
പോക്സോ കേസുകൾ അന്വേഷിക്കാൻ പൊലീസിൽ 304 പുതിയ തസ്തികകൾ; കരട് മദ്യനയത്തിനും അംഗീകാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിന് 304 തസ്തികകള്‍ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു. ഡിവൈഎസ്പി – 4, എസ്ഐ – 40, എഎസ്ഐ – 40, എസ്സിപിഒ – 120, സിപിഒ – 100 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക. 2025-26 വര്‍ഷത്തെ കരട് മദ്യനയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ.
കെല്‍ട്രോണിലെ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം 2017 ഏപ്രില്‍ ഒന്ന് മുതൽ പ്രാബല്യത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ജില്ലകളിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ ഫ്ലാറ്റുകള്‍ വിനിയോഗിക്കുന്നതിന് കലക്ടർമാർക്ക് അനുമതി നൽകും. പഞ്ചായത്തിൽ രണ്ട് ഏക്കർ, മുനിസിപ്പാലിറ്റിയിൽ ഒരു ഏക്കർ, കോർപറേഷനിൽ 50 സെന്റ് എന്ന പരിധിക്കുള്ളിൽ, വകുപ്പുകളുടെ നിരാക്ഷേപപത്രം കൂടാതെ തന്നെ ഭൂമി ഏറ്റെടുക്കും. കേരള സംസ്ഥാന ബവ്റിജസ് കോർപറേഷനില്‍ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ പരിഷ്കരിക്കുകയും പുതിയ ഗ്രേഡുകള്‍ അനുവദിക്കുകയും ചെയ്യും.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് അനൗദ്യോഗിക അംഗമായി തിരുവല്ല സ്വദേശി ഡോ. വർഗീസ് ജോർജിനെ നിയമിക്കും. പാലക്കാട് ജില്ലയിൽ കൊച്ചി – ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനകം ഏറ്റെടുത്ത 1450 ഏക്കർ ഭൂമിയിൽ ആദ്യ ഘട്ടത്തിൽ 104.5 കോടി രൂപ ഫണ്ടായി അനുവദിച്ച വകയിൽ പ്രത്യേക ഉദ്ദേശ്യ പദ്ധതിക്ക് കൈമാറിയ 110 ഏക്കർ ഭൂമി കിഴിച്ച് ബാക്കി വരുന്ന 1340 ഏക്കർ ഭൂമി കിൻഫ്രയുടെ പേരിൽ മാറ്റി നൽകും.