനമായി കാണാനെത്തിയ പിഎംജി സ്കൂളിലെ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. അരമണിക്കൂർ പൊതുദർശനത്തിനു ശേഷം മംഗലം പഴയ ലക്കിടിയിലെത്തിച്ചു. ഇവിടെ അമ്മ ജയശ്രീയും അച്ഛൻ മനോജും ചേർന്നു നിർമിച്ച വീടിനു സമീപത്തായിരുന്നു സംസ്കാരം.ചൊവ്വാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം റഗുലേറ്ററിനു താഴെ കുളിക്കുമ്പോൾ കൂടെയുണ്ടായിരുന്ന കാജാഹുസൈൻ, അബു സഹദ് എന്നിവർ ഒഴുക്കിൽപെട്ടു.
ഇവരെ രക്ഷിച്ചു പാറയ്ക്കു സമീപം സുരക്ഷിതമായി എത്തിച്ചെങ്കിലും വിശ്വജിത്ത് ഒഴുക്കിൽപെടുകയായിരുന്നു. എ.പ്രഭാകരൻ എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ലോക്കൽ സെക്രട്ടറി സി.പ്രശാന്ത് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.