
ഓഹരിവിപണി മുതല്‍ പച്ചക്കറിക്കൃഷിയും എഐയിൽ; നിര്‍മിതബുദ്ധി നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
രാജ്യത്താദ്യമായി നിര്‍മിതബുദ്ധി (എഐ) നയം രൂപീകരിക്കുന്ന സംസ്ഥാനമാകാൻ കേരളം. ഡിസംബറിൽ സംഘടിപ്പിച്ച ജനറേറ്റീവ് എഐ കോൺക്ലേവിലാണ് നിർമിത ബുദ്ധിനയം രൂപീകരണ ആശയമുണ്ടായത്. ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരടുനയം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ഒരുമാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുമെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്ക് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നത് കിഫ്ബിയുടെ സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ ലോകത്തു തന്നെ ആദ്യമായി ജനറേറ്റീവ് എഐ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണെന്നും മന്ത്രി പറഞ്ഞു. ഓഹരിവിപണി മുതല്‍ പച്ചക്കറിക്കൃഷി വരെ ഇന്ന് നിര്‍മിതബുദ്ധിയുടെ സഹായം തേടുന്നു. കൂടുതല്‍ മേഖലകളിലേക്ക് എഐ എത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍മിതബുദ്ധി നയം രൂപീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എഐയില്‍ കേരളത്തിന്റേത് മികച്ച തുടക്കമാണ്. പുതിയ കമ്പനികളും സംസ്ഥാനത്തേക്ക് വരുന്നു. മികച്ച അടിസ്ഥാനസൗകര്യവും കേരളം ഒരുക്കുന്നുണ്ട്. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്സിറ്റി എഐക്കു പുറമേ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളായ റോബോട്ടിക്സ് ബിഗ്ഡേറ്റ അനാലിസിസ്, മെഷീൻ ലേണിങ് തുടങ്ങിയവയ്ക്കായി കിഫ്ബിയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നു. പഠനത്തോടൊപ്പം തൊഴിലുമെടുക്കാവുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളിൽ ഉടൻ ആദ്യ അലോട്മെന്റിനു തയാറെടുക്കുകയാണ് വ്യവസായ വകുപ്പെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിന് കിഫ്ബി വഴി സ്ഥലമേറ്റടുക്കലിന് ഫണ്ട് അനുവദിച്ചു. സീപോർട്ട്, എയർപോർട്ട് റോഡുവികസനം, കൊച്ചി കാൻസർ സെന്റർ, മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ വിവിധ പദ്ധതികൾക്കും കിഫ്ബി ഫണ്ട് സഹായകരമായി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾ, എയർപോർട്ട് വികസനം, അവയുടെ പശ്ചാത്തല സൗകര്യവികസനം എന്നിവയിലും കിഫ്ബി നിർണായക പങ്കുവഹിച്ചു. ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിനു കൂടി കിഫ്ബിക്ക് എത്ര സഹായിക്കാൻ കഴിയും എന്നു ചർച്ച ചെയ്യുകയാണെന്നും പി. രാജീവ് പറഞ്ഞു.
ലോജിസ്റ്റിക്സ് പോളിസി നേരത്തെ സംസ്ഥാനം അംഗീകരിച്ചിരുന്നു. ഇൻവെസ്റ്റ് സമ്മിറ്റിൽ ഏറ്റവും കൂടുതൽ നിക്ഷേപ സാധ്യത വന്ന ഒരു മേഖലയാണ് ലോജിസ്റ്റിക്സ് പാർക്ക്. ലോകത്തെ പ്രധാന ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ കേരളത്തിൽ വൈകാതെ പ്രവർത്തനം ആരംഭിക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റിതീർക്കുന്നതിൽ വ്യവസായ മേഖലയെ ഉൾപ്പെടെ ശക്തിപ്പെടുത്താനും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും കിഫ്ബിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Kerala to become the first Indian state with an official AI policy
mo-politics-leaders-p-rajeev mo-business-business-news 1plaslnouv3ud8ji5f9nqoog52 7q27nanmp7mo3bduka3suu4a45-list mo-business-kiifb 1uemq3i66k2uvc4appn4gpuaa8-list